വാഷിംഗ്ടണ്‍: ഇറാനിലെ ആണവകേന്ദ്രങ്ങള്‍ക്കെതിരെ സൈനികാക്രമണം നടത്താന്‍ തീരുമാനിച്ചതിലൂടെ അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് ധീരമായ നേതൃത്വമാണ് കാഴ്ചവെച്ചതെന്ന് അമേരിക്കന്‍ പ്രതിരോധ സെക്രട്ടറി പീറ്റ് ഹെഗ്‌സെത്ത് പറഞ്ഞു. സൈനിക നടപടികള്‍ക്കൊപ്പം ഇറാനുമായുള്ള നയതന്ത്ര ചര്‍ച്ചകളും തുടരുന്ന ട്രംപിന്റെ സമീപനത്തെ അദ്ദേഹം പ്രശംസിച്ചു.
ക്യാമ്പ് ഡേവിഡില്‍ നടന്ന മന്ത്രിസഭാ യോഗത്തില്‍ ടെലിവിഷനിലൂടെ സംസാരിക്കവെയാണ് ഹെഗ്‌സെത്തിന്റെ പരാമര്‍ശം. 'മിഡ്‌നൈറ്റ് ഹാമര്‍' ദൗത്യത്തിന് ഉത്തരവിട്ട് ഇറാനിലെ ആണവ കേന്ദ്രങ്ങള്‍ പൂര്‍ണമായി തകര്‍ക്കുകയും 12 ദിവസത്തെ യുദ്ധം അവസാനിപ്പിക്കുകയും ചെയ്യാനുള്ള ധൈര്യം ട്രംപ് പ്രകടിപ്പിച്ചു,' ഹെഗ്‌സെത്ത് പറഞ്ഞു.
അമേരിക്കന്‍ മുന്‍ പ്രസിഡന്റുമാര്‍ ഇറാന്റെ ആണവപരിപാടിക്കെതിരെ സമാനമായ സൈനിക നടപടി ആലോചിച്ചിരുന്നെങ്കിലും സങ്കീര്‍ണതകളും വെല്ലുവിളികളും അപകടസാധ്യതകളും കണക്കിലെടുത്ത് അന്തിമ തീരുമാനത്തില്‍ നിന്ന് പിന്മാറിയിരുന്നുവെന്നും അദ്ദേഹം പറഞ്ഞു.
'സങ്കീര്‍ണതകളും അപകടസാധ്യതകളും കാരണം അവര്‍ ഒരിക്കലും അന്തിമ തീരുമാനമെടുത്തില്ല. എന്നാല്‍ ട്രംപ് ആ ആശങ്കകളെ മറികടന്ന് നടപടി സ്വീകരിച്ചു,' ഹെഗ്‌സെത്ത് പറഞ്ഞു.
അതേസമയം, ഇറാനുമായുള്ള നയതന്ത്ര ചര്‍ച്ചകള്‍ തുടരുന്ന ട്രംപ് ഭരണകൂടത്തിന്റെ നിലപാടിനെയും അദ്ദേഹം ന്യായീകരിച്ചു. ലോകത്തിലെ ഏറ്റവും മികച്ച ചര്‍ച്ചാ വിദഗ്ധരാണ് അമേരിക്കന്‍ സംഘത്തിലുള്ളതെന്നും സൈനിക സമ്മര്‍ദവും നയതന്ത്ര ശ്രമങ്ങളും ഒരുമിച്ച് മുന്നോട്ടുകൊണ്ടുപോകുന്ന ട്രംപിന്റെ തന്ത്രം ഫലപ്രദമാണെന്നും ഹെഗ്‌സെത്ത് അഭിപ്രായപ്പെട്ടു.
'ലോകത്തിലെ ഏറ്റവും മികച്ച ചര്‍ച്ചാ വിദഗ്ധരാണ് ഞങ്ങള്‍ക്കുള്ളത്,' അദ്ദേഹം പറഞ്ഞു.
ഇതിനിടെ, ഇറാനെതിരെ പുതിയ സൈനികാക്രമണത്തിന് ട്രംപ് അംഗീകാരം നല്‍കിയതായി റിപ്പോര്‍ട്ടുകള്‍ പുറത്തുവന്നിട്ടുണ്ട്. ഇറാന്‍ നിലപാട് മാറ്റിയില്ലെങ്കില്‍ അമേരിക്ക 'വളരെ ശക്തമായി ആക്രമിക്കുമെന്ന്' ക്യാമ്പ് ഡേവിഡില്‍ നടന്ന മന്ത്രിസഭാ യോഗത്തില്‍ ട്രംപ് മുന്നറിയിപ്പ് നല്‍കിയിരുന്നു.
അമേരിക്കന്‍ ഉദ്യോഗസ്ഥരെ ഉദ്ധരിച്ച് ദി വാള്‍ സ്ട്രീറ്റ് ജേണല്‍ പ്രസിദ്ധീകരിച്ച റിപ്പോര്‍ട്ടില്‍, ഇറാനെതിരെ പുതിയ സൈനിക നടപടികള്‍ക്ക് ട്രംപ് അംഗീകാരം നല്‍കിയതായും ഈ വാരാന്ത്യത്തില്‍ തന്നെ ആക്രമണം ആരംഭിച്ചേക്കാമെന്നും പറയുന്നു. വാഷിംഗ്ടണ്‍, ടെഹ്‌റാനെ വീണ്ടും ചര്‍ച്ചാ മേശയിലേക്ക് കൊണ്ടുവരാനുള്ള സമ്മര്‍ദം ശക്തമാക്കുന്നതിനിടെയാണ് ഈ റിപ്പോര്‍ട്ടുകള്‍ പുറത്തുവന്നത്.
