പെന്‍സില്‍വേനിയ: ലോകനേതാക്കള്‍ക്കുമുന്നില്‍ ട്രംപ് പരിഹസിക്കപ്പെടുന്നതിന് താന്‍ സാക്ഷിയാണെന്ന് കമല ഹാരിസ്. പ്രസിഡന്റ് സ്ഥാനാര്‍ത്ഥികളുടെ സംവാദത്തിലാണ് കമല ട്രംപിനെക്കുറിച്ച് ഇത്തരത്തല്‍ പരാമര്‍ശിച്ചത്. ലോകത്തിലെ ഏറ്റവും മോശം നേതാക്കള്‍ക്കുപോലും ട്രംപിനെ പറഞ്ഞ് പറ്റിക്കാന്‍ കഴിയുമെന്ന് കമല പറഞ്ഞു. കാരണം ട്രംപിന് അത്രയുമേ ബുദ്ധിയുള്ളൂ. അദ്ദേഹത്തോടൊപ്പം ജോലിചെയ്തവരെല്ലാം അദ്ദേഹം ഒരുനാണക്കേടാണെന്ന് സാക്ഷ്യപ്പെടുത്തിയിട്ടണ്ടെന്നും കമല പറഞ്ഞു.
''ഞാന്‍ അമേരിക്കയുടെ വൈസ് പ്രസിഡന്റ് എന്ന നിലയില്‍ ലോകം ചുറ്റി സഞ്ചരിച്ചിട്ടുണ്ട്. ലോക നേതാക്കള്‍ ഡോണള്‍ഡ് ട്രംപിനെ നോക്കി ചിരിക്കുന്നത് ഞാന്‍ കണ്ടു. ഞാന്‍ സൈനിക നേതാക്കളുമായി സംസാരിച്ചു, അവരില്‍ ചിലര്‍ നിങ്ങളോടൊപ്പം പ്രവര്‍ത്തിച്ചവരാണ്. അവര്‍ പറയുന്നു നിങ്ങള്‍ ഒരു നാണക്കേടാണെന്ന്,'' സംവാദത്തിനിടെ ട്രംപിന്റെ മുഖത്തു നോക്കിയായിരുന്നു കമലയുടെ പരിഹാസം.
''സ്വേച്ഛാധിപതികളായവര്‍ നിങ്ങള്‍ വീണ്ടും പ്രസിഡന്റാകാന്‍ പിന്തുണ നല്‍കുന്നുണ്ടെന്ന് എല്ലാവര്‍ക്കും അറിയാം. കാരണം നിങ്ങളെ മുഖസ്തുതിയും ആനുകൂല്യങ്ങളും ഉപയോഗിച്ച് കൈകാര്യം ചെയ്യാന്‍ കഴിയുമെന്ന് അവര്‍ക്കറിയാം. അതുകൊണ്ടാണ് നിങ്ങളുടെ കൂടെ പ്രവര്‍ത്തിച്ച നിരവധി സൈനിക നേതാക്കള്‍ നിങ്ങള്‍ ഒരു നാണക്കേടാണെന്ന് എന്നോട് പറഞ്ഞത്.''
റഷ്യന്‍ പ്രസിഡന്റ് വ്‌ളാഡിമിര്‍ പുടിനുമായുള്ള ട്രംപിന്റെ കൂട്ടുകെട്ടിനെയും കമല ഹാരിസ് വിമര്‍ശിച്ചു. വേണ്ടിവന്നാല്‍ ഉച്ചയൂണിന് ട്രംപിനെ തന്നെ തിന്നാന്‍ മടിയില്ലാത്തയാളാണ് പുടിന്‍ എന്ന് കമല ആരോപിച്ചു.
കമല മാര്‍ക്‌സിസ്‌റ്റെന്ന് ട്രംപ്
'അവള്‍ ഒരു മാര്‍ക്‌സിസ്റ്റാണ്, അവള്‍ ഒരു മാര്‍ക്‌സിസ്റ്റാണെന്ന് എല്ലാവര്‍ക്കും അറിയാം. അവളുടെ പിതാവും ഒരു മാര്‍ക്‌സിസ്റ്റ് പ്രൊഫസറായിരുന്നു. അദ്ദേഹത്തില്‍ നിന്ന് അവള്‍ നന്നായി പഠിച്ചിട്ടുണ്ട്,'' ട്രംപ് പറഞ്ഞു.
ഗര്‍ഭച്ഛിദ്ര നിയമത്തെക്കുറിച്ചു സംസാരിക്കവെ, സര്‍ക്കാരോ ട്രംപോ അല്ല രാജ്യത്തെ സ്ത്രീകളുടെ ശരീരത്തെക്കുറിച്ച് തീരുമാനമെടുക്കേണ്ടതെന്ന് കമല ഹാരിസ് ആഞ്ഞടിച്ചു. പ്രത്യുല്‍പാദന അവകാശങ്ങളില്‍ വോട്ടര്‍മാര്‍ തന്നെ വിശ്വസിക്കുന്നത് എന്തിനെന്ന ചോദ്യത്തിന് മറുപടിയായി, വാള്‍സ് ഉള്‍പ്പെടെയുള്ള ഡെമോക്രാറ്റുകള്‍ ഗര്‍ഭച്ഛിദ്രത്തിന് അനുകൂലരാണെന്ന കെട്ടിച്ചമച്ച വാദമായിരുന്നു ട്രംപ് മുന്നോട്ടുവച്ചത്.
സ്ത്രീകളെയും കുട്ടികളെയും യുദ്ധ കുറ്റകൃത്യങ്ങളില്‍ നിന്ന് രക്ഷിക്കുക. എന്നത് തന്റെ ലക്ഷ്യമായിരിക്കുമെന്ന് തന്റെ നിലപാട് വ്യക്തമാക്കിയപ്പോഴും കമലയെ കമ്മ്യൂണിസ്റ്റ് എന്നാണ് ട്രംപ് വിശേഷിപ്പിച്ചത്.
അമേരിക്കന്‍ ജനതക്ക് വേണ്ടിയും അമേരിക്ക എന്ന രാജ്യത്തിന്റെ ശക്തമായ നിലനില്പിനും ജനങ്ങളുടെ ക്ഷേമത്തിനും വേണ്ടിയായിരിക്കും തന്റെ നിലപാടുകളെന്നും കമല പറഞ്ഞു. മൂല്യങ്ങളില്‍ വിശ്വസക്കുന്ന ആളാണ് താനെന്നും കമല ഹാരിസ് വ്യക്തമാക്കി.
ക്രിമിനലുകളെ പിന്തുണക്കാനാണ് കമലഹാരിസ് ആഗ്രഹിക്കുന്നതെന്ന് ട്രംപ് പറഞ്ഞു. ഇത് റാഡിക്കല്‍ ഇടതുപക്ഷ നിലപാടാണ്. കമ്മ്യൂണിസ്റ്റ് ആശയങ്ങളാണ് കമല പിന്തുടരുന്നത്. അവിടെ മനുഷ്യാവകാശങ്ങളില്ല. ക്രിമിനലുകള്‍ക്കുള്ള പിന്തുണയായിരിക്കുംകമല ഹാരിസ് നേതൃത്വമെന്നും ട്രംപ് ആരോപിച്ചു. ബൈഡന്‍ ഭരണകൂടത്തിന്റെ ക്രിമിനല്‍ റെക്കോര്‍ഡിനെ ട്രംപ് ആക്രമിച്ചു. ഇതിന് മറുപടിയായാണ് ഹാരിസ് ട്രംപിന്റെ നിയമപ്രശ്നങ്ങള്‍ എടുത്തു.
''ദേശീയ സുരക്ഷാ കുറ്റകൃത്യങ്ങള്‍, സാമ്പത്തിക കുറ്റകൃത്യങ്ങള്‍, തിരഞ്ഞെടുപ്പ് ഇടപെടല്‍ എന്നിവയ്ക്ക് ശിക്ഷിക്കപ്പെട്ട ഒരാളില്‍ നിന്ന് ഇതെല്ലാം കേള്‍ക്കുന്നത് വളരെ വലുതാണെന്ന് ഞാന്‍ കരുതുന്നു. ലൈംഗികാതിക്രമത്തിന് ഉത്തരവാദിയാണ് ഇദ്ദേഹമെന്ന് കണ്ടെത്തിയിട്ടുണ്ട്. അടുത്ത തവണ കോടതിയില്‍ ഹാജരാകുന്നത് നവംബറില്‍ സ്വന്തം ക്രിമിനല്‍ ശിക്ഷാവിധി അറിയാന്‍ വേണ്ടിയാണ്,'' കമല ട്രംപിനെ പരിഹസിച്ചു. എന്നാല്‍ തനിക്കെതിരായ കേസുകളും പീഡനാരോപണവും കെട്ടിച്ചമച്ചതാണെന്നായിരുന്നു ട്രംപിന്റെ മറുപടി.
ബൈഡനെയും ആക്രമിച്ച് ട്രംപ്
സംവാദത്തിലുടനീളം പ്രസിഡന്റ് ജോ ബൈഡനെതിരായ ട്രംപ് നിരവധി വിമര്‍ശനങ്ങള്‍ ഉന്നയിച്ചു. ബൈഡന്‍ അമേരിക്കയുടെ ചരിത്രത്തിലെ ഏറ്റവും മോശം പ്രസിഡന്റ് ആണെന്ന് ട്രംപ് വിമര്‍ശിച്ചു. എന്നാല്‍ ബൈഡനെതിരെയല്ല തനിക്കെതിരെയാണ് ട്രംപ് മത്സിക്കുന്നതെന്ന് കമല ഓര്‍മ്മിപ്പിച്ചു.
അതനു മറുപടിയായി കമല ഹാരിസ്, ജോ ബൈഡന്‍ തന്നെയാണെന്ന് ട്രംപ് പരിഹസിച്ചു. എന്നാല്‍ താന്‍ ജോ ബൈഡന്‍ അല്ല, തീര്‍ച്ചയായും ഞാന്‍ ഡോണള്‍ഡ് ട്രംപുമല്ല എന്ന് കമല ഹാരിസ് തിരിച്ചടിച്ചു. തനിക്ക് തന്റേതായ പദ്ധതികള്‍ ഉണ്ടെന്നും കമല വ്യക്തമായി.
പലസ്തീന്‍, ഇസ്രായേല്‍ സംഘര്‍ഷത്തില്‍ ദ്വിരാഷ്ട്ര പരിഹാരത്തിന് കമല ഹാരിസ് പിന്തുണ പ്രഖ്യാപിച്ചപ്പോള്‍, അതേക്കുറിച്ചുള്ള ചോദ്യത്തില്‍ നിന്ന് ട്രംപ് ഒഴിഞ്ഞുമാറി. കമല ഹാരിസും ഡെമോക്രാറ്റുകളും ഇസ്രായേലിനെ വെറുക്കുന്നുവെന്നും തന്റെ ഭരണത്തിന് കീഴില്‍ സംഘര്‍ഷങ്ങള്‍ നടക്കില്ലെന്നും ട്രംപ് അവകാശവാദം ആവര്‍ത്തിച്ചു. അതേസമയം താന്‍ പ്രസിഡന്റ് ആയാല്‍ യുക്രെയ്ന്‍-റഷ്യ യുദ്ധം 24 മണിക്കൂറിനുള്ളി അവസാനിപ്പിക്കുമെന്ന് ട്രംപ് പറഞ്ഞു. എന്നാല്‍ എങ്ങനെ എന്ന് വ്യക്തമാക്കാന്‍ അദ്ദേഹം തയ്യാറായില്ല.
ലോകനേതാക്കള്‍ക്ക് ട്രംപ് പരിഹാസ പാത്രമെന്ന് കമല; സഖ്യകക്ഷികള്‍ക്ക് നാണക്കേട് , കൊണ്ടും കൊടുത്തും കമല -ട്രംപ് സംവാദം