യുക്രെയ്‌നിയന്‍- റഷ്യന്‍ കുട്ടികളുടെ ദുരവസ്ഥ വിവരിച്ച് പുട്ടിന് മെലാനിയയുടെ കത്ത്

യുക്രെയ്‌നിയന്‍- റഷ്യന്‍ കുട്ടികളുടെ ദുരവസ്ഥ വിവരിച്ച് പുട്ടിന് മെലാനിയയുടെ കത്ത്


അലാസ്‌ക: യു എസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിന്റെ ഭാര്യ മെലാനിയ ട്രംപ് വെള്ളിയാഴ്ച റഷ്യന്‍ പ്രസിഡന്റ് വ്ളാഡിമിര്‍ പുട്ടിന് അയച്ച കത്തില്‍ യുക്രെയ്‌നിയന്‍, റഷ്യന്‍ കുട്ടികളുടെ ദുരവസ്ഥ ഉന്നയിച്ചതായി റിപ്പോര്‍ട്ട്. രണ്ട് വൈറ്റ് ഹൗസ് ഉദ്യോഗസ്ഥരെ ഉദ്ധരിച്ച് റോയിട്ടേഴ്സ് റിപ്പോര്‍ട്ട് ചെയ്തതനുസരിച്ച് രണ്ട് പ്രസിഡന്റുമാരും യുക്രെയ്ന്‍ യുദ്ധത്തെക്കുറിച്ചുള്ള ചര്‍ച്ചകള്‍ക്കായി അലാസ്‌കയില്‍ കൂടിക്കാഴ്ച നടത്തിയപ്പോള്‍ ട്രംപ് പുട്ടിന് ഈ കത്ത് കൈമാറി. 

മെലാനിയ ട്രംപിന്റെ കത്തിന്റെ ഉള്ളടക്കം വെളിപ്പെടുത്തിയിട്ടില്ല. മാതാപിതാക്കളുടെയോ രക്ഷിതാക്കളുടെയോ അനുമതിയില്ലാതെ ആയിരക്കണക്കിന് യുക്രെയ്‌നിയന്‍ കുട്ടികളെ അവരുടെ രാജ്യത്ത് നിന്ന് മാറ്റുന്നത് യുദ്ധക്കുറ്റമാണെന്ന് കത്തില്‍ ആവര്‍ത്തിച്ച് പറഞ്ഞതായി റിപ്പോര്‍ട്ടുണ്ട്.

റഷ്യന്‍ സൈന്യം യുക്രെയ്‌നിയന്‍ കുട്ടികളെ തട്ടിക്കൊണ്ടുപോയത് കീവിനെ സംബന്ധിച്ചിടത്തോളം വളരെ സെന്‍സിറ്റീവ് വിഷയമാണ്. ആയിരക്കണക്കിന് യുക്രെയ്‌നിയന്‍ കുട്ടികളെ റഷ്യ നിയമവിരുദ്ധമായി നാടുകടത്തുന്നുവെന്ന് യുക്രെയ്ന്‍ ആരോപിച്ചു. എന്നാല്‍ 'തട്ടിക്കൊണ്ടുപോകല്‍' എന്ന ആരോപണം റഷ്യ നിഷേധിച്ചു. സ്വന്തം സുരക്ഷയ്ക്കും യുദ്ധത്തിന്റെ ഭീകരതയില്‍ നിന്ന് അവരെ രക്ഷിക്കുന്നതിനുമാണ് കുട്ടികളെ മാറ്റിയതെന്നാണ് റഷ്യ പറയുന്നത്.

കീവിന്റെ അഭിപ്രായത്തില്‍ അധിനിവേശത്തിന്റെ തുടക്കം മുതല്‍ ലക്ഷക്കണക്കിന് കുട്ടികളെ റഷ്യയിലേക്കോ റഷ്യന്‍ അധിനിവേശ ക്രിമിയയിലേക്കോ കൊണ്ടുപോയിട്ടുണ്ട്. ഈ കുട്ടികളില്‍ പലരെയും സ്ഥാപനങ്ങളിലും ഫോസ്റ്റര്‍ ഹോമുകളിലും പാര്‍പ്പിച്ചിട്ടുണ്ടെന്ന് യുദ്ധത്തില്‍ തകര്‍ന്ന യുക്രെയ്ന്‍ ആരോപിച്ചു.

അന്താരാഷ്ട്ര അറസ്റ്റ് വാറണ്ട് നേരിടുന്ന പുട്ടിന്‍ യുക്രെയ്ന്‍ അധിനിവേശത്തിന് ഉത്തരവിട്ടതിനുശേഷം പടിഞ്ഞാറന്‍ മണ്ണില്‍ കാലുകുത്തുന്നത് അലാസ്‌ക ഉച്ചകോടിയിലാണ്. 2023 മാര്‍ച്ചില്‍ യുക്രെയ്‌നിയന്‍ കുട്ടികളെ നിയമവിരുദ്ധമായി നാടുകടത്തിയതിന്റെ യുദ്ധക്കുറ്റത്തിന് അന്താരാഷ്ട്ര ക്രിമിനല്‍ കോടതി റഷ്യന്‍ പ്രസിഡന്റ് വ്ളാഡിമിര്‍ പുട്ടിനെതിരെ അറസ്റ്റ് വാറണ്ട് പുറപ്പെടുവിച്ചിരുന്നു. അതേസമയത്തു തന്നെ സമാനമായ കുറ്റങ്ങള്‍ ചുമത്തി റഷ്യയുടെ കുട്ടികളുടെ അവകാശങ്ങള്‍ക്കായുള്ള പ്രസിഡന്റ് കമ്മീഷണര്‍ മരിയ എല്‍വോവ- ബെലോവയ്ക്കെതിരെയും മറ്റൊരു വാറണ്ട് പുറപ്പെടുവിച്ചിരുന്നു. റഷ്യ- യുക്രെയ്ന്‍ യുദ്ധം തുടരുന്നതിനിടയില്‍ മോസ്‌കോ ആയിരക്കണക്കിന് യുക്രെയ്‌നിയന്‍ കുട്ടികളെ 'മോഷ്ടിച്ചു' എന്നും അവരെ 'റഷ്യഫിക്കേഷന്' വിധേയരാക്കിയെന്നും റിപ്പോര്‍ട്ടുകള്‍ കുറ്റപ്പെടുത്തുന്നു. 

ഈ ആരോപണങ്ങള്‍ ശക്തമായി നിഷേധിച്ച റഷ്യ ഐ സി സിയില്‍ അംഗമല്ലാത്തതിനാല്‍ അറസ്റ്റ് വാറണ്ടിന്റെ സാധുത തള്ളിക്കളയുകയും അതിനെ 'അസാധുവാണ്' എന്ന് വിളിക്കുകയും ചെയ്തു.