ന്യൂയോർക്ക്: ലോകകപ്പ് മത്സരത്തിൽ സസ്പെൻഷൻ നേരിട്ട യു.എസ് സ്ട്രൈക്കർ ഫോലാരിൻ ബാലോഗന്റെ 'റെഡ് കാർഡ്' നടപടി റദ്ദാക്കാൻ പ്രസിഡന്റ് ഡോണൾഡ് ട്രംപ് ഇടപെടുകയും ഫിഫ സസ്പെൻഷൻ പിൻവലിക്കുകയും ചെയ്ത നടപടി വിവാദത്തിൽ. പ്രീ ക്വാര്‍ട്ടറില്‍ ബെല്‍ജിയത്തെ നേരിടാനിരിക്കെയാണ് താരത്തിന്റെ സസ്‌പെന്‍ഷന്‍ നീക്കിയത്. ഇതിനെതിരേ ബെൽജിയം ശക്തമായ പ്രതിഷേധവുമായി രംഗത്തെത്തി.
ബലോഗന്റെ ചുവപ്പ് കാര്‍ഡ് വിലക്ക് പുനഃപരിശോധിക്കാന്‍ ട്രംപ് ഫിഫ അധ്യക്ഷനോട് ആവശ്യപ്പെട്ടതാണ് വിവാദത്തിനിടയാക്കിയിരിക്കുന്നത്. ജൂലൈ ഒന്നിന് ബോസ്‌നിയ-ഹെര്‍സഗോവിനയ്ക്കെതിരായ ലോകകപ്പ് മത്സരത്തിന്റെ രണ്ടാം പകുതിയില്‍ എതിര്‍ ടീമിലെ താരത്തിനെ ഫൗള്‍ ചെയ്തതിനെ തുടര്‍ന്നാണ് ബലോഗന് ചുവപ്പ് കാര്‍ഡ് ലഭിച്ചത്. ഇതോടെ അദ്ദേഹം മത്സരത്തില്‍ നിന്ന് പുറത്താകുകയും അടുത്ത മത്സരത്തില്‍ സ്വമേധയാ വിലക്ക് നേരിടുകയും ചെയ്തു. റഫറിയുടെ തീരുമാനം അന്തിമമാണെന്നും അത് റദ്ദാക്കാനോ അപ്പീല്‍ ചെയ്യാനോ സാധിക്കില്ലെന്നും അന്ന് ഫിഫ വ്യക്തമാക്കിയിരുന്നു. എന്നാൽ, ട്രംപ് ബലോഗന് നല്കിയ ചുവപ്പ് കാര്‍ഡ് വിലക്ക് പുനഃപരിശോധിക്കണമെന്ന് ആവശ്യപ്പെട്ട് ഫിഫ പ്രസിഡന്റ് ജിയാനി ഇന്‍ഫാന്റിനോയെ നേരിട്ട് വിളിച്ചതോടെ തീരുമാനം പിൻവലിക്കുകയായിരുന്നു.
24 മണിക്കൂറിനിടെ വൈറ്റ് ഹൗസിൽ നടന്നത് നിർണായക നീക്കങ്ങൾ
20 വർഷത്തിനിടയിൽ ആദ്യമായാണ് ലോകകപ്പ് നോക്കൗട്ട് മത്സരത്തിൽ യു.എസ് വിജയം നേടിയത്. ഇതേത്തുടർന്ന് വൈറ്റ് ഹൗസിൽ ആഘോഷത്തിന് തയ്യാറെടുക്കവേയാണ് അമേരിക്കയുടെ ടോപ്പ് സ്കോററായ സ്ട്രൈക്കർ ഫോലാരിൻ ബാലോഗന് കാലിഫോർണിയയിലെ സാന്താ ക്ലാരയിൽ നടന്ന മത്സരത്തിൽ വിവാദപരമായ റെഡ് കാർഡ് ലഭിച്ചത്. ഇതോടെ ട്രംപ് ഭരണകൂടത്തിലെ ഉന്നത ഉദ്യോഗസ്ഥർ ലോകകപ്പിന്റെ 96 വർഷത്തെ ചരിത്രത്തിലെ തന്നെ ഏറ്റവും അസാധാരണവുമായ പദ്ധതിയാണ് ആസൂത്രണം ചെയ്തത്.
കളിക്കളത്തിലെ തീരുമാനങ്ങളിൽ അന്തിമ അധികാരം തങ്ങൾക്കാണെന്ന് ഉറച്ചു വിശ്വസിക്കുന്ന ഫുട്ബോളിന്റെ ആഗോള ഭരണസമിതിയുടെ നിലപാടും രാഷ്ട്രീയ ഇടപെടലുകൾക്ക് കടുത്ത ശിക്ഷാ നടപടികൾ സ്വീകരിക്കുന്ന അവരുടെ പതിവുകളോ കണക്കിലെടുക്കാതെയാണ് വൈറ്റ് ഹൗസ് അധികൃതർ ഇടപെട്ടതെന്ന് റിപ്പോർട്ടുകൾ ചൂണ്ടിക്കാട്ടുന്നു. ഒരു റഫറിയുടെ തീരുമാനത്തെ ഭരണകൂടത്തിന്റെ വിഷയമാക്കി മാറ്റിക്കൊണ്ടാണ് ഫുട്ബോൾ മത്സരത്തിലെ വിധി തിരുത്താൻ വൈറ്റ് ഹൗസ് നേരിട്ട് രംഗത്തിറങ്ങിയത്. ട്രംപ് ഒരിക്കൽ "ഫുട്ബോളിന്റെ രാജാവ്" എന്ന് വിശേഷിപ്പിച്ച ഫിഫ പ്രസിഡന്റ് ജിയാനി ഇൻഫാന്റിനോയിൽ തങ്ങൾക്ക് സഹകരിക്കുന്ന ഒരു പങ്കാളിയെ ലഭിക്കുമെന്ന് ഉദ്യോഗസ്ഥർക്ക് ഉറപ്പുണ്ടായിരുന്നു.
കൊമേഴ്‌സ് സെക്രട്ടറി ഹോവാർഡ് ലുട്നിക്കും വൈറ്റ് ഹൗസിന്റെ ലോകകപ്പ് ടാസ്‌ക് ഫോഴ്‌സ് എക്‌സിക്യൂട്ടീവ് ഡയറക്ടറും റൂഡി ജിയുലിയാനിയുടെ മകനുമായ ആൻഡ്രൂ ജിയുലിയാനിയും ഭരണതലത്തിലുള്ള ഇടപെടൽ എന്ന രീതിയിലാണ് വിഷയം കൈകാര്യം ചെയ്തതെന്ന് റിപ്പോർട്ടുകൾ ചൂണ്ടിക്കാട്ടുന്നു. ലുട്‌നിക്കിനും ജിയുലിയാനിക്കും ട്രംപുമായി ഈ വിഷയത്തിൽ നിരവധി തവണ ഫോണിൽ സംസാരിച്ചതായി ഉദ്യോഗസ്ഥർ വെളിപ്പെടുത്തുന്നു. സസ്‌പെൻഷൻ അർഹിക്കാത്തതാണെന്ന് മാത്രമല്ല, ക്വാർട്ടർ ഫൈനൽ പ്രവേശനത്തിന് ഇന്ന് സിയാറ്റിലിൽ ബെൽജിയത്തിനെതിരെ അമേരിക്കൻ ടീം മത്സരിക്കാനിരിക്കെ, അവരുടെ വിജയസാധ്യതയെ ഇല്ലാതാക്കുമെന്നും ഇവർ വാദിച്ചു.
ലോകകപ്പ് അമേരിക്കയിലെത്തിക്കുന്നതിൽ നിർണായക പങ്ക് വഹിക്കുകയും അതിന്റെ വിജയം വ്യക്തിപരമായ അഭിമാനമായി കാണുകയും ചെയ്യുന്ന ട്രംപിന്, ഈ പുറത്താക്കൽ നടപടി ടൂർണമെന്റിന് കളങ്കമുണ്ടാക്കുന്നത് ഇഷ്ടമായിരുന്നില്ല. അതിനാൽ, സസ്‌പെൻഷൻ പിൻവലിക്കാനുള്ള വഴി കണ്ടെത്താൻ പ്രസിഡന്റ് തന്റെ ടീമിനോട് നിർദ്ദേശിച്ചു. സസ്‌പെൻഷനെതിരെ നിയമനടപടി സ്വീകരിക്കുന്നതിനായി ട്രംപിനോട് അടുപ്പമുള്ള പ്രമുഖ അഭിഭാഷകരെ ലുട്‌നിക്കിന്റെയും ജിയുലിയാനിയുടെയും നേതൃത്വത്തിലുള്ള സംഘം സമീപിച്ചു. എതിരാളിയുടെ കണങ്കാലിൽ ബലോഗൻ ചവിട്ടിയത് റെഡ് കാർഡ് ലഭിക്കാവുന്ന കുറ്റമാണോ എന്ന് തീരുമാനിക്കാൻ ഫിഫ ഉപയോഗിച്ച 'സ്ലോ-മോഷൻ റീപ്ലേ' രീതിയെ ചോദ്യം ചെയ്യുന്നതിനെക്കുറിച്ച് അവർ ചർച്ച ചെയ്തു.
തങ്ങളുടെ പദ്ധതിയെക്കുറിച്ച് യു.എസ് സോക്കർ അധികൃതരെ അറിയിക്കാൻ ട്രംപിന്റെ ഉദ്യോഗസ്ഥർക്ക് അധികസമയം വേണ്ടിവന്നില്ല. മത്സരത്തിന് ശേഷമുള്ള 24 മണിക്കൂറിനുള്ളിൽ, തീരുമാനത്തിനെതിരെ അപ്പീൽ നൽകാൻ മാർഗമില്ലെന്നും (കൂടാതെ ടീമിൽ ബലോഗന് പകരം ഇറക്കാൻ പറ്റിയ മറ്റൊരു കളിക്കാരനില്ലെന്നും) യു.എസ് സോക്കർ ആശങ്ക പ്രകടിപ്പിച്ചപ്പോൾ, കാര്യങ്ങൾ ശരിയാക്കാൻ കഴിയുമെന്ന് തനിക്ക് ഉറപ്പുള്ള ഒരേയൊരാളെ ട്രംപ് ഫോണിൽ ബന്ധപ്പെടുകയായിരുന്നു.
2016 മുതൽ ഫിഫ ഭരണസമിതിയെ നയിക്കുന്ന ഇൻഫാന്റിനോ, അത്രയും കാലമായി ട്രംപുമായി അടുത്ത ബന്ധം പുലർത്തുന്ന വ്യക്തിയാണ്. വൈറ്റ് ഹൗസിലെ ഓവൽ ഓഫീസിൽ സ്ഥിരമായി സന്ദർശകനായിരുന്ന അദ്ദേഹം, മിയാമിയിലെ യു.എഫ്.സി പോരാട്ടം മുതൽ ഈജിപ്തിലെ ഗാസ സമാധാന ഉച്ചകോടി വരെയുള്ള പരിപാടികളിൽ ട്രംപിനൊപ്പം പ്രത്യക്ഷപ്പെട്ടിട്ടുണ്ട്. ഇരുവരും തമ്മിൽ സംസാരിച്ചപ്പോൾ, ബലോഗനെതിരായ തീരുമാനത്തിൽ പുനഃപരിശോധന നടത്താൻ ട്രംപ് ഇൻഫാന്റിനോയോട് ആവശ്യപ്പെട്ടു. കാര്യം പരിശോധിക്കാമെന്ന് ഫിഫ പ്രസിഡന്റ് സമ്മതിച്ചെങ്കിലും, തീരുമാനം റദ്ദാക്കാമെന്ന് ഉറപ്പുനൽകിയിരുന്നില്ലെന്ന് വിവരമറിഞ്ഞവരിൽ ഒരാൾ വെളിപ്പെടുത്തി.
ദിവസങ്ങൾക്ക് ശേഷം ട്രംപും ഇൻഫാന്റിനോയും വീണ്ടും സംസാരിച്ചപ്പോഴേക്കും, സസ്പെൻഷൻ പിൻവലിക്കുകയാണെന്ന് അറിയിക്കാൻ ഇൻഫാന്റിനോ തയ്യാറായിരുന്നില്ല. ഉപരോധങ്ങൾ അല്ലെങ്കിൽ ശിക്ഷാ നടപടികൾ അവലോകനം ചെയ്യുമ്പോൾ സ്വന്തം വിവേചനാധികാരം പ്രയോഗിക്കാൻ അച്ചടക്ക സമിതിയെ അനുവദിക്കുന്ന 'ആർട്ടിക്കിൾ 27' എന്ന ചട്ടം ഫിഫ ഉപയോഗിക്കുകയായിരുന്നു. ഇതേത്തുടർന്ന്, "ശരിയായ കാര്യം ചെയ്തതിനും വലിയൊരു അനീതി തിരുത്തിയതിനും ഫിഫയ്ക്ക് നന്ദി!" എന്ന് ട്രംപ് ഞായറാഴ്ച ഉച്ചകഴിഞ്ഞ് സോഷ്യൽ മീഡിയയിൽ കുറിച്ചു.
എന്നാൽ ട്രംപിന്റെയും ഫിഫയുടെയും നടപടികളെ അതിരൂക്ഷമായാണ് ബെൽജിയം അടക്കമുള്ള ഫുട്ബോൾ അസോസിയേഷനുകൾ വിമർശിക്കുന്നത്. ഒരു രാഷ്ട്രത്തലവൻ തന്റെ സ്വാധീനം ഉപയോഗിച്ച് ഫിഫയുടെ തീരുമാനത്തെ സ്വാധീനിച്ചുവെന്നും, അതുവഴി ലോകകപ്പിന്റെ വിശ്വാസ്യത എന്നെന്നേക്കുമായി കളങ്കപ്പെടുത്തിയെന്നും ഫുട്ബോൾ ആരാധകർ വിമർശിക്കുന്നു. എന്നാൽ, ഇക്കാര്യത്തിൽ പ്രതികരിക്കാൻ ഫിഫയും വൈറ്റ് ഹൗസും തയ്യാറായിട്ടില്ല. തങ്ങളുടെ അച്ചടക്ക സമിതി ഒരു സ്വതന്ത്ര സംവിധാനമാണെന്ന് ഫിഫ ആവർത്തിക്കുകയും ചെയ്തു.
തീരുമാനം മാറ്റിയതിൽ "അതിശയം" രേഖപ്പെടുത്തിയ ബെൽജിയം ഫുട്ബോൾ ഫെഡറേഷൻ, തുടർനടപടികൾ ആലോചിക്കുകയാണെന്ന് അറിയിച്ചു. ജൂലൈ മാസത്തിൽ നടന്ന ഒരു 'ഏപ്രിൽ ഫൂൾ' തമാശയാണോ ഇതെന്നായിരുന്നു ടീം പരിശീലകൻ റൂഡി ഗാർസിയ സംശയം പ്രകടിപ്പിച്ചത്. "ലോകകപ്പിന് ദോഷം വരുത്തുന്ന വളരെ മോശമായ തീരുമാനമാണിത്" എന്ന് നോർവേ പരിശീലകൻ സ്റ്റാലെ സോൾബാക്കൻ വിമർശിച്ചു. "അമേരിക്കയെക്കുറിച്ചും എനിക്ക് വിഷമമുണ്ട്," സോൾബാക്കൻ പറഞ്ഞു, "കാരണം അവർ വിജയിച്ചാൽ പോലും, ആ വിജയത്തിന് മേൽ എപ്പോഴും ഒരു സംശയത്തിന്റെ നിഴൽ നിലനിൽക്കും."
ഫിഫ നടപടിയിൽ വൻ വിവാദം: ബലോഗന്റെ ചുവപ്പ്കാര്‍ഡ് ഫിഫ പിന്‍വലിച്ചത് ട്രംപിന്റെ നിർദേശത്തിൽ; ട്രംപും ഇന്‍ഫാന്റിനോയും തമ്മിൽ അടുത്ത ബന്ധം
