വ്യാജ ഉപഗ്രഹ ചിത്രങ്ങള്‍ സൃഷ്ടിക്കുമെന്ന ആശങ്ക; ഗൂഗിള്‍ എര്‍ത്തിന്റെ എ ഐ ക്രിയേറ്റ് ഇമേജ് ഫീച്ചര്‍ പിന്‍വലിച്ചു

വ്യാജ ഉപഗ്രഹ ചിത്രങ്ങള്‍ സൃഷ്ടിക്കുമെന്ന ആശങ്ക; ഗൂഗിള്‍ എര്‍ത്തിന്റെ എ ഐ ക്രിയേറ്റ് ഇമേജ് ഫീച്ചര്‍ പിന്‍വലിച്ചു


സാന്‍ ഫ്രാന്‍സിസ്‌കോ: യഥാര്‍ഥ ഉപഗ്രഹ ചിത്രങ്ങളെപ്പോലെ തോന്നിക്കുന്ന വ്യാജ ദൃശ്യങ്ങള്‍ സൃഷ്ടിക്കാനും തെറ്റായ വിവരങ്ങള്‍ പ്രചരിപ്പിക്കാനും ദുരുപയോഗം ചെയ്യാമെന്ന വിമര്‍ശനത്തെ തുടര്‍ന്ന് ഗൂഗിള്‍ എര്‍ത്തില്‍ പുതുതായി അവതരിപ്പിച്ച നിര്‍മിത ബുദ്ധി അധിഷ്ഠിത ക്രിയേറ്റീവ് ഇമേജ് ഫീച്ചര്‍ താത്ക്കാലികമായി പിന്‍വലിച്ചു.

ഓപ്പണ്‍ സോഴ്സ് ഇന്റലിജന്‍സ് ഗവേഷകരുടെയും ജിയോസ്‌പേഷ്യല്‍ വിദഗ്ധരുടെയും ശക്തമായ പ്രതിഷേധത്തെ തുടര്‍ന്നാണ് ഗൂഗിളിന്റെ നടപടി.

ഗൂഗിള്‍ എര്‍ത്തും ഗൂഗിള്‍ എ ഐയും ജൂലൈ 31-ന് എക്സ് പ്ലാറ്റ്‌ഫോമിലൂടെയാണ് പുതിയ ഫീച്ചര്‍ അവതരിപ്പിച്ചത്. ഉപഗ്രഹ ചിത്രങ്ങളും 3ഡി മാപ്പിങ് ഡേറ്റയും ടെക്സ്റ്റ് നിര്‍ദേശങ്ങളുമായി സംയോജിപ്പിച്ച് ലോകത്തിലെ ഏത് സ്ഥലത്തിന്റെയും പുതിയ ദൃശ്യാവിഷ്‌കാരങ്ങള്‍ സൃഷ്ടിക്കാന്‍ കഴിയുമെന്നായിരുന്നു കമ്പനിയുടെ അവകാശവാദം.

എന്നാല്‍ ഫീച്ചര്‍ അവതരിപ്പിച്ച് മണിക്കൂറുകള്‍ക്കകം തന്നെ എ ഐ ഉപയോഗിച്ച് സൃഷ്ടിച്ച വ്യാജ ഉപഗ്രഹ ചിത്രങ്ങള്‍ സമൂഹമാധ്യമങ്ങളില്‍ വ്യാപകമായി പ്രചരിച്ചതോടെ ഗൂഗിള്‍ അത് പിന്‍വലിക്കുകയായിരുന്നു.

ഗൂഗിളിന്റെ നാനോ ബനാന 2 ഇമേജ് ജനറേഷന്‍ മോഡല്‍ ഉപയോഗിച്ചാണ് ഈ ഫീച്ചര്‍ പ്രവര്‍ത്തിച്ചിരുന്നത്. ഉപഗ്രഹ ചിത്രങ്ങള്‍, വ്യോമദൃശ്യങ്ങള്‍, 3ഡി മാപ്പ് വിവരങ്ങള്‍ എന്നിവയ്ക്ക് മുകളില്‍ എ ഐ സൃഷ്ടിച്ച ദൃശ്യങ്ങള്‍ ചേര്‍ക്കാന്‍ ഇതിലൂടെ സാധിച്ചു.

എ എഫ് പി നടത്തിയ പരീക്ഷണത്തില്‍ പാരീസിലെ സ്‌ഫോടനം, ഇറാനിലെ ആണവനിലയം, റഷ്യയിലെ ബോംബാക്രമണ ഗര്‍ത്തം, സിറിയയിലെ ഐ എസ് പരിശീലന ക്യാമ്പ് തുടങ്ങിയവയുടെ വ്യാജ ഉപഗ്രഹ ചിത്രങ്ങള്‍ സൃഷ്ടിക്കാന്‍ ഫീച്ചറിന് കഴിഞ്ഞതായി റിപ്പോര്‍ട്ടുണ്ട്.

ബംഗ്ലാദേശിലെ വെള്ളപ്പൊക്കം, അമേരിക്ക- മെക്‌സിക്കോ അതിര്‍ത്തിയിലെ കുടിയേറ്റ ക്യാമ്പ്, അമേരിക്കയിലെ ജോര്‍ജിയ സംസ്ഥാനത്തെ സംശയാസ്പദ ഗോഡൗണ്‍ എന്നിവയുടെ വ്യാജ ചിത്രങ്ങളും എ ഐ സൃഷ്ടിച്ചതായി റിപ്പോര്‍ട്ടില്‍ പറയുന്നു.

സമൂഹമാധ്യമങ്ങളില്‍ 9/11 ആക്രമണത്തെ അനുസ്മരിപ്പിക്കുന്ന തരത്തില്‍ ഒരു വിമാനമിടിച്ച് കെട്ടിടം തകര്‍ന്ന ദൃശ്യങ്ങളും ഐസ്ലന്‍ഡിന്റെ നടുവില്‍ ഭീമന്‍ ഗര്‍ത്തം രൂപപ്പെട്ടതും യുദ്ധക്കപ്പല്‍ നശിച്ചതും ഗോഡ്‌സില്ല ഒരു നഗരം തകര്‍ക്കുന്നതുമടക്കമുള്ള എ ഐ ചിത്രങ്ങളും വ്യാപകമായി പ്രചരിച്ചു.

ഫീച്ചര്‍ ഉപയോഗിച്ച് സൃഷ്ടിച്ച ചിത്രങ്ങളില്‍ സിന്‍ത് ഐ ഡി എന്ന ഡിജിറ്റല്‍ വാട്ടര്‍മാര്‍ക്ക് ഉള്‍പ്പെടുത്തിയിരുന്നുവെന്നും തെറ്റായ വിവരങ്ങള്‍ പ്രചരിപ്പിക്കുന്നത് കമ്പനിയുടെ എ ഐ നയങ്ങള്‍ക്ക് വിരുദ്ധമാണെന്നും ഗൂഗിള്‍ വ്യക്തമാക്കിയിരുന്നു.

എന്നാല്‍ അദൃശ്യ വാട്ടര്‍മാര്‍ക്ക് മാത്രം ദുരുപയോഗം തടയാന്‍ മതിയാകില്ലെന്ന് വിദഗ്ധര്‍ ചൂണ്ടിക്കാട്ടി.

വിശ്വസനീയമായ ലോകദൃശ്യങ്ങള്‍ക്കായാണ് ആളുകള്‍ ഗൂഗിള്‍ എര്‍ത്തിനെ ആശ്രയിക്കുന്നതെന്നും ആ വിശ്വാസം സംരക്ഷിക്കേണ്ടത് അനിവാര്യമാണെന്നും അതിനാലാണ് കൂടുതല്‍ ശക്തമായ സുരക്ഷാ സംവിധാനങ്ങള്‍ ഒരുക്കുന്നതുവരെ ഈ ഫീച്ചര്‍ പിന്‍വലിക്കുന്നതെന്നും ഗൂഗിള്‍ വക്താവ് വ്യക്തമാക്കി.

സാറ്റലൈറ്റ് ചിത്രങ്ങളുടെ വിശ്വാസ്യത തകര്‍ക്കുന്ന 'നിരുത്തരവാദപരമായ' നടപടിയാണിതെന്ന് സെന്റര്‍ ഫോര്‍ ഇന്‍ഫര്‍മേഷന്‍ റെസിലിയന്‍സ് വിമര്‍ശിച്ചു. ഉപഗ്രഹ ചിത്രങ്ങളിലുള്ള പൊതുജന വിശ്വാസം രൂപപ്പെടാന്‍ പതിറ്റാണ്ടുകള്‍ എടുത്തിട്ടുണ്ടെന്നും അത് ഒറ്റരാത്രികൊണ്ട് തകരാന്‍ സാധ്യതയുണ്ടെന്നും സംഘടന മുന്നറിയിപ്പ് നല്‍കി.

യുദ്ധം, തിരഞ്ഞെടുപ്പ്, പ്രകൃതി ദുരന്തങ്ങള്‍ തുടങ്ങിയ സാഹചര്യങ്ങളില്‍ വ്യാജ ഉപഗ്രഹ ചിത്രങ്ങള്‍ ഉപയോഗിച്ച് തെറ്റായ പ്രചാരണം നടത്താന്‍ ഈ ഫീച്ചര്‍ വഴിയൊരുക്കുമെന്ന് ഗവേഷകര്‍ ആശങ്ക പ്രകടിപ്പിച്ചു.

ഡിജിറ്റല്‍ അന്വേഷണ വിദഗ്ധന്‍ ഹെങ്ക് വാന്‍ എസും സാറ്റലൈറ്റ് ഇമേജറി അനലിസ്റ്റ് ബ്രാഡി ആഫ്രിക്കും ഉള്‍പ്പെടെയുള്ള വിദഗ്ധര്‍, യഥാര്‍ഥ ഉപഗ്രഹ ചിത്രങ്ങളും എ ഐ സൃഷ്ടിച്ച ചിത്രങ്ങളും തമ്മിലുള്ള അതിര്‍ത്തി മങ്ങിപ്പോകുന്നത് മാധ്യമപ്രവര്‍ത്തകര്‍ക്കും ഗവേഷകര്‍ക്കും അന്വേഷണ ഏജന്‍സികള്‍ക്കും വലിയ വെല്ലുവിളിയാകുമെന്ന് മുന്നറിയിപ്പ് നല്‍കി.

വിവാദം ശക്തമായതോടെ ഗവേഷകരുടെയും മാധ്യമ പ്രവര്‍ത്തകരുടെയും ഒ എസ് ഐ എന്‍ ടി സമൂഹത്തിന്റെയും വിമര്‍ശനങ്ങള്‍ക്ക് പിന്നാലെ ഗൂഗിള്‍ എര്‍ത്തില്‍ നിന്ന് ഗൂഗ്ള്‍ ക്രിയേറ്റ് ഇമേജ്  ബട്ടണ്‍ നീക്കം ചെയ്തു. കൂടുതല്‍ ശക്തമായ സുരക്ഷാ സംവിധാനങ്ങള്‍ ഒരുക്കിയ ശേഷമേ ഫീച്ചര്‍ വീണ്ടും അവതരിപ്പിക്കൂ എന്നാണ് കമ്പനിയുടെ വിശദീകരണം.