ട്രംപ്-പോപ്പ് ഭിന്നത തണുപ്പിക്കാനായി റൂബിയോ റോമിൽ ; വത്തിക്കാനും ഇറ്റലിയുമായുള്ള ബന്ധം പുതുക്കാൻ അമേരിക്കയുടെ നീക്കം

ട്രംപ്-പോപ്പ് ഭിന്നത തണുപ്പിക്കാനായി റൂബിയോ റോമിൽ ; വത്തിക്കാനും ഇറ്റലിയുമായുള്ള ബന്ധം പുതുക്കാൻ അമേരിക്കയുടെ നീക്കം


റോം: അമേരിക്കൻ പ്രസിഡന്റ് ഡോണൾഡ് ട്രംപും പോപ്പ് ലിയോ പതിനാലാമനും തമ്മിലുള്ള രൂക്ഷമായ അഭിപ്രായ ഭിന്നതകൾക്കിടെ യു.എസ്. സ്റ്റേറ്റ് സെക്രട്ടറി മാർക്കോ റൂബിയോ റോമിലെത്തി. വത്തിക്കാനുമായും ഇറ്റാലിയൻ സർക്കാരുമായും വഷളായ ബന്ധം മെച്ചപ്പെടുത്തുകയാണ് റൂബിയോയുടെ പ്രധാന ദൗത്യമെന്നാണ് അന്താരാഷ്ട്ര മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നത്.

ഇറാൻ യുദ്ധം, കുടിയേറ്റ നയം, യൂറോപ്യൻ സുരക്ഷ തുടങ്ങിയ വിഷയങ്ങളിൽ ട്രംപും പോപ്പും തമ്മിൽ കഴിഞ്ഞ ഏതാനും ആഴ്ചകളായി തുറന്ന വിമർശനങ്ങളാണ് നടന്നത്. അമേരിക്ക-ഇസ്രായേൽ സൈനിക നടപടികളെ ശക്തമായി എതിർത്ത പോപ്പ് ലിയോ സമാധാനത്തിനായി ആവർത്തിച്ച് ആഹ്വാനം ചെയ്തിരുന്നു. ഇതിന് പിന്നാലെ ട്രംപ് പോപ്പിനെതിരെ കടുത്ത പരാമർശങ്ങളും നടത്തിയിരുന്നു. പോപ്പ് ഇറാന്റെ ആണവ പദ്ധതിയെ അനുകൂലിക്കുന്നുവെന്ന ട്രംപിന്റെ ആരോപണം വത്തിക്കാൻ ശക്തമായി തള്ളി. 

ഈ പശ്ചാത്തലത്തിലാണ് കത്തോലിക്ക വിശ്വാസിയായ റൂബിയോ വത്തിക്കാനിലെ അപ്പസ്‌തോലിക് പാലസിൽ പോപ്പ് ലിയോയുമായി കൂടിക്കാഴ്ച നടത്തിയത്. ഏകദേശം രണ്ടര മണിക്കൂർ നീണ്ട കൂടിക്കാഴ്ചയിൽ സമാധാനം, മതസ്വാതന്ത്ര്യം, പശ്ചിമേഷ്യയിലെ യുദ്ധസാഹചര്യം, ക്യൂബയിലെ മനുഷ്യാവകാശ പ്രശ്‌നങ്ങൾ തുടങ്ങിയ വിഷയങ്ങൾ ചർച്ചയായതായാണ് റിപ്പോർട്ടുകൾ. കൂടിക്കാഴ്ച 'സൗഹൃദപരവും നിർമാണാത്മകവും' ആയിരുന്നുവെന്ന് വത്തിക്കാനും അമേരിക്കൻ സ്റ്റേറ്റ് ഡിപ്പാർട്‌മെന്റും അറിയിച്ചു. 

റൂബിയോ ഇറ്റാലിയൻ പ്രധാനമന്ത്രി ജോർജിയ മെലോണിയുമായും കൂടിക്കാഴ്ച നടത്തും. ട്രംപിന്റെ ചില പരാമർശങ്ങളിൽ നിന്ന് അകലം പാലിച്ച മെലോണി, പോപ്പിനെ പരസ്യമായി പിന്തുണച്ചിരുന്നു. ഇതോടെ അമേരിക്ക-ഇറ്റലി ബന്ധങ്ങളിലും അസ്വസ്ഥത ഉയർന്നിരുന്നു. റൂബിയോയുടെ സന്ദർശനം ഈ ഭിന്നതകൾ കുറയ്ക്കാനുള്ള ശ്രമമായാണ് വിലയിരുത്തപ്പെടുന്നത്.

അമേരിക്കൻ ഭരണകൂടത്തിന്റെ കടുത്ത നിലപാടുകൾക്കെതിരെ വത്തിക്കാൻ കൂടുതൽ ശക്തമായി പ്രതികരിക്കുന്ന സാഹചര്യത്തിൽ, റൂബിയോയുടെ റോം സന്ദർശനം വലിയ നയതന്ത്ര പ്രാധാന്യം നേടുകയാണ്. യൂറോപ്പുമായുള്ള അമേരിക്കയുടെ ബന്ധത്തിൽ പുതിയ വിള്ളലുകൾ രൂപപ്പെടുന്നുവെന്ന ആശങ്കയും ഇതോടെ ശക്തമാകുന്നു.