രഞ്ജി ഫൈനല്‍ ആദ്യ ദിനം വിദര്‍ഭ ശക്തമായ നിലയില്‍

രഞ്ജി ഫൈനല്‍ ആദ്യ ദിനം വിദര്‍ഭ ശക്തമായ നിലയില്‍


നാഗ്പൂര്‍: രഞ്ജി ട്രോഫി ക്രിക്കറ്റ് ടൂര്‍ണമെന്റിന്റെ ഫൈനലില്‍ കേരളത്തിനെതിരെ വിദര്‍ഭ ശക്തമായ നിലയില്‍. ആദ്യ ദിവസം മത്സരം അവസാനിക്കുമ്പോള്‍ നാല് വിക്കറ്റ് നഷ്ടത്തില്‍ 254 റണ്‍സ് എന്ന നിലയിലാണ് ആതിഥേയര്‍.

24 റണ്‍സെടുക്കുന്നതിനിടെ മൂന്ന് വിക്കറ്റ് നഷ്ടമായ ശേഷമാണ് വിദര്‍ഭ ശക്തമായി തിരിച്ചടിച്ചത്. ഡാനിഷ് മലേവറുടെ സെഞ്ച്വറിയും മലയാളിയായ കരുണ്‍ നായരുടെ അര്‍ധ സെഞ്ച്വറിയും വിദര്‍ഭ ഇന്നിങ്‌സിനു കരുത്ത് പകര്‍ന്നു. മലേവര്‍ 138 റണ്‍സെടുത്ത് പുറത്താകാതെ നില്‍ക്കുകയാണ്.  അഞ്ച് റണ്‍സുമായി യാഷ് ഠാക്കൂറും ്ക്രീസിലുണ്ട്.

ടോസ് നേടിയ കേരള ക്യാപ്റ്റന്‍ സച്ചിന്‍ ബേബി ഫീല്‍ഡിങ് തെരഞ്ഞെടുക്കുകയായിരുന്നു. ഇന്നിങ്‌സിലെ രണ്ടാമത്തെ പന്തില്‍ തന്നെ കേരളം ആദ്യ വിക്കറ്റും നേടി. ഓപ്പണര്‍ പാര്‍ഥ് രെഖാഡെയെ (0) എം ഡി നിധീഷ് വിക്കറ്റിനു മുന്നില്‍ കുടുക്കി.

പേസ് ബൗളര്‍ ദര്‍ശന്‍ നല്‍കണ്ഡെയാണ് മൂന്നാം നമ്പറില്‍ ബാറ്റ് ചെയ്യാനിറങ്ങിയത്. ഏഴാം ഓവര്‍ വരെ പിടിച്ചുനിന്ന നല്‍കണ്ഡെ 21 പന്തില്‍ നേടിയത് ഒരു റണ്‍ മാത്രം. നിധീഷിന്റെ പന്തില്‍ തന്നെ എന്‍ പി ബേസിലിനു ക്യാച്ച് നല്‍കി പുറത്താകുകയും ചെയ്തു.

പതിമൂന്നാം ഓവറില്‍ യുവ പേസ് ബൗളര്‍ ഏദന്‍ ആപ്പിള്‍ ടോം കേരളത്തിന് മൂന്നാം വിക്കറ്റും സമ്മാനിച്ചു. അപകടകാരിയായ ഓപ്പണര്‍ ധ്രുവ് ഷോരെ (35 പന്തില്‍ 16) വിക്കറ്റ് കീപ്പര്‍ മുഹമ്മദ് അസറുദ്ദീന് ക്യാച്ച് സമ്മാനിച്ച് മടങ്ങുകയായിരുന്നു.

ഇതോടെ കേരളം ആധിപത്യം സ്ഥാപിച്ചെന്ന തോന്നലുളവായെങ്കിലും തുടര്‍ന്നങ്ങോട്ട് ഡാനിഷ് മലേവറും കരുണ്‍ നായരും ചേര്‍ന്ന് പ്രതിരോധംതീര്‍ക്കുകയായിരുന്നു. നാലാം വിക്കറ്റ് കൂട്ടുകെട്ടില്‍ ഇവര്‍ 215 റണ്‍സാണ് കൂട്ടിച്ചേര്‍ത്തത്.

ഒടുവില്‍ ബൈ റണ്‍ ഓടാനുള്ള ശ്രമത്തിനിടെ സെക്കന്‍ഡ് സ്ലിപ്പ് പൊസിഷനില്‍നിന്ന് രോഹന്‍ കുന്നുമ്മലിന്റെ ഡയറക്ട് ത്രോയില്‍ റണ്ണൗട്ടാകുകയായിരുന്നു കരുണ്‍ നായര്‍. തുടര്‍ന്നെത്തിയ യാഷ് ഠാക്കൂര്‍ കൂടുതല്‍ നഷ്ടം കൂടാതെ മലേവറിനൊപ്പം ദിവസം പൂര്‍ത്തിയാക്കുകയും ചെയ്തു.

സെമി ഫൈനല്‍ കളിച്ച ടീമില്‍ ഒരു മാറ്റവുമായാണ് കേരളം കളിക്കാനിറങ്ങിയത്. ടോപ് ഓര്‍ഡര്‍ ബാറ്റര്‍ വരുണ്‍ നായനാര്‍ക്കു പകരം പേസ് ബൗളര്‍ ഏദന്‍ ആപ്പിള്‍ ടോം പ്ലെയിങ് ഇലവനിലെത്തി.