വാന്‍സിന്റെ കുടിയേറ്റ പരാമര്‍ശം വിവാദം: 'ഉഷയെയും ഇന്ത്യയിലേക്ക് തിരിച്ചയയ്ക്കണോ' – വിമര്‍ശനം കടുക്കുന്നു

വാന്‍സിന്റെ കുടിയേറ്റ പരാമര്‍ശം വിവാദം: 'ഉഷയെയും ഇന്ത്യയിലേക്ക് തിരിച്ചയയ്ക്കണോ' – വിമര്‍ശനം കടുക്കുന്നു


വാഷിംഗ്ടണ്‍: അമേരിക്കക്കാരുടെ 'അമേരിക്ക എന്ന സ്വപ്‌നം' കൂട്ട കുടിയേറ്റക്കാര്‍ കവര്‍ന്നെടുക്കുന്നുവെന്ന വൈസ് പ്രസിഡന്റ് ജെ.ഡി. വാന്‍സിന്റെ പരാമര്‍ശം വിവാദത്തിന് തിരികൊളുത്തി. എക്‌സ് (ട്വിറ്റര്‍) പോസ്റ്റിലൂടെയായിരുന്നു വാന്‍സിന്റെ ആരോപണം. അമേരിക്കന്‍ തൊഴിലാളികളില്‍ നിന്ന് അവസരങ്ങള്‍ കവര്‍ന്നെടുക്കുന്നതാണ് കൂട്ട കുടിയേറ്റമെന്നും, ഇതിനെതിരായ പഠനങ്ങള്‍ 'പഴയ സംവിധാനത്തില്‍ നിന്ന് കച്ചവടം ചെയ്യുന്നവരുടെ' ഫണ്ടിങ്ങോടെയാണെന്നും വാന്‍സ് ആരോപിച്ചു. ഇതിനെതിരെ കടുത്ത വിമര്‍ശനവുമായി നിരവധി പേര്‍ രംഗത്തെത്തുകയുംവാന്‍സിന്റെ ഭാര്യ ഉഷ ഇന്ത്യന്‍ കുടിയേറ്റക്കാരുടെ മകളെന്ന കാര്യം ചൂണ്ടിക്കാട്ടി 'അവളെയും ഇന്ത്യയിലേക്ക് അയയ്ക്കണോ' എന്ന തരത്തിലുള്ള പ്രതികരണങ്ങളും ഉയര്‍ന്നു.
 'അങ്ങനെ ആണെങ്കില്‍ ഉഷയെയും അവരുടെ ഇന്ത്യന്‍ കുടുംബത്തെയും നിങ്ങളുടെ മിശ്രവംശക്കാരായ കുട്ടികളെയും ഇന്ത്യയിലേക്ക് തിരിച്ചയക്കണം' എന്ന് പറഞ്ഞ് എഴുത്തുകാരനും രാഷ്ട്രീയ നിരീക്ഷകനുമായ വാജഹത്ത് അലി, വാന്‍സിനെ പരിഹസിച്ചു.

ഇതിനിടെയാണ് മതപരവും സാംസ്‌കാരികവുമായ മുന്‍ഗണനകളെക്കുറിച്ചുള്ള വാന്‍സിന്റെ മറ്റൊരു പരാമര്‍ശവും വിവാദമായത്. ന്യൂയോര്‍ക്ക് പോസ്റ്റ് പോഡ്കാസ്റ്റില്‍, വംശം, ഭാഷ, ത്വക്ക് നിറം തുടങ്ങിയ കാര്യങ്ങളില്‍ ഒരേ സ്വഭാവമുള്ള അയല്‍വാസികളെ ആളുകള്‍ ആഗ്രഹിക്കുന്നത് 'സ്വാഭാവികവും അംഗീകരിക്കാവുന്നതുമാണ് ' എന്നായിരുന്നു വാന്‍സിന്റെ അഭിപ്രായം. പൗരാവകാശ സംഘടനകള്‍ ഇതിനെ വര്‍ഗീയതയെന്നാണ് വിമര്‍ശിച്ചത്. മുന്‍ പ്രസിഡന്റ് ഡോണള്‍ഡ് ട്രംപിന്റെ വാചകങ്ങള്‍ അനുകരിക്കുന്നതായി വിലയിരുത്തപ്പെടുന്ന വാന്‍സ്, കുടിയേറ്റ വിഷയത്തില്‍ രാജ്യത്ത് വിഭജനം വളര്‍ത്തിയതിന്റെ ഉത്തരവാദിത്തം ബൈഡന്‍ ഭരണകൂടത്തിനാണെന്നും ആരോപിച്ചു. ട്രംപ് വീണ്ടും അധികാരത്തിലെത്തിയാല്‍ നിയമവിരുദ്ധ കുടിയേറ്റക്കാരെ മുഴുവന്‍ നാടുകടത്തുമോ എന്ന ചോദ്യത്തിന്, 'സാധ്യമായത്രയെല്ലാം നീക്കം ചെയ്യാന്‍ ശ്രമിക്കും' എന്നായിരുന്നു മറുപടി.

മുമ്പ് വിവാദത്തിന് തീ കൊളുത്തിയത് ഉഷയുടെ ഹിന്ദുമത വിശ്വാസത്തെക്കുറിച്ചുള്ള വാന്‍സിന്റെ പരാമര്‍ശങ്ങള്‍ ആയിരുന്നു. ഒരുനാള്‍ ഉഷ തന്റെ ക്രിസ്ത്യന്‍ വിശ്വാസം പങ്കുവെക്കുമെന്ന പ്രതീക്ഷയുണ്ടെന്നും, അവള്‍ തന്റെ കൂടെ പള്ളി സന്ദര്‍ശിക്കുന്നുണ്ടെന്നും ടേണിങ് പോയിന്റ് യുഎസ്എ പരിപാടിയില്‍, വാന്‍സ് പറഞ്ഞത് വലിയ വിമര്‍ശനം നേടി. പിന്നീട് ഉഷയ്ക്ക് മതംമാറ്റത്തിനുള്ള യാതൊരു പദ്ധതിയുമില്ലെന്നും, അവരുടെ വിശ്വാസത്തെ താന്‍ ബഹുമാനിക്കുന്നുവെന്നും വ്യക്തമാക്കി വാന്‍സ് വിശദീകരണം നല്‍കി.

അതേസമയം, ട്രംപ് ഭരണകൂടം കുടിയേറ്റ നിയന്ത്രണം കടുപ്പിക്കുന്ന പശ്ചാത്തലത്തിലാണ് ഈ വിവാദങ്ങള്‍. ഡിസംബര്‍ 3ന് യുഎസ് സിറ്റിസണ്‍ഷിപ്പ് ആന്‍ഡ് ഇമിഗ്രേഷന്‍ സര്‍വീസസ് (USCIS) 19 'ഉയര്‍ന്ന അപകടസാധ്യതയുള്ള' രാജ്യങ്ങളില്‍ നിന്നുള്ള ഗ്രീന്‍ കാര്‍ഡ്, പൗരത്വം, അഭയാര്‍ത്ഥി അപേക്ഷകള്‍ ഉള്‍പ്പെടെ എല്ലാ കുടിയേറ്റ നടപടികളും താല്‍ക്കാലികമായി നിര്‍ത്തിവച്ചതായി അറിയിച്ചു. വാഷിംഗ്ടണ്‍ ഡി.സിയില്‍ അഫ്ഗാന്‍ അഭയാര്‍ത്ഥിയുടെ വെടിവെയ്പ്പില്‍ നാഷണല്‍ ഗാര്‍ഡ് അംഗം കൊല്ലപ്പെട്ട സംഭവത്തെ തുടര്‍ന്നുള്ള സുരക്ഷാ ആശങ്കകളാണ് തീരുമാനത്തിന് കാരണം. ഇതോടെ 22 ലക്ഷംത്തിലധികം അഭയാര്‍ത്ഥി അപേക്ഷകള്‍ മുടങ്ങുകയും, ആയിരക്കണക്കിന് കുടുംബങ്ങളുടെയും വിദ്യാര്‍ത്ഥികളുടെയും ഭാവി അനിശ്ചിതത്വത്തിലാവുകയും ചെയ്തു.