കൊലക്കുറ്റത്തിന് തെറ്റായി ശിക്ഷിക്കപ്പെട്ട ചിക്കാഗോ പൗരന് 50 മില്യണ്‍ ഡോളര്‍

കൊലക്കുറ്റത്തിന് തെറ്റായി ശിക്ഷിക്കപ്പെട്ട ചിക്കാഗോ പൗരന് 50 മില്യണ്‍ ഡോളര്‍


ചിക്കാഗോ: ചെയ്യാത്ത കൊലപാതകത്തിന് പത്ത് വര്‍ഷം ജയിലില്‍ കിടക്കേണ്ടി വന്ന അമേരിക്കക്കാരന് ചിക്കാഗോ ഫെഡറല്‍ ജൂറി 50 മില്യണ്‍ ഡോളര്‍ സമ്മാനിച്ചു.

2008ല്‍ ചിക്കാഗോയുടെ പടിഞ്ഞാറ് ഭാഗത്ത് 19 വയസ്സുള്ള ഒരാളെ വെടിവെച്ചുകൊന്ന കേസിലാണ് മാര്‍സെല്‍ ബ്രൗണ്‍ എന്നയാളെ 2011ല്‍ തെറ്റായി ശിക്ഷിക്കപ്പെട്ടത്. 35 വര്‍ഷമായിരുന്നു മാര്‍സെല്‍ ബ്രൗണിന് തടവ് ശിക്ഷ വിധിച്ചത്. 

പത്ത് വര്‍ഷം ജയില്‍വാസം അനുഭവിച്ച ബ്രൗണ്‍ 2018ല്‍ മോചിതനാകുന്നതിന് മുമ്പ് കോടതി ശിക്ഷ ഒഴിവാക്കുകയും പ്രോസിക്യൂട്ടര്‍മാര്‍ കുറ്റങ്ങള്‍ തള്ളുകയും ചെയ്തു.

സിറ്റി ഓഫ് ഷിക്കാഗോയ്ക്കെതിരെയും രണ്ട് ചിക്കാഗോ പൊലീസ് ഡിറ്റക്ടീവുകള്‍ക്കെതിരെയും ഒരു കേസ് ഫയല്‍ ചെയ്തിട്ടുണ്ട്.

ഫോക്സ് 32 ന്യൂസ് പ്രകാരം ബ്രൗണിന് 50,000 ഡോളര്‍ ശിക്ഷാ നഷ്ടപരിഹാരവും നല്‍കിയിട്ടുണ്ട്.

2008 ഓഗസ്റ്റില്‍ ഗെയ്ല്‍വുഡിലെ അമുന്‍ഡ്‌സെന്‍ പാര്‍ക്കിലാണ് പാരീസ് ജാക്‌സണ്‍ വെടിയേറ്റ് കൊല്ലപ്പെട്ടത്. അന്ന് 18 വയസ്സുള്ള ബ്രൗണിനെ അറസ്റ്റ് ചെയ്യുകയും കുറ്റം ചുമത്തുകയും ചെയ്തു.

വെടിവെപ്പ് നടക്കുമ്പോള്‍ സഹോദരിയെ കൂട്ടിക്കൊണ്ടുപോകാന്‍ മാത്രമാണ് ബ്രൗണ്‍ പാര്‍ക്കില്‍ പോയതെന്ന് അഭിഭാഷകന്‍ ജോണ്‍ ലോവി പറഞ്ഞു. ബ്രൗണിനെ കൂട്ടാളിയാണെന്ന് ആരോപിക്കുകയായിരുന്നുവെന്നും യാതൊരു ബന്ധവും പ്രസ്തുത കേസുമായി ഉണ്ടായിരുന്നില്ലെന്നും അഭിഭാഷകന്‍ പറഞ്ഞു. 

30 മണിക്കൂര്‍ നീണ്ട ചോദ്യം ചെയ്യലില്‍ കുറ്റസമ്മതം നടത്താന്‍ പ്രോസിക്യൂട്ടര്‍മാര്‍ നിര്‍ബന്ധിക്കുകയും ഡിറ്റക്ടീവുകള്‍ ഭീഷണിപ്പെടുത്തുകയും ചെയ്തതായും ബ്രൗണിന് നിയമോപദേശം നിഷേധിക്കപ്പെടുകയും കുടുംബത്തെ ഫോണ്‍ വിളിക്കാനും ലഘുഭക്ഷണം നല്‍കുകയും ചെയ്തുവെന്നും പറയുന്നു. 

ചോദ്യം ചെയ്യല്‍ വീഡിയോയില്‍ പകര്‍ത്തുകയും പിന്നീട് കേസിലെ പ്രധാന തെളിവായി മാറുകയും ചെയ്തു.