കമലാ ഹാരിസിനെ ബൈഡന്‍ അംഗീകരിച്ചത് ഒബാമയ്ക്ക് തിരിച്ചടിയായെന്ന് റിപ്പോര്‍ട്ട്

കമലാ ഹാരിസിനെ ബൈഡന്‍ അംഗീകരിച്ചത് ഒബാമയ്ക്ക് തിരിച്ചടിയായെന്ന് റിപ്പോര്‍ട്ട്


വാഷിംഗ്ടണ്‍: പ്രസിഡന്റ് ജോ ബൈഡന്‍ തന്റെ വൈസ് പ്രസിഡന്റ് കമലാ ഹാരിസിനെ പ്രസിഡന്റ് തെരഞ്ഞെടുപ്പില്‍ ഡെമോക്രാറ്റിക് സ്ഥാനാര്‍ഥിയായി അംഗീകരിച്ചത് മുന്‍ പ്രസിഡന്റ് ഒബാമയ്ക്ക് തിരിച്ചടിയായെന്ന് ന്യൂയോര്‍ക്ക് ടൈംസ് റിപ്പോര്‍ട്ട്. 

ഒബാമയും മറ്റ് മുതിര്‍ന്ന ഡെമോക്രാറ്റ് നേതാക്കളും ചേര്‍ന്ന് ബൈഡനെ പ്രസിഡന്റ് തെരഞ്ഞെടുപ്പില്‍ നിന്ന് മാറാന്‍ നിര്‍ബന്ധിതനാക്കിയതായി ഒന്നിലധികം റിപ്പോര്‍ട്ടുകളുണ്ടെന്നും വാര്‍ത്തയില്‍ പറയുന്നു.  'ജനാധിപത്യ സംരക്ഷണത്തിനും' രാജ്യത്തിന്റെ നന്മയ്ക്കുമായി താന്‍ പ്രസിഡന്റ് സ്ഥാനാര്‍ഥിത്വം ഉപേക്ഷിക്കുകയാണെന്ന് യു എസ് പ്രസിഡന്റ് പറഞ്ഞെങ്കിലും ഡെമോക്രാറ്റ് നേതാക്കള്‍ അദ്ദേഹത്തോട് കാണിച്ച പെരുമാറ്റം സുഖകരമായിരുന്നില്ലെന്നും റിപ്പോര്‍ട്ട് പറയുന്നു. അതുകൊണ്ടാണ് നിലവിലുണ്ടായിരുന്ന സാഹചര്യത്തില്‍ നിന്നും കാര്യങ്ങള്‍ മാറ്റാനും തന്റെ തന്റെ അധികാരം ഉറപ്പിക്കാനുമുള്ള ശ്രമത്തില്‍ ബൈഡന്‍ ഉടന്‍ തന്നെ കമലാ ഹാരിസിനെ അംഗീകരിച്ചത്. ഇത് ഒബാമയെ പിറകോട്ടേക്ക് നയിക്കുകയായിരുന്നു. 

ജോ ബൈഡന്റെ നീക്കം ഒബാമയ്ക്ക് അടിയായെന്നാണ് ന്യൂയോര്‍ക്ക് ടൈംസ് ബൈഡന്‍ കുടുംബവുമായി അടുത്ത ഒരു സ്രോതസ്സിനെ ഉദ്ധരിച്ചത്. റിപ്പോര്‍ട്ടില്‍ നാലക്ഷരമുള്ള ഇംഗ്ലീഷ് അശ്ലീല പദത്തിലെ മധ്യത്തില്‍ നിന്നും രണ്ടക്ഷരങ്ങള്‍ ഒഴിവാക്കി നക്ഷത്ര ചിഹ്നം നല്‍കിയാണ് പ്രസിദ്ധീകരിച്ചത്. താന്‍ പുറത്താവുകയാണെങ്കില്‍ കമലാ ഹാരിസിനെ അംഗീകരിക്കുകയാണ് എന്നാണ് ജോ ബൈഡന്‍ പറഞ്ഞതെന്നും റിപ്പോര്‍ട്ടുകളുണ്ട്. 

ബരാക് ഒബാമയും മുന്‍ ഹൗസ് സ്പീക്കര്‍ നാന്‍സി പെലോസിയും ഒരു മിനി പ്രൈമറി നടത്താന്‍ ആഗ്രഹിക്കുന്നുവെന്നും കമലാ ഹാരിസ് വിജയിക്കില്ലായിരുന്നുവെന്നും റിപ്പോര്‍ട്ട് അവകാശപ്പെട്ടു.

മുന്‍ പ്രസിഡന്റിനെ കൂടുതല്‍ സ്വാധീനിക്കുന്നതിന് കമലാ ഹാരിസിന്റെ പ്രചാരണത്തില്‍ സജീവ പങ്ക് വഹിക്കാന്‍ ബൈഡന്‍ പദ്ധതിയിടുന്നതായി മറ്റൊരു സ്രോതസ്സ് വിശദമാക്കുന്നു. 

ആദ്യഘട്ടത്തില്‍ നിശ്ശബ്ദത പാലിച്ചതിന് ശേഷമാണ് ബറാക്ക് ഒബാമയും മിഷേലും ഡെമോക്രാറ്റിക് നോമിനിയായി കമലാ ഹാരിസിനെ അംഗീകരിച്ചത്.

കമലാ ഹാരിസ് തന്റെ സോഷ്യല്‍ മീഡിയ അക്കൗണ്ടുകളില്‍ പങ്കിട്ട ഒരു വീഡിയോയില്‍ നിലവിലെ വൈസ് പ്രസിഡന്റിനെ ഒബാമ ഔദ്യോഗികമായി അംഗീകരിക്കുന്നത് കേള്‍ക്കാം.

ഒബാമയെ കൂടാതെ പെലോസി, യു എസ് സെനറ്റ് ഭൂരിപക്ഷ നേതാവ് ചക്ക് ഷുമര്‍, ഹൗസ് മൈനോറിറ്റി നേതാവ് ഹക്കീം ജെഫ്രീസ് തുടങ്ങി നിരവധി മുന്‍നിര ഡെമോക്രാറ്റുകളുടെയെല്ലാം അംഗീകാരം കമലയ്ക്ക് ലഭിച്ചിട്ടുണ്ട്.