ബ്രിട്ടനിലെ പെന്‍ഷന്‍ വകുപ്പിന് നേരെ സൈബര്‍ ആക്രമണം; ഓണ്‍ലൈന്‍ സേവനങ്ങള്‍ നിര്‍ത്തിവെച്ചു

ബ്രിട്ടനിലെ പെന്‍ഷന്‍ വകുപ്പിന് നേരെ സൈബര്‍ ആക്രമണം; ഓണ്‍ലൈന്‍ സേവനങ്ങള്‍ നിര്‍ത്തിവെച്ചു


ലണ്ടന്‍: പെന്‍ഷന്‍, ക്ഷേമ ആനുകൂല്യങ്ങള്‍ എന്നിവ വിതരണം ചെയ്യുന്ന ബ്രിട്ടീഷ് സര്‍ക്കാരിന്റെ തൊഴില്‍-പെന്‍ഷന്‍ വകുപ്പിന് (ഡിഡബ്ല്യുപി) നേരെ സൈബര്‍ ആക്രമണശ്രമം. ശനിയാഴ്ച (നവംബര്‍ 28) നടന്ന അനധികൃത കടന്നുകയറ്റശ്രമത്തെ തുടര്‍ന്ന് വകുപ്പിന്റെ ചില ഓണ്‍ലൈന്‍ സേവനങ്ങള്‍ താല്‍ക്കാലികമായി നിര്‍ത്തിവെച്ചു. എന്നാല്‍ പെന്‍ഷന്‍, മറ്റ് ആനുകൂല്യങ്ങള്‍ എന്നിവയുടെ പതിവ് വിതരണം തടസ്സപ്പെടില്ലെന്ന് അധികൃതര്‍ അറിയിച്ചു.

വകുപ്പിന്റെ സംവിധാനങ്ങളിലേക്ക് അനുമതിയില്ലാതെ പ്രവേശിക്കാന്‍ ശ്രമം നടന്നതായി വക്താവ് സ്ഥിരീകരിച്ചു. സംഭവത്തിന്റെ കാരണം കണ്ടെത്തുന്നതിനും സുരക്ഷാ ഭീഷണിയുടെ വ്യാപ്തി വിലയിരുത്തുന്നതിനുമായി വിദഗ്ധര്‍ അന്വേഷണം ആരംഭിച്ചിട്ടുണ്ട്. ദേശീയ സൈബര്‍ സുരക്ഷാ കേന്ദ്രത്തിന്റെയും സര്‍ക്കാര്‍ സൈബര്‍ ഏകോപന കേന്ദ്രത്തിന്റെയും സഹായത്തോടെയാണ് പരിശോധന. ശനിയാഴ്ച വൈകിട്ട് അഞ്ചുവരെയും ചില ഓണ്‍ലൈന്‍ സേവനങ്ങള്‍ പുനഃസ്ഥാപിച്ചിരുന്നില്ല.

ആനുകൂല്യങ്ങള്‍ ലഭിക്കുന്നവര്‍ക്കും പെന്‍ഷന്‍കാര്‍ക്കും നിശ്ചയിച്ച സമയത്ത് പണം ലഭിക്കുമെന്ന് സര്‍ക്കാര്‍ ഉറപ്പുനല്‍കി. ചില ഗുണഭോക്താക്കള്‍ പണം ലഭിക്കാന്‍ വൈകുന്നതായി പരാതിപ്പെട്ടിരുന്നെങ്കിലും ഈ കാലതാമസത്തിന് സൈബര്‍ ആക്രമണവുമായി ബന്ധമുണ്ടെന്ന് വകുപ്പ് കരുതുന്നില്ലെന്നാണ് വിവരം.

ബ്രിട്ടനിലെ പൊതുസ്ഥാപനങ്ങള്‍ക്കും സ്വകാര്യ കമ്പനികള്‍ക്കും നേരെ സൈബര്‍ ആക്രമണങ്ങള്‍ വര്‍ധിച്ചുവരുന്ന സാഹചര്യത്തിലാണ് പുതിയ സംഭവം. ബ്രിട്ടീഷ് ലൈബ്രറി, രക്തപരിശോധനാ സേവനദാതാവ്, ലണ്ടന്‍ ഗതാഗത സംവിധാനം, മാര്‍ക്‌സ് ആന്‍ഡ് സ്‌പെന്‍സര്‍, ജാഗ്വാര്‍ ലാന്‍ഡ് റോവര്‍ തുടങ്ങിയ സ്ഥാപനങ്ങളും മുന്‍പ് സൈബര്‍ ആക്രമണങ്ങള്‍ക്ക് ഇരയായിട്ടുണ്ട്.

ഇതിനിടെ, അമേരിക്കന്‍ വ്യോമസേനയുടെ പ്രധാന ക്ലൗഡ് കമ്പ്യൂട്ടിങ് സംവിധാനമായ 'ക്ലൗഡ് വണ്‍' ഹാക്കര്‍മാര്‍ കൈയേറിയതായി റിപ്പോര്‍ട്ടുകള്‍ പുറത്തുവന്നിരുന്നു. തന്ത്രപ്രധാനമായ സൈനിക വിവരങ്ങള്‍, ഉദ്യോഗസ്ഥരുടെ വിവരങ്ങള്‍, സൈനിക നീക്കങ്ങളുമായി ബന്ധപ്പെട്ട രേഖകള്‍, ലോജിസ്റ്റിക് വിവരങ്ങള്‍ എന്നിവ ചോര്‍ന്നിരിക്കാമെന്ന ആശങ്കയുണ്ട്. നവീകരണ പ്രവര്‍ത്തനങ്ങള്‍ക്കിടെയാണ് അനധികൃത കടന്നുകയറ്റം കണ്ടെത്തിയത്.

സംഭവത്തെ തുടര്‍ന്ന് ക്ലൗഡ് സംവിധാനത്തിലെ ചില പ്രവര്‍ത്തനങ്ങള്‍ തടസ്സപ്പെട്ടു. ബാക്ക് ഓഫീസ് സംവിധാനങ്ങളുടെ മാറ്റവും നിര്‍ണായക ആപ്ലിക്കേഷനുകളുടെ അപ്‌ഡേറ്റും താല്‍ക്കാലികമായി നിര്‍ത്തിവെച്ചു. നാശനഷ്ടങ്ങള്‍ വിലയിരുത്താന്‍ അമേരിക്കന്‍ സൈബര്‍ കമാന്‍ഡും ഇടപെട്ടിട്ടുണ്ട്. ആക്രമണത്തിന് പിന്നില്‍ ആരാണെന്നോ എത്രത്തോളം വിവരങ്ങള്‍ ചോര്‍ന്നെന്നോ ഇതുവരെ വ്യക്തമായിട്ടില്ല. പ്രത്യേക ശൃംഖലകളുടെയും സംവിധാനങ്ങളുടെയും സുരക്ഷാ വിവരങ്ങള്‍ വെളിപ്പെടുത്താനാവില്ലെന്ന് അമേരിക്കന്‍ വ്യോമസേന അറിയിച്ചു.