താന്‍ അധികാരത്തിലിരിക്കെ ചൈന തായ്‌വാനെ ആക്രമിക്കില്ലെന്ന് ട്രംപ്

താന്‍ അധികാരത്തിലിരിക്കെ ചൈന തായ്‌വാനെ ആക്രമിക്കില്ലെന്ന് ട്രംപ്


വാഷിംഗ്ടണ്‍: താന്‍ അധികാരത്തിലിരിക്കുമ്പോള്‍ ചൈന തായ്വാനെ ആക്രമിക്കില്ലെന്ന് ചൈനീസ് പ്രസിഡന്റ് ഷി ജിന്‍പിംഗ് ഉറപ്പ് നല്‍കിയതായി യു എസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് അവകാശപ്പെട്ടു. ഫോക്‌സ് ന്യൂസിന്റെ പ്രത്യേക റിപ്പോര്‍ട്ടിന് നല്‍കിയ അഭിമുഖത്തിലാണ് ട്രംപ് ഇക്കാര്യം പറഞ്ഞത്. 

തന്റെ രണ്ടാമത്തെ പ്രസിഡന്റ് കാലാവധിയുടെ ആദ്യ ഔദ്യോഗിക ഫോണ്‍ കോള്‍ താനും ഷിയും നടത്തിയതായി ട്രംപ് സ്ഥിരീകരിച്ചു. ഏപ്രിലില്‍ ഷി ഈ വര്‍ഷം ആദ്യം തന്നെ ബന്ധപ്പെട്ടിരുന്നുവെന്നും അദ്ദേഹം പരാമര്‍ശിച്ചു. 

തായ്വാന്‍ തങ്ങളുടെ പ്രദേശത്തിന്റെ ഭാഗമാണെന്ന് ബീജിംഗ് വാദിക്കുന്നു. ആവശ്യമെങ്കില്‍ ബലപ്രയോഗത്തിലൂടെ ദ്വീപ് ചേര്‍ക്കുമെന്നും പ്രഖ്യാപിച്ചു. എന്നാല്‍ അത്തരം അവകാശവാദങ്ങളെ തായ്വാന്‍ ശക്തമായി നിരസിക്കുന്നുണ്ട്. വാഷിംഗ്ടണിലെ ചൈനീസ് എംബസി തായ്വാനെ യു എസ്- ചൈന ബന്ധങ്ങളിലെ 'ഏറ്റവും പ്രധാനപ്പെട്ടതും സെന്‍സിറ്റീവുമായ വിഷയം' എന്നാണ് വിശേഷിപ്പിച്ചത്. 'തായ്വാന്‍ സംബന്ധമായ പ്രശ്‌നങ്ങള്‍ വിവേകപൂര്‍വ്വം കൈകാര്യം ചെയ്യാനും തായ്വാന്‍ കടലിടുക്കിലുടനീളം ചൈന- യു എസ് ബന്ധങ്ങളും സമാധാനവും സ്ഥിരതയും ആത്മാര്‍ഥമായി സംരക്ഷിക്കാനും എംബസി വക്താവ് ലിയു പെങ്യു വാഷിംഗ്ടണിനോട് ആവശ്യപ്പെട്ടു.

ട്രംപിന്റെ അഭിപ്രായങ്ങളില്‍ തായ്വാന്‍ സര്‍ക്കാര്‍ ഇതുവരെ ഔദ്യോഗിക പ്രതികരണം നടത്തിയിട്ടില്ല.  തങ്ങളുടെ പ്രധാന സഖ്യകക്ഷിയുടെ പിന്തുണയ്ക്ക് തായ്വാന്‍ നന്ദിയുള്ളവരാണെന്നും എങ്കിലും സുരക്ഷയ്ക്ക് ശത്രുവിന്റെയോ സുഹൃത്തുക്കളുടേയോ വാഗ്ദാനത്തില്‍ ആശ്രയിക്കാനാവില്ലെന്നും സ്വന്തം പ്രതിരോധ ശേഷി ശക്തിപ്പെടുത്തുകയെന്നതാണ് അടിസ്ഥാനപരമെന്നും ഭരണകക്ഷിയായ ഡെമോക്രാറ്റിക് പ്രോഗ്രസീവ് പാര്‍ട്ടിയിലെ മുതിര്‍ന്ന എം പി വാങ് ടിംഗ്-യു ഫേസ്ബുക്കില്‍ എഴുതി.

വാഷിംഗ്ടണ്‍ തായ്വാന്റെ പ്രധാന അന്താരാഷ്ട്ര പിന്തുണക്കാരനും ആയുധ വിതരണക്കാരനുമായി തുടരുന്നുണ്ടെങ്കിലും ബീജിംഗിനെ അംഗീകരിക്കുന്നതിന് അനുസൃതമായി അത് തായ്പേയിയുമായി ഔപചാരിക നയതന്ത്ര ബന്ധം നിലനിര്‍ത്തുന്നില്ല.