അമേരിക്കയ്ക്കെതിരായ സൈനിക നീക്കങ്ങള്‍ ഏകോപിപ്പിക്കാന്‍ ഇറാന് ഇലോണ്‍ മസ്കിന്റെ ഉടമസ്ഥതയിലുള്ള സ്പേസ് എക്സിന്റെ സ്റ്റാര്‍ലിങ്ക് ഉപഗ്രഹ ഇന്റര്‍നെറ്റ് സംവിധാനം ഉപയോഗിച്ചതായി റിപ്പോര്‍ട്ട്. ഇറാന്റെ പരമ്പരാഗത ആശയവിനിമയ സംവിധാനങ്ങള്‍ അമേരിക്കന്‍ ആക്രമണത്തില്‍ തകര്‍ക്കപ്പെട്ടതിനെ തുടര്‍ന്നാണ് സൈനിക നീക്കങ്ങള്‍ ഏകോപിപ്പിക്കാന്‍ സ്റ്റാര്‍ലിങ്ക് ടെര്‍മിനലുകള്‍ ഉപയോഗിച്ചതെന്നാണ് റിപ്പോര്‍ട്ടിലെ വെളിപ്പെടുത്തല്‍. സംഭവത്തില്‍ സ്പേസ് എക്സ് മേധാവി ഇലോണ്‍ മസ്ക് അതൃപ്തി പ്രകടിപ്പിച്ചതായും വാഷിങ്ടണ്‍ പോസ്റ്റിനെ ഉദ്ധരിച്ചുള്ള റിപ്പോര്‍ട്ടുകള്‍ വ്യക്തമാക്കുന്നു.
ഫെബ്രുവരി 28ന് അമേരിക്കയും ഇസ്രയേലും ഇറാനെതിരെ നടത്തിയ ആക്രമണത്തിന് പിന്നാലെ പശ്ചിമേഷ്യയിലെ അമേരിക്കന്‍ സൈനിക താവളങ്ങള്‍ ലക്ഷ്യമിട്ട് ഇറാന് ബാലിസ്റ്റിക് മിസൈലുകളും ഡ്രോണുകളും ഉപയോഗിച്ച് തിരിച്ചടിച്ചിരുന്നു. ഈ സൈനിക നീക്കങ്ങള്‍ ഏകോപിപ്പിക്കുന്നതിനും കമാന്‍ഡ് സംവിധാനങ്ങള്‍ പ്രവര്‍ത്തിപ്പിക്കുന്നതിനും സ്റ്റാര്‍ലിങ്ക് സഹായകമായെന്നാണ് അമേരിക്കന്‍ സൈനിക നടപടികളുമായി ബന്ധപ്പെട്ട വിവരങ്ങള്‍ അറിയാവുന്നവരെ ഉദ്ധരിച്ചുള്ള റിപ്പോര്‍ട്ട്. അമേരിക്കന്‍ സൈന്യം ഇറാന്റെ പരമ്പരാഗത ആശയവിനിമയ ശൃംഖലകള്‍ ലക്ഷ്യമിട്ടതിനു ശേഷവും സ്റ്റാര്‍ലിങ്ക് വഴി ഇറാന് സൈനിക ആശയവിനിമയം നടത്തിയതായി പ്രതിരോധ സെക്രട്ടറി പീറ്റ് ഹെഗ്സെത്തിന് വേണ്ടി തയ്യാറാക്കിയ രഹസ്യ റിപ്പോര്‍ട്ടിലും പരാമര്‍ശമുണ്ടെന്നാണ് വിവരം.
അതേസമയം, സ്റ്റാര്‍ലിങ്കിന്റെ സൈനിക ആവശ്യങ്ങള്‍ക്കായുള്ള പതിപ്പായ സ്റ്റാര്‍ഷീല്‍ഡ് ഉപയോഗിച്ച് അമേരിക്കന്‍ സൈന്യവും ഇറാനെതിരെ ഡ്രോണ്‍ ആക്രമണങ്ങള്‍ നടത്തിയതായി റിപ്പോര്‍ട്ടിലുണ്ട്. കുറഞ്ഞ ചെലവില്‍ നിര്‍മിച്ച ആളില്ലാ യുദ്ധവിമാന സംവിധാനമായ ലൂക്കാസ് (LUCAS) ഡ്രോണുകളുടെ പ്രവര്‍ത്തനത്തിനാണ് ഇത് ഉപയോഗിച്ചത്. എന്നാല്‍, വ്യോമപ്രവര്ത്തനങ്ങള്ക്കായി പ്രത്യേകം രൂപകല്‍പ്പന ചെയ്ത ചെലവേറിയ സബ്സ്ക്രിപ്ഷന് പദ്ധതിക്ക് പകരം കരയിലുള്ള പ്രവര്‍ത്തനങ്ങള്‍ക്കായി നിശ്ചയിച്ച കുറഞ്ഞ നിരക്കിലുള്ള പദ്ധതിയാണ് അമേരിക്കന്‍ സൈന്യം ഉപയോഗിച്ചതെന്നാണ് ആരോപണം. വ്യോമ ഉപയോഗത്തിനുള്ള പദ്ധതിയുടെ ചെലവ് ഇതിന്റെ അഞ്ചിരട്ടിയാണെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.
വാണിജ്യ ആവശ്യങ്ങള്‍ക്കായി ലഭ്യമാക്കുന്ന സ്റ്റാര്‍ലിങ്ക് ടെര്‍മിനലുകള്‍ ആയുധ സംവിധാനങ്ങളുടെ പ്രവര്‍ത്തനത്തിന് ഉപയോഗിക്കുന്നത് സേവന വ്യവസ്ഥകളുടെ ലംഘനമാണെന്ന് മസ്ക് നേരത്തേ എക്സിലൂടെ മുന്നറിയിപ്പ് നല്‍കിയിരുന്നു. റഷ്യ യുക്രെയ്നെതിരായ ഡ്രോണ്‍ ആക്രമണങ്ങളില്‍ സ്റ്റാര്‍ലിങ്ക് ഉപയോഗിക്കുന്നത് തടയാന്‍ കമ്പനി നടപടികള്‍ സ്വീകരിച്ച സാഹചര്യത്തിലാണ് ഇറാന്റെയും അമേരിക്കയുടെയും സൈനിക ആവശ്യങ്ങള്‍ക്കായുള്ള ഉപയോഗം മസ്കിനെ കൂടുതല്‍ പ്രകോപിപ്പിച്ചതെന്നാണ് റിപ്പോര്‍ട്ട്. അനധികൃത ഉപയോഗവുമായി ബന്ധപ്പെട്ട സംഭവങ്ങള്‍ക്കു പിന്നാലെ കമ്പനിയിലെ രണ്ട് ഉന്നത ഉദ്യോഗസ്ഥരെ പുറത്താക്കിയതായും സൂചനയുണ്ട്.
സംഭവങ്ങള്‍ക്കു പിന്നാലെ സ്റ്റാര്‍ലിങ്ക് വിതരണ ശൃംഖലയിലെ നിയന്ത്രണങ്ങള്‍ സ്പേസ് എക്സ് ശക്തമാക്കി. ഉപഭോക്താക്കളുടെ തിരിച്ചറിയല്‍ പരിശോധന കര്‍ശനമാക്കുകയും ഇടനിലക്കാര്‍ വഴിയുള്ള സേവനവിതരണ പദ്ധതി നിര്‍ത്തിവയ്ക്കുകയും ചെയ്തു. എന്നാല്‍ ഇറാനില്‍ സ്റ്റാര്‍ലിങ്കിന്റെ ഉപയോഗം പൂര്‍ണമായി നിയന്ത്രിക്കുന്നത് കമ്പനിക്ക് വലിയ വെല്ലുവിളിയാണ്. സര്‍ക്കാര്‍ ഏര്‍പ്പെടുത്തുന്ന ഇന്റര്‍നെറ്റ് നിയന്ത്രണങ്ങള്‍ മറികടക്കാനും പുറംലോകവുമായി ബന്ധപ്പെടാനും സാധാരണ ഇറാന് പൗരന്മാര്ക്കും വിമതശബ്ദങ്ങള്‍ക്കും സ്റ്റാര്‍ലിങ്ക് പ്രധാന ആശയവിനിമയ മാര്‍ഗമാണ്.
സ്റ്റാര്‍ലിങ്ക് സേവനം തടഞ്ഞാല്‍ സര്‍ക്കാര്‍ നിയന്ത്രണങ്ങളെ മറികടന്ന് വിവരങ്ങള്‍ കൈമാറുന്ന സാധാരണക്കാരുടെ ആശയവിനിമയവും നിലയ്ക്കാനിടയുണ്ട്. അതേസമയം സേവനം തുടരുന്നത് ഇറാന് ഭരണകൂടത്തിനും സൈനിക ആവശ്യങ്ങള്‍ക്കായി സംവിധാനം ദുരുപയോഗം ചെയ്യാനുള്ള സാധ്യത തുറന്നിടുന്നു. സ്വകാര്യ കമ്പനികളുടെ ഉപഗ്രഹ സാങ്കേതികവിദ്യ ആധുനിക യുദ്ധങ്ങളില്‍ നിര്‍ണായകമാകുന്നതും ഒരേ സംവിധാനം എതിരാളികളായ രാജ്യങ്ങള്‍ പോലും ഉപയോഗിക്കുന്നതും പുതിയ സുരക്ഷാ പ്രതിസന്ധിക്കാണ് വഴിയൊരുക്കുന്നത്.
ഇറാന് യുദ്ധനീക്കങ്ങള്‍ക്കായി മസ്കിന്റെ സ്റ്റാര്‍ലിങ്ക് ഉപയോഗിച്ചോ? അമേരിക്കന്‍ സൈന്യത്തിനും തിരിച്ചടി; റിപ്പോര്‍ട്ട് പുറത്ത്
