കീവ്: മോസ്‌കോ സമാധാന ചര്‍ച്ചകളില്‍ ഏര്‍പ്പെടാന്‍ വിസമ്മതിക്കുകയോ നിര്‍ദ്ദിഷ്ട ത്രിരാഷ്ട്ര ഉച്ചകോടി തടയുകയോ ചെയ്താല്‍ റഷ്യയ്ക്കെതിരായ ഉപരോധങ്ങള്‍ കര്‍ശനമാക്കാന്‍ ഡൊണാള്‍ഡ് ട്രംപ് തയ്യാറാകണമെന്ന് യുക്രെയ്‌നിയന്‍ പ്രസിഡന്റ് വോളോഡിമര്‍ സെലെന്‍സ്‌കി പറഞ്ഞു. ത്രിരാഷ്ട്ര യോഗം ഇല്ലെങ്കിലോ യുദ്ധത്തിന് അന്ത്യം കുറിക്കാന്‍ റഷ്യ തയ്യാറില്ലെങ്കിലോ ഉപരോധങ്ങള്‍ ശക്തിപ്പെടുത്തണമെന്ന് പ്രസിഡന്റ് ട്രംപുമായുള്ള സംഭാഷണത്തില്‍ താന്‍ പറഞ്ഞുവെന്നും ഫലപ്രദമായ ഉപകരണമാണ് ഉപരോധങ്ങളെന്നും സെലെന്‍സ്‌കി പറഞ്ഞു. യുക്രെയ്‌നിന് പ്രധാനപ്പെട്ട എല്ലാ വിഷയങ്ങളും യുക്രെയ്നിന്റെ പങ്കാളിത്തത്തോടെ ചര്‍ച്ച ചെയ്യണമെന്നും പ്രാദേശിക വിഷയങ്ങള്‍ യുക്രെയ്‌നില്ലാതെ തീരുമാനിക്കരുതെന്നും പ്രസിഡന്റ് ശക്തമായി ആവശ്യപ്പെട്ടു.
ഉടനടി വെടിനിര്‍ത്തല്‍, യുദ്ധത്തടവുകാരെ മോചിപ്പിക്കല്‍, റഷ്യ പിടിച്ചുകൊണ്ടുപോയ കുട്ടികളെ തിരികെ കൊണ്ടുവരല്‍ എന്നിവ യുക്രെയ്‌നിയന്‍ നേതാവ് ആവശ്യപ്പെട്ടു. യൂറോപ്പിന്റേയും യു എസിന്റേയും പങ്കാളിത്തത്തോടെ വിശ്വസനീയവും ദീര്‍ഘകാലവുമുള്ള സുരക്ഷാ ഗ്യാരണ്ടികളുണ്ടാകണമെന്നും സെലെന്‍സ്‌കി അടിവരയിട്ടു.
ട്രംപും പുട്ടിനും അലാസ്‌കയില്‍ നടത്തിയ കൂടിക്കാഴ്ചയില്‍ മൂന്ന് മണിക്കൂര്‍ നീണ്ട ചര്‍ച്ചയില്‍ വെടിനിര്‍ത്തല്‍ പ്രഖ്യാപിക്കുന്നതില്‍ പരാജയമായിരുന്നു. പകരം യുക്രെയ്ന്‍ ഉള്‍പ്പെടുന്ന വിശാലമായ സമാധാന കരാറുണ്ടാക്കാമെന്ന് ട്രംപ് പറഞ്ഞു. പുട്ടിനും സെലെന്‍സ്‌കിയുമായുള്ള ത്രികക്ഷി കൂടിക്കാഴ്ചയ്ക്കുള്ള തന്റെ നിര്‍ദ്ദേശത്തെ യൂറോപ്യന്‍ നേതാക്കള്‍ പിന്തുണച്ചതായി ട്രംപ് പിന്നീട് എഴുതി.
യൂറോപ്യന്‍ പിന്തുണയോടെ ത്രിരാഷ്ട്ര ഉച്ചകോടിക്കായി പ്രസിഡന്റ് ട്രംപും പ്രസിഡന്റ് സെലെന്‍സ്‌കിയുമായി പ്രവര്‍ത്തിക്കാന്‍ തങ്ങള്‍ തയ്യാറാണെന്ന് യൂറോപ്യന്‍ യൂണിയന്‍ നേതാക്കള്‍ സംയുക്ത പ്രസ്താവനയില്‍ പറഞ്ഞു.
യുക്രെയ്‌നന് എതിരെയുള്ള യുദ്ധം തുടരുന്നിടത്തോളം റഷ്യയുടെ മേലുള്ള സമ്മര്‍ദ്ദം നിലനിര്‍ത്താന്‍ തങ്ങള്‍ തയ്യാറാണെന്നും നീതിയുക്തവും നിലനില്‍ക്കുന്നതുമായ സമാധാനം ഉണ്ടാകുന്നതുവരെ റഷ്യയുടെ യുദ്ധ സമ്പദ്വ്യവസ്ഥയില്‍ സമ്മര്‍ദ്ദം ചെലുത്തുന്നതിന് ഉപരോധങ്ങളും വിശാലമായ സാമ്പത്തിക നടപടികളും ശക്തിപ്പെടുത്തുന്നത് തുടരുമെന്നും പറഞ്ഞു.
അലാസ്‌ക യോഗത്തെക്കുറിച്ച് ട്രംപ് വിശദീകരിച്ചതിനുശേഷം കൂടുതല്‍ ചര്‍ച്ചകള്‍ക്കായി സെലെന്‍സ്‌കി തിങ്കളാഴ്ച വാഷിംഗ്ടണിലേക്ക് പോകും. ബ്രിട്ടീഷ് പ്രധാനമന്ത്രി കെയര്‍ സ്റ്റാര്‍മര്‍, ഫ്രഞ്ച് പ്രസിഡന്റ് ഇമ്മാനുവല്‍ മാക്രോണ്‍, ജര്‍മ്മന്‍ ചാന്‍സലര്‍ ഫ്രെഡറിക് മെര്‍സ്, നാറ്റോ മേധാവി മാര്‍ക്ക് റുട്ടെ, യൂറോപ്യന്‍ കമ്മീഷന്‍ പ്രസിഡന്റ് ഉര്‍സുല വോണ്‍ ഡെര്‍ ലെയ്ന്‍ എന്നിവരുള്‍പ്പെടെയുള്ള യൂറോപ്യന്‍ നേതാക്കളും പിന്നീട് കൂടിക്കാഴ്ചയില്‍ പങ്കെടുക്കും.