ഇന്ത്യയ്ക്കുമേലുള്ള യുഎസിന്റെ അധിക നികുതി റഷ്യയ്ക്ക് ഒരു പ്രധാന എണ്ണ ഉപഭോക്താവിനെ നഷ്ടപ്പെടാന്‍ കാരണമായെന്ന് ട്രംപ്

ഇന്ത്യയ്ക്കുമേലുള്ള യുഎസിന്റെ അധിക നികുതി റഷ്യയ്ക്ക് ഒരു പ്രധാന എണ്ണ ഉപഭോക്താവിനെ നഷ്ടപ്പെടാന്‍ കാരണമായെന്ന് ട്രംപ്


വാഷിംഗ്്ടണ്‍: റഷ്യന്‍ പ്രസിഡന്റ് വഌഡിമിര്‍ പുടിനുമായുള്ള ചര്‍ച്ചയ്ക്ക് ശേഷം പ്രതികരണവുമായി യുഎസ് പ്രസിഡന്റ് ഡോണള്‍ഡ് ട്രംപ്. റഷ്യയില്‍ നിന്നുള്ള ക്രൂഡ് ഓയില്‍ വ്യാപാരത്തിന് ഇന്ത്യയ്ക്ക് മേല്‍ 25% അധിക തീരുവ ചുമത്തിയത് റഷ്യയ്ക്ക് ഒരു പ്രധാന എണ്ണ ഉപഭോക്താവിനെ നഷ്ടപ്പെടാന്‍ കാരണമായെന്ന് ട്രംപ് പ്രതികരിച്ചു. ഫോക്‌സ് ന്യൂസിന് നല്‍കിയ അഭിമുഖത്തിനിടെയായിരുന്നു ട്രംപിന്റെ പ്രതികരണം.

റഷ്യയില്‍ നിന്നുള്ള എണ്ണയുടെ 40 ശതമാനവും വാങ്ങുന്നത് ഇന്ത്യയാണെന്നും താന്‍ ദ്വിതീയ ഉപരോധം ഏര്‍പ്പെടുത്തുകയാണെങ്കില്‍ അത് മോശമായി ബാധിക്കുമെന്നും ട്രംപ് കൂട്ടിച്ചേര്‍ത്തു. ഇപ്പോള്‍ അത് ചെയ്യുന്നില്ലെന്നും വേണ്ടിവന്നാല്‍ താന്‍ അത് ചെയ്യുമെന്നും ട്രംപ് ഭീഷണിപ്പെടുത്തി. റഷ്യയുമായുള്ള ഇന്ത്യയുടെ എണ്ണ വ്യാപാരം ചൂണ്ടിക്കാട്ടി ഇന്ത്യയിലേക്കുള്ള ഇറക്കുമതിക്ക് 50 ശതമാനം തീരുവ ഏര്‍പ്പെടുത്താനുള്ള ട്രംപിന്റെ സമീപകാല തീരുമാനത്തിന് പിന്നാലെയാണ് വീണ്ടുമൊരു പ്രസ്താവന.

ഏതാനും ദിവസങ്ങള്‍ക്ക് മുമ്പ് ഓഗസ്റ്റ് 7ന് യുഎസ് പ്രസിഡന്റ് ഇന്ത്യയുടെ മേല്‍ 25 ശതമാനം അധിക തീരുവ ഏര്‍പ്പെടുത്തിയിരുന്നു. ചൈനയ്‌ക്കെതിരെയും സമാന നിലപാട് സ്വീകരിച്ചിരുന്നു. റഷ്യയില്‍ നിന്ന് എണ്ണ വാങ്ങുന്ന ഇന്ത്യയെ പോലുള്ള രാജ്യങ്ങളില്‍ ഒന്നാണ് ചൈന. ചൈനയ്ക്ക് മേല്‍ സമാനമായ രീതിയില്‍ തീരുവ ഏര്‍പ്പെടുത്താന്‍ പദ്ധതിയുണ്ടോ എന്ന് ചോദിച്ചപ്പോള്‍ സംഭവിക്കാന്‍ സാധ്യതയുണ്ടെന്നും ഇരുരാജ്യങ്ങള്‍ തമ്മിലുള്ള വ്യാപാര ബന്ധത്തെ ആശ്രയിച്ചായിരിക്കും പുതിയ തീരുമാനമെന്നും അദ്ദേഹം പറഞ്ഞു.

ദേശീയ സുരക്ഷ, വിദേശനയം, വ്യാപാരനയങ്ങള്‍ എന്നിവ ചൂണ്ടിക്കാട്ടിയാണ് താരിഫ് വര്‍ധിപ്പിച്ചതെന്ന് വൈറ്റ് ഹൗസ് പുറപ്പെടുവിച്ച ഉത്തരവില്‍ പറയുന്നു. ഇന്ത്യ റഷ്യയില്‍ നിന്ന് എണ്ണ വാങ്ങുന്നത് നേരിട്ടോ അല്ലാതെയോ അമേരിക്കയ്ക്ക് ഭീഷണിയാണെന്നും ട്രംപ് പറഞ്ഞു. ഉത്തരവിന് ശേഷം ഇന്ത്യയിലെ സാധനങ്ങളുടെ തീരുവ 50 ശതമനാനമായി ഉയര്‍ന്നു. പ്രാരംഭ തീരുവ ഓഗസ്റ്റ് 7 മുതല്‍ പ്രാബല്യത്തില്‍ വരുമെങ്കിലും 21 ദിവസത്തിന് ശേഷമാകും അധിക നികുതി പ്രാബല്യത്തില്‍ വരിക. നിര്‍ദ്ദിഷ്ട ഇളവുകള്‍ പാലിക്കുന്ന വസ്തുക്കള്‍ ഒഴികെ യുഎസിലേക്ക് കയറ്റുമതി ചെയ്യുന്ന എല്ലാ ഇന്ത്യന്‍ വസ്തുക്കള്‍ക്കും ഇത് ബാധകമാണ്.