പക്ഷിപ്പനി വൈറസ് വ്യാപനം ആശങ്കയിലേക്ക്; വളര്‍ത്തു മൃഗങ്ങളിലും രോഗം കണ്ടെത്തി

പക്ഷിപ്പനി വൈറസ് വ്യാപനം ആശങ്കയിലേക്ക്; വളര്‍ത്തു മൃഗങ്ങളിലും രോഗം കണ്ടെത്തി


വാഷിംഗ്ടണ്‍: കോഴികളിലും കാട്ടുപക്ഷികളിലുമായി പരിമിതപ്പെട്ടിരുന്ന പക്ഷിപ്പനി വൈറസ് പൂച്ചകളിലും നായ്ക്കളിലും കണ്ടെത്തി. യു എസിലെ 31 സംസ്ഥാനങ്ങളിലും വളര്‍ത്തു മൃഗങ്ങളിലും വന്യജീവികളിലേക്കും പക്ഷിപ്പനി പടരുന്നുവെന്നത് ആശങ്ക പടര്‍ത്തിയിട്ടുണ്ട്. 

വളര്‍ത്തു മൃഗങ്ങളിലും പക്ഷിപ്പനി വൈറസ് കണ്ടെത്തിയതോടെ മനുഷ്യ സമ്പര്‍ക്കത്തിലുള്ള മൃഗങ്ങളുടെ ഉടമകള്‍ ആശങ്കയിലാണ്. 

യു എസ് എ ടുഡേ റിപ്പോര്‍ട്ട് പ്രകാരം വൈറസ് ഇതിനകം 12 സംസ്ഥാനങ്ങളിലെ എലികള്‍, കുറുക്കന്മാര്‍, പര്‍വത സിംഹങ്ങള്‍, അല്‍പാക്കകള്‍, പശുക്കള്‍ എന്നിവയെ ബാധിച്ചിട്ടുണ്ട്. വൈറസ് ബാധ പാല്‍ ഉത്ന്നങ്ങളെ ബാധിക്കില്ലെന്നാണ് നേരത്തെ വിദഗ്ധര്‍ പറഞ്ഞിരുന്നതെങ്കിലും കഴിഞ്ഞ കുറച്ച് മാസങ്ങളായി രാജ്യത്തുടനീളം കറവപ്പശുക്കള്‍ക്കിടയില്‍ വൈറസ് അതിവേഗം പടരുന്നുണ്ട്. ഇതിനകം 90-ലധികം കന്നുകാലികളെ രോഗം ബാധിച്ചിട്ടുണ്ട്. 

ഈ മൃഗങ്ങള്‍ക്ക് പുറമേ, എച്ച് 5 എന്‍ 1 വൈറസ് ക്ഷീരോത്പാദനത്തേയും പൗള്‍ട്രി ഫാമുകളേയും മാത്രമല്ല മൂന്ന് കര്‍ഷക തൊഴിലാളികളേയും ബാധിച്ചിട്ടുണ്ട്. നായ്ക്കള്‍ക്കും പൂച്ചകള്‍ക്കും വൈറസ് കേസുകള്‍ റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിട്ടുള്ളതിനാല്‍ യഥാര്‍ഥ ആശങ്കയില്‍ വലിയ വര്‍ധനവാണ് ഉണ്ടായിരിക്കുന്നത്. 

റിപ്പോര്‍ട്ടുകള്‍ പ്രകാരം മാര്‍ച്ച് 1 മുതല്‍ ഒമ്പത് യു എസ് സംസ്ഥാനങ്ങളിലായി 21-ലധികം വളര്‍ത്തു പൂച്ചകള്‍ക്ക് രോഗം സ്ഥിരീകരിച്ചിട്ടുണ്ട്. ഡയറി ഫാമുകളിലുടനീളം അണുബാധകള്‍ പടരുന്നുണ്ടെങ്കിലും രോഗബാധിതരും ചത്തതുമായ പൂച്ചകളില്‍ ചിലത് രോഗലക്ഷണങ്ങള്‍ പ്രകടമാക്കിയിട്ടില്ല. 

പൂച്ചകള്‍ക്ക് ഏവിയന്‍ ഇന്‍ഫ്‌ളുവന്‍സ പിടിപെടുമെന്ന് ഗവേഷകര്‍ നേരത്തെ തന്നെ മുന്നറിയിപ്പ് നല്‍കിയിരുന്നു. മേരിലാന്‍ഡ് സര്‍വ്വകലാശാലയിലെ ഗവേഷകയായ ക്രിസ്റ്റന്‍ കോള്‍മാന്‍ പറയുന്നതനുസരിച്ച്, 'വളര്‍ത്തു പൂച്ചകള്‍ക്ക് ഏവിയന്‍ ഇന്‍ഫ്‌ളുവന്‍സ പ്രത്യേകിച്ച് എച്ച്5 എന്‍ 1 വരാനുള്ള സാധ്യത വളരെ കൂടുതലാണ്' എന്ന് ന്യൂയോര്‍ക്ക് ടൈംസ് റിപ്പോര്‍ട്ട് ചെയ്തു.

പക്ഷിപ്പനിക്ക് പോസിറ്റീവ് പരീക്ഷിച്ച പൂച്ചകളില്‍ കാട്ടുപൂച്ചകളും വളര്‍ത്തു പൂച്ചകളും ഉള്‍പ്പെടുന്നു. നായക്ക് രോഗബാധയുണ്ടായ റിപ്പോര്‍ട്ടുകളുടെ എണ്ണം കുറവാണെങ്കിലും പ്രതിസന്ധി ഇപ്പോഴും നിലനില്‍ക്കുന്നുണ്ട്. 2020ല്‍ ആദ്യമായി പ്രത്യക്ഷപ്പെട്ട പക്ഷിപ്പനിയുടെ പുതിയ തരം എച്ച്5എന്‍1 ലോകമെമ്പാടും അതിവേഗമാണ് പടര്‍ന്നത്. പൂച്ചകളിലും നായ്ക്കളിലുമുള്ള സംഭവങ്ങള്‍ അസാധാരണമാണെങ്കിലും ഗുരുതരമായ രോഗത്തിനും മരണത്തിനും കാരണമാകുന്നു എന്നതിനാല്‍ ഗൗരവമായി പരിഗണിക്കണമെന്ന് ശാസ്ത്രജ്ഞര്‍ കരുതുന്നു.

വളര്‍ത്തുമൃഗങ്ങള്‍ക്ക് രോഗം ബാധിച്ചാല്‍ അതുമായി ബന്ധപ്പെട്ട ആളുകള്‍ക്ക് അസുഖം വരാനുള്ള ചെറിയ സാധ്യതയുണ്ടെന്ന് സി ഡി സി പറയുന്നു. പൂച്ചയുടെ ഉമിനീര്‍, വിസര്‍ജ്ജനം, അല്ലെങ്കില്‍ മറ്റ് ശരീരസ്രവങ്ങള്‍ എന്നിവയില്‍ എച്ച്5എന്‍1 വൈറസ് ബാധിച്ചേക്കാമെന്ന് വിദഗ്ധര്‍ കരുതുന്നു.