അലാസ്‌ക: റഷ്യന്‍ പ്രസിഡന്റ് വ്‌ളാദിമിര്‍ പുടിനുമായി അലാസ്‌കയില്‍ നടന്ന നിര്‍ണായക കൂടിക്കാഴ്ചക്ക് യു.എസ് സൈന്യം എല്ലാ തലത്തിലും സജ്ജമായിരുന്നു. കൂടിക്കാഴ്ചക്കായി വിമാനത്താവളത്തിലിറങ്ങുമ്പോള്‍ പുടിനു മുകളിലായി ബി2ബി ബോംബര്‍ പറന്നുയര്‍ന്നു. അമേരിക്കയുടെ സൈനിക ശക്തി റഷ്യയെ കാണിക്കുന്നതിനു വേണ്ടിയാണ് വിമാനം പറത്തിയതെന്നാണ് റിപ്പോര്‍ട്ട്.
വിമാനമിറങ്ങിയ പുടിനെ ട്രംപ് സ്വീകരിച്ചു കൊണ്ടുവരികെ ബോംബര്‍ വിമാനങ്ങള്‍ ആകാശത്ത് പറക്കുന്നതും പുടിന്‍ മുകളിലേക്ക് വീക്ഷിക്കുന്നതുമായ ദൃശ്യങ്ങള്‍ പുറത്തു വന്നു. ജൂണില്‍ ഇറാന്റെ ന്യൂക്ലിയര്‍ സൈറ്റുകള്‍ക്കുമേല്‍ നടത്തിയ ബോംബാക്രമണം പോലെ ശക്തമായ പ്രതിരോധ മേഖലകള്‍ കടന്ന് ആക്രമണം നടത്താന്‍ ശേഷിയുള്ളതാണ് യു.എസിന്റെ ഈ ബി2ബി ബോംബറുകള്‍.
യു.എസ് സൈന്യത്തിന്റെ കൈവശമുള്ള ഏറ്റവും ചെലവേറിയ വിമാനമാണ് ബി2ബി ബോംബറുകള്‍. ഓരോന്നിനും 2.1 ബില്യണ്‍ ചെലവ് വരും. 1980കളില്‍ നിര്‍മിച്ചുതുടങ്ങിയ ബോംബര്‍ വിമാനങ്ങളുടെ നിര്‍മാണം സോവിയറ്റ് യൂണിയന്റെ തകര്‍ച്ചയോടെ അവസാനിച്ചു . സ്‌റ്റെല്‍ത്ത് സാങ്കേതിക വിദ്യ ഉപയോഗിച്ച് നോര്‍ത്ത്രോപ്പ് ഗ്രുമ്മനാണ് ഇവ നിര്‍മിച്ചത്.
ഒറ്റത്തവണ ഇന്ധനം നിറക്കലില്‍ 6000 നോട്ടിക്കല്‍ മൈല്‍ വരെ ഇതിന് സഞ്ചരിക്കാനാകും. അതായത് യു. എസിന്റെ കോണ്ടിനെന്റല്‍ ബേസില്‍ നിന്ന് ആഗോള തലത്തില്‍ വലിയ പ്രത്യാഘാതം സൃഷ്ടിക്കാന്‍ ഇതിന് കഴിയും. 18,144 കിലോ ഭാരം വഹിക്കാന്‍ ശേഷിയുള്ളതാണ് ബി2ബി ബോംബറുകള്‍. 16 ബി83 അണു ബോംബുകള്‍ വഹിക്കാനും ഇവക്ക് ശേഷിയുണ്ട്.
ട്രംപുമായുള്ള കൂടിക്കാഴ്ചക്കായി യുഎസിലെത്തിയ പുട്ടിന്റെ തലയ്ക്കു മുകളില്‍ പ്രകടനം നടത്തി യുഎസ് ബി2ബി ബോംബര്‍ വിമാനം
