നാമനിര്‍ദ്ദേശം നേടുന്നതിന് ആവശ്യമായതിനെക്കാള്‍ അധിക പിന്തുണ നേടി കമല ഹാരിസ്

നാമനിര്‍ദ്ദേശം നേടുന്നതിന് ആവശ്യമായതിനെക്കാള്‍ അധിക പിന്തുണ നേടി കമല ഹാരിസ്


വാഷിങ്ടന്‍ ഡിസി: ഏഷ്യന്‍ വംശജയായ കമല ഹാരിസ് അമേരിക്കന്‍ പ്രസിഡന്റ് സ്ഥാനാര്‍ത്ഥിത്വത്തിലേക്ക് വരുന്നതോടെ അമേരിക്കയിലെ ഏഷ്യന്‍ വംശജര്‍ ആവേശത്തിലായി. പ്രത്യേകിച്ച് ഏഷ്യന്‍ വനിതകളാണ് വര്‍ധിച്ച ആവേശം പ്രകടമാക്കിയത്. ഇതിന്റെ പ്രതിഫലനം ഡെമോക്രാറ്റിക് നാഷനല്‍ കണ്‍വെന്‍ഷനില്‍ പ്രകടമായി. ആദ്യ ബാലറ്റില്‍ നാമനിര്‍ദ്ദേശം നേടുന്നതിന് കമല ഹാരിസിന് ആവശ്യമായതിനെക്കാള്‍ അധിക പിന്തുണ ലഭിച്ചു. 1976 പേരുടെ പിന്തുണയാണ് നാമനിര്‍ദ്ദേശം ലഭിക്കുന്നതിന് വേണ്ടിയിരുന്നത്. എന്നാല്‍ ഈ സംഖ്യയെ മറികടന്ന കമല ഹാരിസ്. 2,668 പ്രതിനിധികളുടെ പിന്തുണ ഉറപ്പിച്ചതായി അസോസിയേറ്റഡ് പ്രസ് സര്‍വേ വ്യക്തമാക്കി.

2024 ലെ യുഎസ് തിരഞ്ഞെടുപ്പില്‍ താന്‍ മത്സരിക്കാനില്ലെന്ന് പ്രസിഡന്റ് ജോ ബൈഡന്‍ ജൂലൈ 21 ന് പ്രഖ്യാപിച്ചതിന് തൊട്ടുപിന്നാലെയാണ് ഇത്. ഇന്ത്യന്‍ വംശജയായ കമലയുടെ വരവ് ഏഷ്യന്‍ വോട്ടര്‍മാരെ ഗണ്യമായി സ്വാധീനിക്കും എന്നാണ് പൊതുവേ വിലയിരുത്തപ്പെടുന്നത്. തിരഞ്ഞെടുപ്പ് വിദഗ്ധരും ഇതുതന്നെയാണ് ചൂണ്ടിക്കാട്ടുന്നത്.

കമല ഹാരിസിന്റെ സ്ഥാനാര്‍ത്ഥിത്വത്തെ തുറന്ന ഹൃദയത്തോടെയാണ് ഏഷ്യന്‍ അമേരിക്കന്‍ വനിതകള്‍ സ്വീകരിച്ചത്.  ഡെമോക്രാറ്റിക് പാര്‍ട്ടിയെ ഒരുമിപ്പിക്കാനും നയിക്കാനും ഡോണള്‍ഡ് ട്രംപിനെ നേരിടാനും കഴിയുന്ന ഒരു മികച്ച സ്ഥാനാര്‍ത്ഥിയായിരിക്കും കമലയെന്ന് ഏഷ്യന്‍ അമേരിക്കന്‍ വനിതകള്‍ വിശ്വസിക്കുന്നു.

എഎഎന്‍എച്ച്പിഐ (ഏഷ്യന്‍ അമേരിക്കന്‍, നേറ്റീവ് ഹവായിയന്‍, പസഫിക് ഐലന്‍ഡര്‍) വനിതകളുടെ നേതൃത്വത്തില്‍ നടന്ന ഓണ്‍ലൈന്‍ യോഗത്തില്‍ ആയിരത്തിലധികം ആളുകള്‍ പങ്കെടുക്കുയും, കമല ഹാരിസിന്റെ തിരഞ്ഞെടുപ്പ് പ്രചാരണത്തിനായി 100,000 ഡോളറിലധികം സംഭാവനയായി സമാഹരിക്കുകയും ചെയ്തു. പ്രതിനിധികളായ ഗ്രേസ് മെങ്, ജൂഡി ചു, പ്രമീള ജയപാല്‍, സെന്‍ മാസി ഹൊറോണോ എന്നിവരും ആക്ടിംഗ് ലേബര്‍ സെക്രട്ടറി ജൂലി സു, അംബാസഡര്‍ ചന്തലെ വോങ്, ഗര്‍ഭച്ഛിദ്രാവകാശങ്ങള്‍ക്കായി പൊരുതുന്ന സംഘടനാ നേതാവ് മിനി തിമ്മരാജു എന്നിവര്‍ സംസാരിച്ചു.

''വൈസ് പ്രസിഡന്റ് കമല ഹാരിസിനെ പിന്തുണയ്ക്കുന്നതില്‍ ഞങ്ങള്‍ അഭിമാനിക്കുന്നു. കാരണം ബൈഡന്‍-ഹാരിസ് ഭരണകൂടം കൈവരിച്ച പുരോഗതി ഞങ്ങളുടെ AANHPI കമ്മ്യൂണിറ്റികള്‍ നേരില്‍ കണ്ടതും അനുഭവിച്ചതുമാണ്,'' അവര്‍ പറഞ്ഞു.