ആപ്പിളിന് പിന്നാലെ ഗൂഗിളും ഇന്ത്യയില്‍ പിക്‌സല്‍ സ്മാര്‍ട്ട്‌ഫോണുകള്‍ നിര്‍മ്മിക്കാന്‍ ഒരുങ്ങുന്നു

ആപ്പിളിന് പിന്നാലെ ഗൂഗിളും ഇന്ത്യയില്‍ പിക്‌സല്‍ സ്മാര്‍ട്ട്‌ഫോണുകള്‍ നിര്‍മ്മിക്കാന്‍ ഒരുങ്ങുന്നു


മുംബൈ: ആപ്പിളിന് പിന്നാലെ ഗൂഗിളും ഇന്ത്യയില്‍ പിക്‌സല്‍ സ്മാര്‍ട്ട്‌ഫോണുകള്‍ നിര്‍മ്മിക്കാന്‍ ഒരുങ്ങുന്നു. ഇന്ത്യയില്‍ നിര്‍മ്മിക്കുന്ന ഫോണുകള്‍ യൂറോപ്പിലേക്കും യുഎസിലേക്കും കയറ്റുമതി ചെയ്യാന്‍ പദ്ധതിയിടുന്നതായും റിപ്പോര്‍ട്ടുണ്ട്. ഫോക്‌സ്‌കോണിന്റെയും ഡിക്‌സണ്‍ ടെക്‌നോളജീസിന്റെയും അനുബന്ധ സ്ഥാപനമായ പാഡ്‌ജെറ്റ് ഇലക്ട്രോണിക്‌സുമായുള്ള പങ്കാളിത്തത്തിലൂടെ ഗൂഗിള്‍ ഉടന്‍ വാണിജ്യ ഉല്‍പ്പാദനം ആരംഭിക്കുമെന്ന് റിപ്പോര്‍ട്ടുകള്‍ പറയുന്നു.

അധികം വൈകാതെ ഗൂഗിള്‍ ഇത് സംബന്ധിച്ച് ഔപചാരിക പ്രഖ്യാപനം നടത്തിയേക്കുമെന്നും വിവരമുണ്ട്. പിക്‌സല്‍ ഫോണിന്റെ അടിസ്ഥാന വേരിയന്റ് ഡിക്‌സണ്‍ ടെക്‌നോളജീസ് നിര്‍മ്മിക്കും, അതേസമയം പ്രോ വേരിയന്റുകള്‍ ഫോക്‌സ്‌കോണ്‍ നിര്‍മ്മിക്കും. വാണിജ്യാടിസ്ഥാനത്തിലുള്ള ഉല്‍പ്പാദനം സെപ്റ്റംബറില്‍ ആരംഭിക്കുകയും ഉല്‍പ്പാദനം സ്ഥിരത കൈവരിക്കുന്ന മുറയ്ക്ക് കയറ്റുമതി ആരംഭിക്കുകയും ചെയ്യാനാണ് പദ്ധതിയിടുന്നത്.

ഇന്ത്യ സെല്ലുലാര്‍ ആന്‍ഡ് ഇലക്ട്രോണിക്‌സ് അസോസിയേഷന്റെ (ഐസിഇഎ) കണക്കുകള്‍ പ്രകാരം, മൊബൈല്‍ ഫോണ്‍ ഉല്‍പ്പാദനം 2014-15ല്‍ 18,900 കോടി രൂപയില്‍ നിന്ന് 2024 സാമ്പത്തിക വര്‍ഷത്തില്‍ 4.10 ലക്ഷം കോടി രൂപയായി ഉയര്‍ന്നിട്ടുണ്ട്.

അതേസമയം, ഈ വര്‍ഷം സെപ്റ്റംബറില്‍ ആപ്പിള്‍ ഐഫോണ്‍ 16 സീരീസ് അവതരിപ്പിക്കുമെന്നും ചില റിപ്പോര്‍ട്ടുകള്‍ എത്തുന്നുണ്ട്. വരാനിരിക്കുന്ന ഐഫോണ്‍ 16 സീരീസിന് മുന്‍പ് ഇറക്കിയ ഫോണിനെ അപേക്ഷിച്ച് നിരവധി അപ്‌ഗ്രേഡുകള്‍ ഉണ്ടാകും.