'ടൈപ്പിങ് ' ' റെക്കോര്‍ഡിംഗ്' ഇന്‍ഡിക്കേറ്ററുകളില്‍ പുതുമയുമായി വാട്‌സ് ആപ്പ്

'ടൈപ്പിങ് '  ' റെക്കോര്‍ഡിംഗ്'  ഇന്‍ഡിക്കേറ്ററുകളില്‍ പുതുമയുമായി വാട്‌സ് ആപ്പ്


വീണ്ടും പുതിയ ഫീച്ചര്‍ അവതരിപ്പിച്ചിരിക്കുകയാണ് ജനപ്രിയ മെസേജിംഗ് ആപ്പായ വാട്സ്ആപ്പ്. പുതുതായി ഡിസൈന്‍ ചെയ്ത ടൈപ്പിങ് ഇന്‍ഡിക്കേറ്ററാണ് പുതിയ ഫീച്ചര്‍. ആന്‍ഡ്രോയിഡിലും ഐഒഎസിലും പുതിയ ഫീച്ചര്‍ ലഭ്യമാവും.

മുന്‍പ് മറ്റൊരാള്‍ നിങ്ങള്‍ക്ക് മെസേജ് ടൈപ്പ് ചെയ്യുമ്പോള്‍ വാട്സ്ആപ്പ് ഇന്റര്‍ഫേസിന്റെ ഏറ്റവും മുകളിലായി 'ടൈപ്പിങ്' എന്ന് എഴുതിക്കാണിക്കും. എന്നാല്‍ പുതിയ അപ്ഡേറ്റ് വന്നതോടെ മറ്റൊരാള്‍ നിങ്ങള്‍ക്ക് മെസേജ് ടൈപ്പ് ചെയ്യുന്നുവെന്നതിന് സൂചനയായി ചാറ്റ് ഇന്റര്‍ഫേസിനുള്ളില്‍ അവസാന മെസേജിന് താഴെയായി ചലിക്കുന്ന മൂന്ന് ഡോട്ട് മാര്‍ക്കുകള്‍ കാണാനാകും. അപ്പുറത്തുള്ള ആള്‍ നിങ്ങള്‍ക്കായി മെസേജ് ടൈപ്പ് ചെയ്യുന്നുവെന്നതിന്റെ സൂചനയാണ് ഇത് നല്‍കുന്നത്.

മെസേജ് അയക്കുന്നയാളുടെ പേരിന് താഴെയായി മുന്‍പ് 'ടൈപ്പിങ്' എന്ന് എഴുതിക്കാണിക്കുന്ന ഫീച്ചറാണ് ഉണ്ടായിരുന്നത്. ഈ ഫീച്ചര്‍ പുതുക്കി ഡിസൈന്‍ ചെയ്താണ് പുതിയ ടൈപ്പിങ് ഫീച്ചര്‍ അവതരിപ്പിച്ചിരിക്കുന്നത്. വ്യക്തിഗത ചാറ്റുകളിലും ഗ്രൂപ്പ് ചാറ്റുകളിലും ഈ ഫീച്ചര്‍ ലഭ്യമാവും.

അതേസമയം വോയിസ് മെസേജുകള്‍ക്കും സമാനമായ ഫീച്ചര്‍ ലഭ്യമാകും. എന്നാല്‍ ഇന്‍ഡിക്കേറ്ററിന്റെ അടയാളത്തില്‍ വ്യത്യാസമുണ്ടാകും. മുന്‍പ് മറ്റൊരാള്‍ വോയിസ് മെസേജ് അയക്കുമ്പോള്‍ 'റെക്കോര്‍ഡിങ്' എന്നായിരുന്നു സ്‌ക്രീനിന്റെ മുകള്‍ഭാഗത്തായി എഴുതിക്കാണിച്ചിരുന്നത്. എന്നാല്‍ ഇനി മുതല്‍ മറ്റൊരാള്‍ നിങ്ങള്‍ക്കായി വോയിസ് മെസേജ് അയക്കുമ്പോള്‍ ചാറ്റ് ഇന്റര്‍ഫേസില്‍ അവസാന മെസേജിനു താഴെയായി മൈക്കിന്റെ ചിഹ്നമായിരിക്കും ദൃശ്യമാകുക.

വോയിസ് മേസേജുകള്‍ വായിക്കാവുന്ന തരത്തില്‍ ടെക്സ്റ്റ് രൂപത്തിലാക്കാവുന്ന പുതിയ ഫീച്ചര്‍ അവതരിപ്പിക്കാനൊരുങ്ങുന്നതായി അടുത്തിടെ വാട്സ്ആപ്പ് അറിയിച്ചിരുന്നു. വോയിസ് മെസേജ് കേള്‍ക്കാന്‍ കഴിയാതെ വരുന്ന സാഹചര്യങ്ങളിലും ആശയവിനിമയം തടസപ്പെടാതിരിക്കാനാണ് വോയിസ് ട്രാന്‍സ്‌ക്രിപ്റ്റ് ഫീച്ചര്‍.