ഏദന്‍ ഉള്‍ക്കടലില്‍ ആയുധധാരികള്‍ പിടിച്ചെടുത്ത ചരക്ക് കപ്പല്‍ പിന്നീട് ഉപേക്ഷിച്ച് കടന്നുകളഞ്ഞു; ജീവനക്കാര്‍ സുരക്ഷിതര്‍

ഏദന്‍ ഉള്‍ക്കടലില്‍ ആയുധധാരികള്‍ പിടിച്ചെടുത്ത ചരക്ക് കപ്പല്‍ പിന്നീട് ഉപേക്ഷിച്ച് കടന്നുകളഞ്ഞു; ജീവനക്കാര്‍ സുരക്ഷിതര്‍


യെമന്‍: യെമന്‍ തീരത്തുനിന്ന് ഏദന്‍ ഉള്‍ക്കടലില്‍ ആയുധധാരികള്‍ തട്ടിയെടുത്ത ചരക്കുകപ്പല്‍ പിന്നീട് ഉപേക്ഷിച്ചു. കപ്പലിലുണ്ടായിരുന്ന മുഴുവന്‍ ജീവനക്കാരും സുരക്ഷിതരാണെന്നും കപ്പല്‍ അടുത്ത ലക്ഷ്യസ്ഥാനത്തേക്ക് യാത്ര തുടരുകയാണെന്നും യുകെ മാരിടൈം ട്രേഡ് ഓപ്പറേഷന്‍സ് (യുകെഎംടിഒ) അറിയിച്ചു. ശനിയാഴ്ച (നവംബര്‍ 28) യെമനിലെ ബല്‍ഹാഫിന് തെക്കുപടിഞ്ഞാറായി 64 നോട്ടിക്കല്‍ മൈല്‍ അകലെയാണ് സംഭവം.

രാവിലെ 6.30 ജിഎംടിയോടെ (ഇന്ത്യന്‍ സമയം ഉച്ചയ്ക്ക് 12) ആയുധധാരികളായ സംഘം കപ്പലില്‍ അതിക്രമിച്ചുകയറി നിയന്ത്രണം ഏറ്റെടുത്തതായി കപ്പലിന്റെ ക്യാപ്റ്റന്‍ അധികൃതരെ അറിയിക്കുകയായിരുന്നു. തുടര്‍ന്ന് ബന്ധപ്പെട്ട ഏജന്‍സികള്‍ക്ക് വിവരം കൈമാറി അന്വേഷണം ആരംഭിച്ചു. പിന്നീട് നടത്തിയ പരിശോധനയിലാണ് കപ്പല്‍ പിടിച്ചെടുത്തവര്‍ സ്ഥലംവിട്ടതായും ജീവനക്കാര്‍ സുരക്ഷിതരാണെന്നും സ്ഥിരീകരിച്ചത്.

ആഫ്രിക്കയുടെ കൊമ്പ് എന്നറിയപ്പെടുന്ന മേഖലയിലും സമീപ സമുദ്രഭാഗങ്ങളിലും കഴിഞ്ഞ ഒരു വര്‍ഷമായി കടല്‍ക്കൊള്ളാ സംഭവങ്ങള്‍ വര്‍ധിക്കുന്നതായി നിരീക്ഷകര്‍ ചൂണ്ടിക്കാട്ടുന്നു. പശ്ചിമേഷ്യയിലെ സംഘര്‍ഷങ്ങളുടെ പശ്ചാത്തലത്തില്‍ അറേബ്യന്‍ ഉപദ്വീപിന് സമീപമുള്ള സമുദ്രപാതകളിലും ചരക്കുകപ്പലുകള്‍ക്ക് സുരക്ഷാഭീഷണി നിലനില്‍ക്കുകയാണ്.

ഏഷ്യയെയും യൂറോപ്പിനെയും ബന്ധിപ്പിക്കുന്ന പ്രധാന അന്താരാഷ്ട്ര കപ്പല്‍ഗതാഗത പാതയാണ് ഏദന്‍ ഉള്‍ക്കടല്‍. ബാബ് അല്‍ മന്ദബ് കടലിടുക്ക് വഴി ചെങ്കടലുമായി ബന്ധപ്പെടുന്ന ഈ പാതയിലൂടെ പ്രതിദിനം നിരവധി ചരക്കുകപ്പലുകളാണ് സഞ്ചരിക്കുന്നത്.

മേഖലയിലൂടെ കടന്നുപോകുന്ന കപ്പലുകള്‍ ജാഗ്രത പാലിക്കണമെന്നും സംശയാസ്പദമായ നീക്കങ്ങള്‍ ശ്രദ്ധയില്‍പ്പെട്ടാല്‍ ഉടന്‍ റിപ്പോര്‍ട്ട് ചെയ്യണമെന്നും യുകെഎംടിഒ നിര്‍ദേശിച്ചു.