ഗാസയില്‍ ഇസ്രയേല്‍ ബോംബാക്രമണം; 46 പലസ്തീന്‍ സ്വദേശികള്‍ കൊല്ലപ്പെട്ടു

ഗാസയില്‍ ഇസ്രയേല്‍ ബോംബാക്രമണം; 46 പലസ്തീന്‍ സ്വദേശികള്‍ കൊല്ലപ്പെട്ടു


ജറുസലം:  ഗാസയില്‍ ഇസ്രയേല്‍ നടത്തിയ വ്യാപക ബോംബാക്രമണത്തില്‍ 46 പലസ്തീന്‍ സ്വദേശികള്‍ കൊല്ലപ്പെട്ടു. വടക്കന്‍ ഗാസയിലാണ് കൂടുതല്‍ മരണം റിപ്പോര്‍ട്ട് ചെയ്തത്. വടക്കന്‍ ഗാസയിലെ കമല്‍ അദ്വാന്‍ ആശുപത്രിക്കു നേരെ ഇസ്രയേല്‍ ബോംബാക്രമണത്തില്‍ മരുന്നുകളും ആശുപത്രി ഉപകരണങ്ങളും സംഭരിച്ച കെട്ടിടം തകര്‍ന്നു. ആശുപത്രി ജീവനക്കാര്‍ക്ക് പരുക്കേറ്റു.

ഗാസയിലേക്ക് അഞ്ചു ദിവസം മുമ്പ് എത്തിച്ച മരുന്നുകളാണ് ഇസ്രായേല്‍ സൈന്യം നശിപ്പിച്ചത്.  നാല് ആരോഗ്യ ജീവനക്കാര്‍ക്ക് പരിക്കേറ്റിട്ടുമുണ്ട്. ബാന്‍ഡേജും അണുനാശിനിയും ഗ്ലൗസുമെല്ലാം നശിപ്പിച്ചു. ജലസംഭരണിയും തകര്‍ത്തു.

ഗസ്സയിലെ ഭൂരിഭാഗം ആശുപത്രികളും ഇസ്രായേല്‍ ആക്രമണത്തെ തുടര്‍ന്ന് പ്രവര്‍ത്തനം നിര്‍ത്തിവെക്കുകയോ പരിമിത തോതിലാക്കുകയോ ചെയ്തിട്ടുണ്ട്. അവശേഷിക്കുന്നവ കൂടി തകര്‍ക്കുന്നതിനെതിരായ അന്താരാഷ്ട്ര സമ്മര്‍ദങ്ങളെ മുഖവിലക്കെടുക്കാതെയാണ് ക്രൂരത.

കമാല്‍ അദ്വാന്‍ ആശുപത്രി ഹമാസ് സൈനിക ആവശ്യങ്ങള്‍ക്കായി ഉപയോഗിക്കുകയാണെന്നും നിരവധി തീവ്രവാദികള്‍ അവിടെ ഒളിപ്പിച്ചിരിക്കുകയാണെന്നും ഇസ്രയേല്‍ ആരോപിച്ചു. എന്നാല്‍ ആരോഗ്യ മന്ത്രാലയവും ഹമാസും ആരോപണം നിഷേധിച്ചു.

മധ്യ ഗാസയിലെ നുസൈറാത്ത് ക്യാംപിലെ രണ്ട് വീടുകള്‍ക്കു നേരെയുണ്ടായ ഇസ്രയേല്‍ വ്യോമാക്രമണത്തില്‍ രണ്ടു പ്രദേശിക മാധ്യമപ്രവര്‍ത്തകര്‍ ഉള്‍പ്പെടെ 16 പേര്‍ കൊല്ലപ്പെട്ടു. ഗാസയില്‍ ഇതുവരെ ഇസ്രയേല്‍ ആക്രമണങ്ങളില്‍ 43,163 പലസ്തീന്‍കാര്‍ കൊല്ലപ്പെട്ടു. 1,01,510 പേര്‍ക്കു പരുക്കേറ്റു.