സിനിമയില്‍ നിന്ന് പിന്മാറാന്‍ ശ്രമിച്ചപ്പോള്‍ നിയമനടപടി ഭീഷണി; ബെന്‍ ഷാപിറോയുടെ ഐസിഇ ചിത്രത്തിനെതിരെ ഡാനി ട്രെജോ

സിനിമയില്‍ നിന്ന് പിന്മാറാന്‍ ശ്രമിച്ചപ്പോള്‍ നിയമനടപടി ഭീഷണി; ബെന്‍ ഷാപിറോയുടെ ഐസിഇ ചിത്രത്തിനെതിരെ ഡാനി ട്രെജോ


ഹോളിവുഡ് നടന്‍ ഡാനി ട്രെജോ, ബെന്‍ ഷാപിറോയുടെ മാധ്യമസ്ഥാപനമായ ദ ഡെയിലി വയര്‍ നിര്‍മിക്കുന്ന വിവാദ ചിത്രം 'പോണ്‍ ഷോപ്പി'ല്‍ നിന്ന് പിന്മാറാന്‍ ശ്രമിച്ചപ്പോള്‍ നിര്‍മാതാക്കള്‍ നിയമനടപടി സ്വീകരിക്കുമെന്ന് ഭീഷണിപ്പെടുത്തിയതായി വെളിപ്പെടുത്തി. ചിത്രത്തില്‍ അഭിനയിക്കാന്‍ താല്‍പര്യമില്ലെന്ന് അറിയിച്ചിട്ടും പിന്മാറാന്‍ അനുവദിച്ചില്ലെന്നാണ് നടന്റെ വെളിപ്പെടുത്തല്‍.

ശനിയാഴ്ച ടിഎംസിക്ക് നല്‍കിയ അഭിമുഖത്തിലാണ് ട്രെജോ ഇക്കാര്യം വ്യക്തമാക്കിയത്. ചിത്രത്തില്‍ നിന്ന് പിന്മാറാന്‍ ശ്രമിച്ചപ്പോള്‍ നിര്‍മാതാക്കള്‍ തനിക്കെതിരെ കേസെടുക്കുമെന്ന് മുന്നറിയിപ്പ് നല്‍കിയതായി അദ്ദേഹം പറഞ്ഞു. താന്‍ പിന്മാറാന്‍ ശ്രമിച്ചെങ്കിലും അവര്‍ സമ്മതിച്ചില്ലെന്നും അതിനാല്‍ തനിക്ക് പറയേണ്ടിയിരുന്ന സംഭാഷണങ്ങളില്‍ ചില മാറ്റങ്ങള്‍ വരുത്തിയാണ് പ്രതികരിച്ചതെന്നും ട്രെജോ വെളിപ്പെടുത്തി. സിനിമയുടെ അണിയറപ്രവര്‍ത്തകര്‍ പ്രതീക്ഷിച്ച രീതിയിലുള്ള സംഭാഷണങ്ങള്‍ പറയാതെ സ്വന്തം നിലപാടിനനുസരിച്ച് ചില വാക്കുകള്‍ മാറ്റുകയായിരുന്നുവെന്നും അദ്ദേഹം വ്യക്തമാക്കി.

ചിത്രത്തില്‍ ട്രെജോ അഭിനയിക്കുന്നുവെന്ന വാര്‍ത്ത പുറത്തുവന്നതോടെ വലിയ വിമര്‍ശനമാണ് ഉയര്‍ന്നത്. കുടിയേറ്റക്കാരെ പിടികൂടുന്നതിനും നാടുകടത്തുന്നതിനും ചുമതലയുള്ള യുഎസ് ഏജന്‍സിയായ ഐസിഇയുടെ (ഇമിഗ്രേഷന്‍ ആന്‍ഡ് കസ്റ്റംസ് എന്‍ഫോഴ്‌സ്‌മെന്റ്) പശ്ചാത്തലത്തിലാണ് ചിത്രം ഒരുക്കുന്നത്. ഇതോടെ ചിത്രത്തിന്റെ രാഷ്ട്രീയ നിലപാടുകളുമായി ബന്ധപ്പെട്ട ചര്‍ച്ചകളും ശക്തമായി.

വിമര്‍ശനങ്ങള്‍ക്ക് മറുപടിയായി ഒക്ടോബറില്‍ തന്നെ ട്രെജോ തന്റെ നിലപാട് വ്യക്തമാക്കിയിരുന്നു. താനൊരു അഭിമാനിയായ മെക്‌സിക്കന്‍ വംശജനാണെന്നും കുടിയേറ്റക്കാരുടെ അവകാശങ്ങള്‍ക്കും സ്വന്തം സമൂഹത്തിനും എന്നും പിന്തുണ നല്‍കുന്നയാളാണെന്നും അദ്ദേഹം പറഞ്ഞിരുന്നു. താന്‍ കുടിയേറ്റ അനുകൂലിയാണെന്നും ഐസിഇയുടെ നടപടികളെ പിന്തുണയ്ക്കുന്നില്ലെന്നും അദ്ദേഹം വ്യക്തമാക്കിയിരുന്നു.

മൈക്കല്‍ പോളിഷ് സംവിധാനം ചെയ്യുന്ന ചിത്രത്തിന് തിരക്കഥയൊരുക്കുന്നത് ജേക്ക് ഹാര്‍ലനാണ്. അറസ്റ്റിനിടെ പങ്കാളിയായ ഉദ്യോഗസ്ഥന്‍ കൊല്ലപ്പെടുന്നതോടെ അപകടത്തിലാകുന്ന യുവ ഐസിഇ ഉദ്യോഗസ്ഥന്റെ കഥയാണ് ചിത്രം പറയുന്നത്. പ്രകോപിതരായ ജനക്കൂട്ടത്തില്‍ നിന്ന് രക്ഷപ്പെടാന്‍ ശ്രമിക്കുന്ന ഉദ്യോഗസ്ഥന്‍ ഒരു അയല്‍പക്കത്തെ പണയവ്യാപാരശാലയില്‍ അഭയം തേടുന്നു. അവിടെ ഹിസ്പാനിക് വംശജനായ ഒരു മുന്‍ സൈനികനും അദ്ദേഹത്തിന്റെ പുരോഗമനവാദിയായ പേരക്കുട്ടിക്കുമൊപ്പം അകപ്പെടുന്നതാണ് ചിത്രത്തിന്റെ ഇതിവൃത്തം. ഹാര്‍വി കീറ്റലും ഹെന്റി തോമസും പ്രധാന വേഷങ്ങളിലെത്തുന്ന ചിത്രം 2027ല്‍ റിലീസ് ചെയ്യുമെന്നാണ് പ്രതീക്ഷിക്കുന്നത്.