കുടിയേറ്റക്കാര്‍ക്ക് അഭയം നല്‍കുന്ന നഗരങ്ങള്‍ക്കും സംസ്ഥാനങ്ങള്‍ക്കുമുള്ള ഫെഡറല്‍ ധനസഹായം നിര്‍ത്തുമെന്ന് ട്രംപ്

കുടിയേറ്റക്കാര്‍ക്ക് അഭയം നല്‍കുന്ന നഗരങ്ങള്‍ക്കും സംസ്ഥാനങ്ങള്‍ക്കുമുള്ള ഫെഡറല്‍ ധനസഹായം നിര്‍ത്തുമെന്ന് ട്രംപ്


വാഷിംഗ്ടണ്‍: അനധികൃത വിദേശ കുടിയേറ്റക്കാര്‍ക്കെതിരായ നടപടികള്‍ കൂടുതല്‍ കടുപ്പിക്കുകയാണ് യുഎസ് പ്രസിഡന്റ് ഡോണള്‍ഡ് ട്രംപ്. രേഖകളില്ലാത്തവര്‍ക്ക് അഭയം കൊടുക്കുന്ന നഗരങ്ങളും സംസ്ഥാനങ്ങളും അവ് ഉടന്‍ അവസാനിപ്പിക്കാന്‍ പ്രസിഡന്റ് ആവശ്യപ്പെട്ടു. ഇനി രാജ്യത്ത് അഭയ നഗരങ്ങള്‍ വേണ്ട എന്നാണ് ട്രംപിന്റെ നിലപാട്. ഇത്തരം സങ്കേതങ്ങളില്‍ നിയമലംഘകരും കുറ്റവാളികളുമാണ് താമസിക്കുന്നത്. അത്തരം സ്ഥലങ്ഹള്‍ മരണക്കെണികളാണെന്ന് അതിനുവേണ്ടി പണം പാഴാക്കേണ്ടതില്ലെന്നും ട്രംപ് പറഞ്ഞു. സഹായമായി നല്‍കിയിരുന്ന എല്ലാ ഫണ്ടുകളും നിര്‍ത്താന്‍ പോവുകയാണെന്നും ട്രംപ് ഭീഷണിപ്പെടുത്തി.

 ഈ 'അഭയ നഗരങ്ങള്‍' ഇരകളെയല്ല, കുറ്റവാളികളെയാണ് സംരക്ഷിക്കുന്നതെന്ന് ട്രംപ് ട്രൂത്ത് സോഷ്യലിലെ ഒരു പോസ്റ്റില്‍ പറഞ്ഞു.

'അവര്‍ നമ്മുടെ രാജ്യത്തെ അപമാനിക്കുകയാണ്, ഇതിന്റെ പേരില്‍ അമേരിക്ക ലോകമെമ്പാടും പരിഹസിക്കപ്പെടുകയാണ് എന്നും  അദ്ദേഹം തന്റെ പോസ്റ്റില്‍ ഊന്നിപ്പറഞ്ഞു.

കൂടാതെ, ഈ മരണക്കെണികള്‍ നിലനില്‍ക്കാന്‍ അനുവദിക്കുന്ന ഏതൊരു നഗരത്തിനോ സംസ്ഥാനത്തിനോ ഉള്ള എല്ലാ ഫെഡറല്‍ ഫണ്ടിംഗും തടയാന്‍ താന്‍ നിമടപടികള്‍ തുടങ്ങിയെന്നും യുഎസ് പ്രസിഡന്റ് മുന്നറിയിപ്പ് നല്‍കി.

സങ്കേത നഗരങ്ങള്‍ എന്തൊക്കെയാണ്?

രേഖകളില്ലാത്ത കുടിയേറ്റക്കാരെ നാടുകടത്താനുള്ള ഫെഡറല്‍ ഏജന്‍സികളുടെ ശ്രമങ്ങളുമായി സഹകരിക്കുകയും നാടുകടത്തപ്പെടുന്നതുവരെ കുടിയേറ്റക്കാര്‍ക്ക് അഭയം നല്‍കുകയും ചെയ്യുന്ന സംസ്ഥാനങ്ങള്‍, കൗണ്ടികള്‍ അല്ലെങ്കില്‍ നഗരങ്ങളെയാണ് സാങ്ച്വറി സിറ്റികള്‍ എന്നതുകൊണ്ട് സാധാരണയായി സൂചിപ്പിക്കുന്നത്.

രേഖകളില്ലാത്ത കുടിയേറ്റക്കാര്‍ക്ക് 'സാങ്ച്വറി' എന്ന് സ്വയം കരുതുന്ന ഒരു ഡസനോളം സംസ്ഥാനങ്ങളും യുഎസിലുടനീളം നൂറുകണക്കിന് നഗരങ്ങളുമുണ്ട്.

തുടക്കത്തില്‍, എല്‍ സാല്‍വഡോറിലെ ആഭ്യന്തരയുദ്ധത്തില്‍ നിന്ന് പലായനം ചെയ്യുന്ന ആളുകള്‍ക്ക് പള്ളികള്‍ അഭയം നല്‍കിയ 1980 കള്‍ മുതലാണ് യുഎസിലെ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങള്‍ സങ്ച്വറി നയങ്ങള്‍ സ്വീകരിക്കാന്‍ തുടങ്ങിയത്.

എന്നിരുന്നാലും, കഴിഞ്ഞ ദശകത്തില്‍ കുടിയേറ്റം വോട്ടര്‍മാര്‍ക്ക് വലിയ ആശങ്കയായി മാറിയതിനാല്‍ ഇവ കൂടുതല്‍ ശ്രദ്ധ നേടി.

ഇപ്പോള്‍, ട്രംപ് ഓവല്‍ ഓഫീസില്‍ തിരിച്ചെത്തിയതിനുശേഷം, അനധികൃത കുടിയേറ്റക്കാര്‍ക്കെതിരെ കര്‍ശന നടപടിയെടുക്കുമെന്ന് അദ്ദേഹവും സഖ്യകക്ഷികളും വാഗ്ദാനം ചെയ്തിട്ടുണ്ട്. സാങ്ച്വറി നയങ്ങള്‍ സ്വീകരിച്ച ചില നഗരങ്ങളെ നടപടികള്‍ക്ക് വിധേയമാക്കുമെന്ന് ട്രംപ് ഭരണകൂടത്തിലെ ഉദ്യോഗസ്ഥരും വ്യക്തമാക്കിയിട്ടുണ്ട്.

'സാങ്ച്വറി നഗരങ്ങളുടെ അധികാരപരിധികള്‍ ഞങ്ങള്‍ ആരംഭിക്കാന്‍ പോകുന്ന നാടുകടത്തല്‍ നടപടികളെ തടയാന്‍ പോകുന്നില്ല,' എന്ന് ട്രംപിന്റെ 'അതിര്‍ത്തി മേധാവി ' തോമസ് ഡി. ഹോമാന്‍ ഡിസംബറില്‍ ന്യൂസ് നേഷന് നല്‍കിയ അഭിമുഖത്തില്‍ പറഞ്ഞിരുന്നു.

 യുഎസ് നഗരങ്ങളിലുടനീളം ആമസോണ്‍ ട്രക്ക് പാക്കേജുകള്‍ വിതരണം ചെയ്യുന്നതുപോലെ, നാടുകടത്തലിനായി കുടിയേറ്റക്കാരെ ശേഖരിക്കുന്ന ഒരു ട്രക്ക് സംവിധാനം ഏജന്‍സി നടപ്പിലാക്കണമെന്ന് താന്‍ ആഗ്രഹിക്കുന്നുവെന്ന് ബുധനാഴ്ച ഇമിഗ്രേഷന്‍ ആന്‍ഡ് കസ്റ്റംസ് എന്‍ഫോഴ്‌സ്‌മെന്റ് മേധാവി ടോഡ് ലിയോണ്‍സ് പറയുകയുണ്ടായി.

യുഎസ് ഇതിനെ ഒരു ബിസിനസ് പോലെ പരിഗണിക്കാന്‍ തുടങ്ങണമെന്ന് ഊന്നിപ്പറഞ്ഞ ലിയോണ്‍സ്, '(ആമസോണ്‍) പ്രൈം പോലെ, മനുഷ്യരെ നാടുകടത്തുന്ന ഒരു  പ്രക്രിയ കാണാന്‍ ആഗ്രഹിക്കുന്നുവെന്ന് പറഞ്ഞു.

'ഇതിനെ ഒരു ബിസിനസ് പോലെ പരിഗണിക്കുന്നതില്‍ നമ്മള്‍ കൂടുതല്‍ മെച്ചപ്പെടേണ്ടതുണ്ടെന്നും ആക്ടിംഗ് ഐസിഇ ഡയറക്ടര്‍ പറഞ്ഞു.