ട്രംപ് അധികാരത്തില്‍ വന്നാല്‍ 2 ട്രില്യണ്‍ ഡോളര്‍ സര്‍ക്കാര്‍ ചെലവ് വെട്ടിക്കുറയ്ക്കുമെന്ന് എലോണ്‍ മസ്‌ക്

ട്രംപ് അധികാരത്തില്‍ വന്നാല്‍ 2 ട്രില്യണ്‍ ഡോളര്‍ സര്‍ക്കാര്‍ ചെലവ് വെട്ടിക്കുറയ്ക്കുമെന്ന് എലോണ്‍ മസ്‌ക്


ന്യൂയോര്‍ക്ക്: ഡോണള്‍ഡ് ട്രംപ് വീണ്ടും അധികാരത്തില്‍ വന്നാല്‍ സര്‍ക്കാരിന്റെ ചെലവ് ഗണ്യമായി വെട്ടിക്കുറക്കാന്‍ കഴിയുമെന്ന് ശതകോടീശ്വരന്‍ എലോണ്‍ മസ്‌ക് പറഞ്ഞതായി ബ്ലൂംബര്‍ഗ് റിപ്പോര്‍ട്ട്.

മുന്‍ യുഎസ് പ്രസിഡന്റും റിപ്പബ്ലിക്കന്‍ സ്ഥാനാര്‍ത്ഥിയുമായ ഡോണാള്‍ഡ് ട്രംപിന് വേണ്ടി നടത്തിയ റാലിയില്‍ സംസാരിക്കുകയായിരുന്നു മസ്‌ക്. ഈ നവംബറില്‍ ഡോണാള്‍ഡ് ട്രംപ് പ്രസിഡന്റ് സ്ഥാനം നേടിയാല്‍ 'ഗണ്യമായ സര്‍ക്കാര്‍ ചെലവ് വെട്ടിക്കുറയ്ക്കല്‍' പ്രതീക്ഷിക്കുന്നതായി ശതകോടീശ്വരന്‍ പറഞ്ഞു.

വെട്ടിക്കുറക്കാന്‍ ലക്ഷ്യമിടുന്ന 2 ട്രില്യണ്‍ ഡോളര്‍ നിലവിലുള്ള ചെലവിന്റെ മൂന്നിലൊന്ന് വരുമെന്ന് റിപ്പോര്‍ട്ടില്‍ പറയുന്നു. ട്രഷറി ഡിപ്പാര്‍ട്ട്‌മെന്റിന്റെ കണക്കനുസരിച്ച് യുഎസ് സര്‍ക്കാര്‍ 24 സാമ്പത്തിക വര്‍ഷത്തില്‍ 6.75 ട്രില്യണ്‍ ഡോളര്‍ ചെലവഴിച്ചിട്ടുണ്ട്. ഇത് 4.75 ആയി കുറയ്ക്കാന്‍ കഴിയുമെന്നാണ് മസ്‌കിന്റെ അവകാശവാദം.

'അമിത ചെലവിലൂടെ സര്‍ക്കാര്‍ നിങ്ങളുടെ പണം പാഴാക്കുകയാണെന്ന് ന്യൂയോര്‍ക്കിലെ മാഡിസണ്‍ സ്‌ക്വയര്‍ ഗാര്‍ഡനില്‍ നടന്ന റാലിയെ അഭിസംബോധന ചെയ്തുകൊണ്ട് മസ്‌ക് പറഞ്ഞു.

ബൈഡന്‍ ഭരണകൂടത്തിന്റെ ബജറ്റില്‍ നിന്ന് മസ്‌ക്കിന് എത്രമാത്രം  ഒഴിവാക്കാന്‍ കഴിയുമെന്ന യുഎസ് ധനകാര്യ സേവന സ്ഥാപനമായ കാന്റര്‍ ഫിറ്റ്‌സ്‌ജെറാള്‍ഡ് എല്‍പിയിലെ ഹോവാര്‍ഡ് ലുട്‌നിക്കിന്റെ ചോദ്യത്തിന് മറുപടിയായി, നമുക്ക് കുറഞ്ഞത് 2 ട്രില്യണ്‍ ഡോളറെങ്കിലും കുറവു ചെയ്യാന്‍ കഴിയുമെന്ന് താന്‍ കരുതുന്നതായി മസ്‌ക് മറുപടി നല്‍കി.

ഫെഡറല്‍ കടം കുറയ്ക്കാന്‍ താന്‍ എങ്ങനെ പദ്ധതിയിടുന്നുവെന്ന് ട്രംപ് തന്റെ പ്രചാരണങ്ങളില്‍ വ്യക്തമാക്കിയിട്ടില്ലെങ്കിലും, ഈ വിഷയം ജോ ബൈഡന്‍-കമല ഹാരിസിന്റെ നേതൃത്വത്തിലുള്ള സര്‍ക്കാരിനെതിരെ ഉയരുന്ന വിമര്‍ശനങ്ങളില്‍ ചൂടുള്ള വിഷയമാണ്. നികുതികള്‍ അവസാനിപ്പിക്കുമെന്നും പകരം സമ്പദ്വ്യവസ്ഥയ്ക്ക് വിനാശകരമാകുമെന്ന് സാമ്പത്തിക വിദഗ്ധരെല്ലാം മുന്നറിയിപ്പ് നല്‍കിയ 'താരിഫ്' സംവിധാനം നടപ്പാക്കുമെന്നും അദ്ദേഹം വാഗ്ദാനം ചെയ്തിട്ടുണ്ട്.

വീണ്ടും തിരഞ്ഞെടുക്കപ്പെട്ടാല്‍ സര്‍ക്കാര്‍ ചെലവ് കുറയ്ക്കുന്നതിനുള്ള വഴികള്‍ പരിശോധിക്കുന്ന 'ഡിപ്പാര്‍ട്ട്‌മെന്റ് ഓഫ് ഗവണ്‍മെന്റ് എഫിഷ്യന്‍സി' എന്ന് വിളിക്കപ്പെടുന്ന വകുപ്പില്‍ മസ്‌ക്കിനെ നിയമിക്കുമെന്ന് ട്രംപ് പറഞ്ഞതായി ബ്ലൂംബെര്‍ഗ് റിപ്പോര്‍ട്ട് ചെയ്തു.

എന്നാല്‍, ശതകോടീശ്വരനും ലോകത്തിലെ ഏറ്റവും ധനികനായ വ്യക്തിയുമായ മസ്‌ക് ഏതെങ്കിലും സര്‍ക്കാര്‍ പദവി നേടിയാല്‍ തന്നെ അദ്ദേഹത്തിന്റെ  കമ്പനികളായ ടെസ്ലയ്ക്കും സ്‌പേസ്എക്‌സിനും കോടിക്കണക്കിന് ഡോളര്‍ വിലമതിക്കുന്ന ഫെഡറല്‍ കരാറുകള്‍ കൈവശമുള്ളതിനാല്‍ താല്‍പ്പര്യ വൈരുദ്ധ്യം നേരിടേണ്ടിവരുമെന്ന് വിമര്‍ശകര്‍ അഭിപ്രായപ്പെട്ടു. മസ്‌കിന്റെ വാഹന നിര്‍മ്മാണകമ്പനിയും ബഹിരാകാശ കമ്പനിയും യുഎസ് ഗവണ്‍മെന്റിന്റെ ഇലക്ട്രിക് വാഹന നികുതി ക്രെഡിറ്റുകളും അടിസ്ഥാന സൗകര്യ നിക്ഷേപങ്ങളും മുതലെടുത്തിട്ടുണ്ടെന്നും റിപ്പോര്‍ട്ട് പറയുന്നു.

ഫെഡറല്‍ കണ്ടെത്തലുകള്‍ അനുസരിച്ച്, 2024 ല്‍ ട്രംപിനെയും മറ്റ് റിപ്പബ്ലിക്കന്‍മാരെയും തിരഞ്ഞെടുക്കാന്‍ മസ്‌ക് കുറഞ്ഞത് 132 മില്യണ്‍ ഡോളറെങ്കിലും ചെലവഴിച്ചതായി ബ്ലൂംബെര്‍ഗ് റിപ്പോര്‍ട്ട് ചെയ്തു.