ഡീപ്സീക്ക് എഐ ചാറ്റ്‌ബോട്ടിനെ പരിശീലിപ്പിച്ചത് ചാറ്റ്ജിപിടി ഉപയോഗിച്ചെന്ന് മൈക്രോസോഫ്റ്റ്

ഡീപ്സീക്ക് എഐ ചാറ്റ്‌ബോട്ടിനെ പരിശീലിപ്പിച്ചത് ചാറ്റ്ജിപിടി ഉപയോഗിച്ചെന്ന് മൈക്രോസോഫ്റ്റ്


ന്യൂയോര്‍ക്ക്: ചൈനീസ് എഐ ചാറ്റ്‌ബോട്ട് ഡീപ്‌സീക്ക് പരിശീലനത്തിന് ഉപയോഗിച്ചത് യു എസ് ടെക്‌നോളജി സ്ഥാപനത്തിന്റെ എ ഐ മോഡല്‍ ചാറ്റ്ജിപിടിയെന്ന് ഓപ്പണ്‍എഐ. ഇതിന് തെളിവുണ്ടെന്നും ഓപ്പണ്‍എഐ അവകാശപ്പെട്ടു. 

ഓപ്പണ്‍ എഐയുടെ ഡേറ്റ അംഗീകാരമില്ലാതെ ആക്‌സസ് ചെയ്തിട്ടുണ്ടോ എ്ന്ന് ഓപ്പണ്‍എഐ പ്രധാന നിക്ഷേപകരിലൊരാളായ മൈക്രോസോഫ്റ്റ് അന്വേഷിക്കുന്നതായി ബ്ലൂംബെര്‍ഗ് ന്യൂസ് റിപ്പോര്‍ട്ട് പറയുന്നു. 

ഡീപ്സീക്കിന്റെ ഓപ്പണ്‍ സോഴ്സ് ആര്‍1 മോഡല്‍ രംഗത്തിറങ്ങിയതിന് പിന്നാലെ ആഗോള സാമ്പത്തിക വിപണികളില്‍ വന്‍ ചലനമുണ്ടാക്കിയിരുന്നു. ചുരുങ്ങിയ ചെലവില്‍ മികച്ച എഐ ചാറ്റ്‌ബോട്ട് പുറത്തിറക്കിയെന്നായിരുന്നു ചൈന അവകാശപ്പെട്ടിരുന്നത്.  

ഡീപ്‌സീക്കിന്റെ കുതിച്ചു കയറ്റത്തെ തുടര്‍ന്ന് ചിപ്പ് നിര്‍മ്മാതാക്കളായ എന്‍വിഡിയയുടെ ഓഹരികള്‍ വിപണി ചരിത്രത്തിലെ ഏറ്റവും വലിയ ഒറ്റ ദിവസത്തെ നഷ്ടമാണ് നേരിട്ടത്. മെറ്റാ, മൈക്രോസോഫ്റ്റ്, മറ്റ് എഐ സ്ഥാപനങ്ങള്‍ എന്നിവയുടെ ഓഹരികളും കുത്തനെ ഇടിഞ്ഞു.

ഡീപ്സീക്കിന്റെ പെട്ടെന്നുള്ള ഉയര്‍ച്ചയുടെ ആഘാതം വിലയിരുത്താന്‍ എഐ സ്ഥാപനങ്ങളും നിക്ഷേപകരും പരിശ്രമം തുടരുകയാണ്. 

ഡീപ്സീക്ക് നോളജ് ഡിസ്റ്റിലേഷന്‍ എന്നറിയപ്പെടുന്ന സാങ്കേതിക വിദ്യയിലൂടെ സ്വന്തം സിസ്റ്റം മെച്ചപ്പെടുത്താന്‍ ഓപ്പണ്‍എഐയുടെ മോഡലുകള്‍ ഉപയോഗിച്ചിരിക്കാമെന്ന് ഫോക്സ് ന്യൂസിനോട് സംസാരിക്കവെ സാക്സ് അഭിപ്രായപ്പെട്ടു. 

ചൈനയും മറ്റ് സ്ഥാപനങ്ങളും 'പ്രമുഖ യു എസ് എ ഐ കമ്പനികളുടെ മോഡലുകള്‍ ഡിസ്റ്റിലേഷന്‍ ചെയ്യാന്‍ നിരന്തരം ശ്രമിക്കുന്നു' എന്ന് ഓപ്പണ്‍എഐ ഒരു പ്രസ്താവനയില്‍ അവകാശപ്പെട്ടു.

മുന്നോട്ട് പോകുമ്പോള്‍ ഏറ്റവും കഴിവുള്ള മോഡലുകളെ മികച്ച രീതിയില്‍ സംരക്ഷിക്കുന്നതിന് യു എസ് സര്‍ക്കാരുമായി അടുത്ത് പ്രവര്‍ത്തിക്കേണ്ടത് നിര്‍ണായകമാണെന്ന് കമ്പനി കൂട്ടിച്ചേര്‍ത്തു.