40 വർഷത്തിന് ശേഷം ലെബനണിലേക്ക് നേരിട്ടുള്ള യുഎസ് വിമാനങ്ങൾക്ക് അനുമതി; സമാധാനശ്രമങ്ങൾക്കിടെ ട്രംപിന്റെ പ്രഖ്യാപനം

40 വർഷത്തിന് ശേഷം ലെബനണിലേക്ക് നേരിട്ടുള്ള യുഎസ് വിമാനങ്ങൾക്ക് അനുമതി; സമാധാനശ്രമങ്ങൾക്കിടെ ട്രംപിന്റെ പ്രഖ്യാപനം


വാഷിങ്ടൺ: നാല് പതിറ്റാണ്ടിലേറെ നീണ്ട വിലക്കിന് വിരാമമിട്ട് ലെബനണിലേക്ക് അമേരിക്കൻ വിമാനക്കമ്പനികൾക്ക് വീണ്ടും നേരിട്ടുള്ള സർവീസ് നടത്താൻ അനുമതി നൽകുമെന്ന് യുഎസ് പ്രസിഡന്റ് ഡോണൾഡ് ട്രംപ് പ്രഖ്യാപിച്ചു. ലെബനൻ പ്രസിഡന്റ് ജോസഫ് ഔണുമായി വൈറ്റ് ഹൗസിൽ നടത്തിയ കൂടിക്കാഴ്ചയ്ക്കുശേഷമാണ് പ്രഖ്യാപനം. മേഖലയിലെ സുരക്ഷ, ഇസ്രയേൽ-ഹിസ്ബുല്ല സംഘർഷത്തിന് ശേഷമുള്ള ലെബനന്റെ സ്ഥിരത, സമാധാനശ്രമങ്ങൾ എന്നിവയാണ് ചർച്ചയിൽ പ്രധാനമായും ഉയർന്നത്.

1985ൽ ടി.ഡബ്ല്യു.എ. ഫ്‌ളൈറ്റ് 847 ഹൈജാക്ക് ചെയ്യപ്പെട്ട സംഭവത്തെ തുടർന്ന് അന്നത്തെ പ്രസിഡന്റ് റൊണാൾഡ് റീഗന്റെ കാലത്താണ് അമേരിക്കയിൽ നിന്ന് ലെബനണിലേക്കുള്ള നേരിട്ടുള്ള വാണിജ്യ വിമാനസർവീസുകൾ നിർത്തിവെച്ചത്. ഇപ്പോൾ എല്ലാ യുഎസ് വിമാനക്കമ്പനികൾക്കും ലെബനണിലേക്ക് നേരിട്ട് സർവീസ് നടത്താൻ അനുമതി നൽകാൻ ഭരണകൂടത്തിന് നിർദേശം നൽകിയതായി ട്രംപ് സമൂഹമാധ്യമത്തിലൂടെ അറിയിച്ചു. 'അമേരിക്കക്കാർക്ക് ഈ മനോഹരമായ രാജ്യം എളുപ്പത്തിൽ സന്ദർശിക്കാൻ കഴിയണം' എന്നും അദ്ദേഹം കുറിച്ചു.

പ്രസിഡന്റായി ചുമതലയേറ്റ ശേഷം ജോസഫ് ഔൺ ആദ്യമായാണ് വാഷിങ്ടൺ സന്ദർശിക്കുന്നത്. 2009ന് ശേഷം വൈറ്റ് ഹൗസ് സന്ദർശിക്കുന്ന ആദ്യ ലെബനൻ പ്രസിഡന്റും ഔണാണ്. നാല് ദിവസത്തെ യുഎസ് സന്ദർശനത്തിന്റെ ഭാഗമായി ലെബനൻ സായുധസേനയ്ക്ക് കൂടുതൽ അമേരിക്കൻ പിന്തുണയും തെക്കൻ ലെബനനിൽ നിന്ന് ഇസ്രയേൽ സൈന്യത്തിന്റെ പൂർണ പിന്മാറ്റവും ഉറപ്പാക്കാനാണ് ഔൺ ശ്രമിക്കുന്നത്.

കൂടിക്കാഴ്ചയ്ക്കുശേഷം ട്രംപ് ലെബനനെ 'വളരെയധികം ദുരിതം അനുഭവിച്ച രാജ്യം' എന്ന് വിശേഷിപ്പിച്ചു. ലെബനനെ കൂടുതൽ സഹായിക്കുമെന്നും അദ്ദേഹം പറഞ്ഞു. എന്നാൽ പുതിയ സഹായപദ്ധതികളെക്കുറിച്ച് വിശദാംശങ്ങൾ വെളിപ്പെടുത്തിയില്ല.

ഇസ്രയേലും ഇറാൻ പിന്തുണയുള്ള ഹിസ്ബുല്ലയും തമ്മിലുള്ള മാസങ്ങളായുള്ള ഏറ്റുമുട്ടലുകൾക്ക് പിന്നാലെ ലെബനനിൽ ദീർഘകാല സ്ഥിരത ഉറപ്പാക്കാനുള്ള നയതന്ത്ര ശ്രമങ്ങൾ അമേരിക്ക തുടരുന്നതിനിടെയാണ് ഈ കൂടിക്കാഴ്ച. തെക്കൻ ലെബനനിലെ ഇസ്രയേൽ നിയന്ത്രണത്തിലുള്ള പ്രദേശങ്ങളിൽ നിന്ന് സൈന്യം പൂർണമായി പിന്മാറുകയും ഹിസ്ബുല്ലയുടെ സ്വാധീനമുള്ള മേഖലകളിൽ ലെബനൻ സായുധസേനയുടെ നിയന്ത്രണം ശക്തമാക്കുന്നതിനും അന്താരാഷ്ട്ര പിന്തുണ ലഭിക്കുമെന്ന പ്രതീക്ഷയാണ് ലെബനൻ പ്രകടിപ്പിക്കുന്നത്.

ഇസ്രയേൽ സൈന്യം പൂർണമായി പിന്മാറുമോയെന്ന ചോദ്യത്തിന്, അവർ പുനർവിന്യാസത്തിന്റെ പ്രക്രിയയിലാണെന്ന് ട്രംപ് മറുപടി നൽകി. കൂടുതൽ വിശദീകരണം അദ്ദേഹം നൽകിയില്ല.

കൂടിക്കാഴ്ചയിൽ ട്രംപിന്റെ സമാധാനശ്രമങ്ങളെ ഔൺ പ്രശംസിച്ചു. 'താങ്കളുടെ ദർശനം സമാധാനമാണ്, അതാണ് താങ്കളുടെ പാരമ്പര്യം' എന്ന് അദ്ദേഹം പറഞ്ഞു. അതിന് ട്രംപ് തമാശയോടെ പ്രതികരിച്ച്, 'അതിൽ ഞാൻ യോജിക്കുന്നു' എന്നും ഔൺ 'സുന്ദരനാണ്, എന്നെ എങ്ങനെ സ്വാധീനിക്കാമെന്ന് അറിയാം. ഇനി അദ്ദേഹത്തിന് എന്തും ലഭിക്കും' എന്നും പറഞ്ഞു.

ഹിസ്ബുല്ല വലിയ വെല്ലുവിളിയാണെന്നും ട്രംപ് ചൂണ്ടിക്കാട്ടി. ആവശ്യമെങ്കിൽ ഹിസ്ബുല്ലയുമായി നേരിട്ട് സംസാരിക്കാമെന്നും അദ്ദേഹം പറഞ്ഞു. ഹിസ്ബുല്ലയ്‌ക്കെതിരെ സിറിയ നടപടിയെടുക്കാനുള്ള സാധ്യതയും വീണ്ടും പരാമർശിച്ചെങ്കിലും അതുസംബന്ധിച്ച് വ്യക്തമായ പ്രതിബദ്ധത അദ്ദേഹം പ്രഖ്യാപിച്ചില്ല.