ടെക് കമ്പനികള്‍ അഞ്ചു മാസത്തിനിടെ പിരിച്ചുവിട്ടത് ഒരുലക്ഷത്തിനടുത്ത് ജീവനക്കാരെ

ടെക് കമ്പനികള്‍ അഞ്ചു മാസത്തിനിടെ പിരിച്ചുവിട്ടത് ഒരുലക്ഷത്തിനടുത്ത് ജീവനക്കാരെ


ലോസ്ഏഞ്ചല്‍സ്: ഗൂഗ്ള്‍, മൈക്രോസോഫ്റ്റ്, ടിക്ടോക്, ടെസ്ല എന്നിവ ഉള്‍പ്പെടെ ടെക് രംഗത്തെ വമ്പന്‍ കമ്പനികളില്‍ നിന്നും ഈ വര്‍ഷം മാത്രം പിരിച്ചുവിട്ടവരുടെ എണ്ണം 89,000. മെയ് മാസത്തില്‍ 39 കമ്പനികളില്‍ നിന്നുമാത്രം 9742 പേരെയാണ് പിരിച്ചുവിട്ടത്. 

ഏപ്രിലില്‍ 50 കമ്പനികളില്‍ നിന്നും 21473 പേരെ പിരിച്ചുവിട്ടിരുന്നു. 

ഗൂഗ്ള്‍ ഉള്‍പ്പെടെയുള്ളവയുടെ മാതൃ കമ്പനിയായ ആല്‍ഫബെറ്റാണ് കഴിഞ്ഞ വര്‍ഷം ഈ പ്രവണതയ്ക്ക് തുടക്കം കുറിച്ചത്. ജീവനക്കാരുടെ എണ്ണത്തില്‍ ആറ് ശതമാനം കുറവ് വരുത്താനുള്ള തീരുമാനം അവര്‍ പ്രഖ്യാപിച്ചതോടെ ടെക് ലോകത്തെ ഭീമന്‍മാരില്‍ പലരും ഇതേ മാര്‍ഗം പിന്തുടരുകയായിരുന്നു.

കോര്‍ ടീമുകളില്‍ തന്നെ ഗൂഗ്ള്‍ വലിയ തോതില്‍ ജീവനക്കാരെ വെട്ടിക്കുറയ്ക്കുകയാണ്. എന്‍ജിനീയറിങ് മേഖലയില്‍ ജോലി ചെയ്യുന്നവരെയാണ് ഇത് ഏറ്റവും കൂടുതല്‍ ബാധിക്കുന്നത്.

ഈ വര്‍ഷം ആദ്യം പിരിച്ചുവിടല്‍ പ്രഖ്യാപിച്ച മറ്റൊരു പ്രമുഖ സ്ഥാപനം മൈക്രോസോഫ്റ്റാണ്. ഗെയിമിങ് ഡിവിഷനിലെ ഉയര്‍ന്ന തസ്തികകളില്‍ ജോലി ചെയ്തിരുന്നവര്‍ക്കാണ് മെയ് മാസത്തില്‍ പ്രധാനമായും ഇവിടെ ജോലി നഷ്ടമായത്.

ഇലോണ്‍ മസ്‌കിന്റെ ഉടമസ്ഥതയിലുള്ള ടെസ്ലയില്‍ സോഫ്റ്റ്വെയര്‍, സര്‍വീസ്, എന്‍ജിനീയറിങ് വിഭാഗങ്ങളിലെല്ലാം ജീവനക്കാരുടെ എണ്ണം വെട്ടിക്കുറച്ചുകൊണ്ടിരിക്കുകയാണ്. 6,700 പേരെയാണ് കമ്പനി ഇതിനകം പിരിച്ചുവിട്ടത്.