ന്യൂയോർക്ക്: പ്രമുഖ രാഷ്ട്രീയ കാർട്ടൂണിസ്റ്റ് പാറ്റ് ഒലിഫന്റ് ന്യൂയോർക്കിലെ സാന്താ ഫെയിലിൽ അന്തരിച്ചു. 90 വയസായിരുന്നു. വാർദ്ധക്യ സഹജമായ ആരോഗ്യപ്രശ്നങ്ങളെ തുടർന്ന് വീട്ടിൽ വെച്ചാണ് അദ്ദേഹം മരിച്ചതെന്ന് അദ്ദേഹത്തിന്റെ മകൻ ഗ്രാന്റ് ഒലിഫന്റ് പറഞ്ഞു.
അരനൂറ്റാണ്ടായി അമേരിക്കൻ പത്രങ്ങൾക്കും ഓൺലൈൻ വായനക്കാർക്കും വേണ്ടി പ്രസിഡന്റുമാർ, പീഡോഫൈൽ പുരോഹിതന്മാർ, യുദ്ധക്കൊതിയന്മാർ, മറ്റ് എഡിറ്റോറിയൽ പേജ് വില്ലന്മാർ എന്നിവരുടെ രാഷ്ട്രീയ കാർട്ടൂണുകൾ വരച്ചിരുന്ന പ്രമുഖനായിരുന്നു അദ്ദേഹം. 1935 ജൂലൈ 24ന് ഓസ്ട്രേലിയയിലെ അഡിലേഡെ മേരിലാന്റിലായിരുന്നു ജനനം. ഉന്നതസ്ഥാനങ്ങളിലെ ദുഷ്ടതയ്ക്കുനേരെ വര ആയുധമാക്കിയ ഇടതുകൈയ്യനായ ഒലിഫന്റ് ചെറുപ്പത്തിൽ തന്നെ അമേരിക്കയിലേക്ക് താമസം മാറി. അമേരിക്കയിലേത് അടക്കമുള്ള 500 ഓളം വിദേശപത്രങ്ങളുമായി ചേർന്ന് പ്രവർത്തിച്ച അദ്ദേഹത്തിന് പുലിറ്റ്സർ സമ്മാനം ഉൾപ്പെടെ നിരവധി പുരസ്കാരങ്ങൾ ലഭിച്ചിട്ടുണ്ട്. വെങ്കല ശില്പങ്ങളും എണ്ണച്ചായ ചിത്രങ്ങളും സൃഷ്ടിച്ചും അദ്ദേഹം പ്രശസ്തി നേടിയിട്ടുണ്ട്.
ഏറ്റവും സ്വാധീനമുള്ള എഡിറ്റോറിയൽ കാർട്ടൂണിസ്റ്റ് എന്നാണ് 1990ൽ ന്യൂയോർക്ക് ടൈംസ് മാഗസിനിലെ ഒരു പ്രൊഫാലിൽ വിശേഷിപ്പിച്ചത്. പത്തൊൻപതാം നൂറ്റാണ്ടിലെ ഫ്രഞ്ച് കാരിക്കേച്ചറിസ്റ്റായ ഹോണർ ഡൗമിയറിന്റേതുപോലെ , അദ്ദേഹത്തിന്റെ അനാദരവും തുറന്നതും ലളിതവുമായ ശൈലി, മറ്റ് കാർട്ടൂണിസ്റ്റുകൾ പലപ്പോഴും അനുകരിച്ചിരുന്നു. എന്നാൽ, നല്ല അഭിരുചിയുടെ അതിരുകൾ ലംഘിക്കുക മാത്രമല്ല, ജനങ്ങളുടെയും സ്ഥാപനങ്ങളുടെയും സൽപ്പേരിന് അന്യായമായി കോട്ടം വരുത്തിയെന്നും വംശീയമാണെന്നും വരെ വിമർശകർ ഉന്നയിച്ചിട്ടുണ്ട്.
