വാഷിങ്ടൺ: 547 ദശലക്ഷം ഡോളർ (ഏകദേശം 54.7 കോടി ഡോളർ) വിലമതിക്കുന്ന മെഡികെയർ തട്ടിപ്പുകേസിലെ പ്രധാന പ്രതിയായ ഖാലിദ് അഹമ്മദ് സതാരിയെ മൂന്നുവർഷത്തോളം നീണ്ട അന്തർദേശീയ അന്വേഷണത്തിനൊടുവിൽ എഫ്ബിഐ അറസ്റ്റ് ചെയ്തു. എഫ്ബിഐയുടെ 'മോസ്റ്റ് വാണ്ടഡ് ഫ്രോഡ്‌സ്റ്റേഴ്‌സ്' പട്ടികയിൽ ഉൾപ്പെട്ട പ്രതിയെ പിടികൂടുന്ന മൂന്നാമത്തെ വിജയകരമായ നടപടിയാണിതെന്ന് അധികൃതർ അറിയിച്ചു.
2019ൽ ഫ്‌ളോറിഡയിലെ യുഎസ് ജില്ലാ കോടതിയാണ് സതാരിക്കെതിരെ കുറ്റപത്രം സമർപ്പിച്ചത്. വിചാരണയ്ക്ക് മുമ്പ് ജാമ്യത്തിൽ കഴിയുന്നതിനിടെ 2022ൽ ജാമ്യവ്യവസ്ഥകൾ ലംഘിച്ച് ഇയാൾ ഒളിവിൽ പോയതോടെയാണ് ഫെഡറൽ അറസ്റ്റ് വാറന്റും അന്തർദേശീയ തിരച്ചിലും ആരംഭിച്ചത്. വിദേശരാജ്യത്ത് നിന്നാണ് ഒടുവിൽ ഇയാളെ പിടികൂടി അമേരിക്കയലേക്ക് തിരിച്ചെത്തിച്ചത്.
2016 മുതൽ 2019 വരെ വൈദ്യശാസ്ത്രപരമായി ആവശ്യമില്ലാത്തതും ചെലവേറിയതുമായ ജനിതക പരശോധനകൾക്കായി മെഡികെയറിൽ നിന്ന് 547 ദശലക്ഷം ഡോളറിന്റെ വ്യാജ ബില്ലുകൾ സമർപ്പിച്ച ഗൂഢാലോചനയിൽ സതാരി മുഖ്യപങ്കുവഹിച്ചതായാണ് എഫ്ബിഐയുടെ ആരോപണം. തെറ്റിദ്ധരിപ്പിക്കുന്ന പരസ്യങ്ങൾ, അനധികൃത കമ്മിഷനുകൾ, കൈക്കൂലി എന്നിവ ഉപയോഗിച്ച് രോഗികളെ അനാവശ്യ പരിശോധനകൾക്ക് വധേയരാക്കുകയും തുടർന്ന് മെഡികെയറിന് വ്യാജ ക്ലെയിമുകൾ സമർപ്പിക്കുകയുമായിരുന്നു തട്ടിപ്പിന്റെ രീതിയെന്നും അന്വേഷണസംഘം വ്യക്തമാക്കി.
ആയിരക്കണക്കിന് പ്രായമായ രോഗികളെയാണ് ഈ തട്ടിപ്പിലൂടെ ലക്ഷ്യമിട്ടതെന്നും അമേരിക്കൻ നികുതിപ്പണത്തിന് വൻ നഷ്ടമുണ്ടാക്കിയെന്നും ആക്ടിങ് അറ്റോർണി ജനറൽ ടോഡ് ബ്ലാഞ്ച് ആരോപിച്ചു. സർക്കാർ ആരോഗ്യപദ്ധതികളെ തട്ടിപ്പിലൂടെ ദുരുപയോഗം ചെയ്യുന്നവരെ ലോകത്തിന്റെ ഏത് ഭാഗത്തായാലും കണ്ടെത്തി നിയമത്തിന് മുന്നിലെത്തിക്കുമെന്ന് അദ്ദേഹം മുന്നറിയിപ്പ് നൽകി.
കഴിഞ്ഞ അഞ്ച് ആഴ്ചയ്ക്കിടെ എഫ്ബിഐയുടെ 'മോസ്റ്റ് വാണ്ടഡ് ഫ്രോഡ്‌സ്റ്റേഴ്‌സ്' പദ്ധതിയിലൂടെ പിടിയിലാകുന്ന മൂന്നാമത്തെ പ്രതിയാണ് സതാരിയെന്ന് എഫ്ബിഐ ഡയറക്ടർ കാഷ് പട്ടേൽ അറിയിച്ചു. നിയമപാലന ഏജൻസികളുടെ ഏകോപിത പ്രവർത്തനത്തിന്റെ ഫലമായാണ് അറസ്റ്റ് സാധ്യമായതെന്നും അദ്ദേഹം വ്യക്തമാക്കി.
547 ദശലക്ഷം ഡോളറിന്റെ മെഡികെയർ തട്ടിപ്പ്; മൂന്നുവർഷത്തോളം ഒളിവിലായിരുന്ന പ്രതിയെ എഫ്ബിഐ പിടികൂടി
