മോസ്‌കോ: ശക്തമായ ഭൂകമ്പത്തിന് പിന്നാലെ റഷ്യയില്‍ സൂനാമി. പിന്നാലെ ജപ്പാനിലും സൂനാമി ആഞ്ഞടിച്ചു.
റഷ്യയിലെ കാംചത്ക ഉപദ്വീപിലാണ് ശക്തമായ ഭൂകമ്പം അനുഭവപ്പെട്ടത്. പസഫിക്ക് സമുദ്രത്തിലെ പെട്രോപാവ്‌ലോവ്‌സ്‌ക്- കാംചാറ്റ്‌സ്‌കി നഗരത്തിന് തെക്കു കിഴക്ക് 126 കിലോമീറ്റര്‍ അകലെയാണ് ഭൂകമ്പത്തിന്റെ പ്രഭവകേന്ദ്രമെന്നാണ് യു എസ് ജിയോളജിക്കല്‍ സര്‍വേ അറിയിച്ചത്.
ചരിത്രത്തിലെ ഏറ്റവും വലിയ ഭൂകമ്പമായിരിക്കാം ഇതെന്നാണ് കരുതുന്നത്. സൂനാമി തിരമാലകള്‍ പത്തടിയിലേറെയാണ് ഉയരുമെന്നാണ് ഭയപ്പെടുന്നത്.
സെവേറോ- കുറില്‍സ്‌ക് മേഖലയില്‍ സൂനാമി തിരകള്‍ ശക്തമായി കരയിലേക്ക് കയറുന്ന ദൃശ്യങ്ങള്‍ പുറത്തുവന്നു. പിന്നാലെയാണ് ജപ്പാനിലും സൂനാമി ആഞ്ഞടിച്ചത്. വടക്കന്‍ ജപ്പാനിലെ ഹൊക്കൈഡോ മേഖലയിലാണ് സൂനാമി അടിച്ചത്.
റഷ്യയിലേയും ജപ്പാനിലേയും സൂനാമിയെ തുടര്‍ന്ന് യു എസില്‍ ജാഗ്രത കടുപ്പിച്ചു. ജപ്പാനിലും യു എസിലും നേരത്തെ തന്നെ സൂനാമി മുന്നറിയിപ്പുകളുണ്ടായിരുന്നു. അലാസ്‌ക, ഹവായി, എന്നിവിടങ്ങളിലാണ് യു എസില്‍ മുന്നറിയിപ്പ് നല്‍കിയത്. തീരങ്ങളില്‍ നിന്നും ഒഴിപ്പിക്കല്‍ നടപടികളെടുത്തിട്ടുണ്ട്.
യു എസിന് പുറമേ ഇന്തോനേഷ്യ, ഫിലിപ്പൈന്‍സ്, ന്യൂസിലാന്റ്, കാനഡ തുടങ്ങിയ രാജ്യങ്ങളിലും സൂനാമി മുന്നറിയിപ്പുകളുണ്ട്.
