വാഷിംഗ്ടണ്‍: വാട്‌സ്ആപ് മെസേജുകള്‍ മൂന്നാംകക്ഷിക്ക് ചോര്‍ത്തി വായിക്കാന്‍ കഴിയില്ലെന്ന മെറ്റയുടെ അവകാശവാദം കമ്പനിയുടെ സിഇഒ ആയ സക്കര്‍ബര്‍ഗ് തന്നെ പൊളിച്ചിരിക്കുകയാണ്. യു.എസിന്റെ രഹസ്യാന്വേഷണ സംഘമായ സി.ഐ.എക്കും അന്വേഷണ ഏജന്‍സിയായ എഫ്.ബി.ഐക്കും മറ്റുള്ളവരുടെ വാട്സ്ആപ് മെസേജുകള്‍ ഹാക്ക് ചെയ്ത് വായിക്കാന്‍ കഴിയുമെന്നാണ് മെറ്റ സി.ഇ.ഒ മാര്‍ക്ക് സക്കര്‍ബര്‍ഗ് ഇപ്പോള്‍ പറയുന്നത്.. ഉപയോക്താക്കളുടെ സുരക്ഷക്കും സ്വകാര്യതക്കും പ്രാധാന്യം നല്‍കുന്ന പുതിയ സംവിധാനങ്ങള്‍ അവതരിപ്പിച്ചിട്ടുണ്ടെങ്കിലും പൂര്‍ണമായി എല്ലാം സുരക്ഷിതമാണെന്നു പറയാന്‍ കഴിയില്ലെന്നും അദ്ദേഹം സമ്മതിച്ചു.
എഫ്.ബി.ഐ നിങ്ങളെ അറസ്റ്റ് ചെയ്താല്‍ ഫോണുകള്‍ വാങ്ങിവെക്കാനിടയുണ്ട്. അതുവഴി ഫോണിലെ വിവരങ്ങള്‍ സ്വന്തമാക്കാനാകുമെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. അതേസമയം, മെറ്റക്ക് മെസേജുകളൊന്നും വായിക്കാന്‍ കഴിയില്ലെന്ന് സക്കര്‍ബര്‍ഗ് ഉറപ്പുനല്‍കി.
അമേരിക്കന്‍ നടനും അവതാരകനുമായ ജോസഫ് റോഗന്റെ 'ജോ റോഗന്‍ എക്സ്പീരിയന്‍സ്' എന്ന പോഡ്കാസ്റ്റിനു നല്‍കിയ മൂന്നു മണിക്കൂറോളം നീണ്ട അഭിമുഖത്തിലാണ് മെറ്റ തലവന്‍ വാട്‌സ്ആപി?ന്റെ സുരക്ഷ പോരായ്മകളെക്കുറിച്ച് തുറന്നുപറഞ്ഞത്.
തന്റെ മെസേജുകളും ഇ-മെയില്‍ സന്ദേശങ്ങളും നാഷനല്‍ സെക്യൂരിറ്റി ഏജന്‍സിയും സി.ഐ.എയും ചോര്‍ത്തിയതായി അമേരിക്കന്‍ അവതാരകന്‍ ടക്കര്‍ കാള്‍സന്‍ നേരത്തേ ആരോപിച്ചത് വലിയ വിവാദമായിരുന്നു. റഷ്യന്‍ പ്രസിഡന്റ് വ്‌ലാദിമിര്‍ പുടിനെ അഭിമുഖം ചെയ്യാനിരിക്കെയായിരുന്നു സംഭവം. ഇതേക്കുറിച്ച് റോഗന്‍ ചോദ്യമുയര്‍ത്തിയപ്പോഴാണ് വാട്സ്ആപ് മെസേജുകളുടെ സുരക്ഷയെക്കുറിച്ച് സക്കര്‍ബര്‍ഗ് പ്രതികരിച്ചത്.
പെഗാസസ് ഉള്‍പ്പെടെ ചാര സോഫ്റ്റ്വെയറുകള്‍ വഴി ഫോണുകള്‍ ഹാക്ക് ചെയ്ത് മെസേജുകള്‍ വായിക്കാന്‍ സാധ്യതയുള്ളതുകൊണ്ടാണ് 'ഡിസപ്പിയറിങ് മെസേജസ്' എന്ന ഓപ്ഷന്‍ ഞങ്ങള്‍ കൊണ്ടുവന്നതെന്ന് സക്കര്‍ബര്‍ഗ് സൂചിപ്പിച്ചു. എന്‍ക്രിപ്ഷനൊപ്പം ഡിസപ്പിയറിങ് ഓപ്ഷനും ഉപയോഗിക്കുകയാണെങ്കില്‍ അതു കൂടുതല്‍ നല്ല സുരക്ഷയാകും. നിലവില്‍ ഏറ്റവും സുരക്ഷിതമായ ആപ്പുകളാണ് വാട്സ്ആപ്പും സിഗ്‌നലുമെന്നും അദ്ദേഹം അവകാശപ്പെട്ടു.
സി.ഐ.എക്കും എഫ്ബിഐയ്ക്കും വാട്സ്ആപ് മെസേജുകള്‍ ഹാക്ക് ചെയ്ത് വായിക്കാന്‍ കഴിയുമെന്ന് സക്കര്‍ബര്‍ഗ്