വാഷിങ്ടണ്‍: യു എസ് പ്രസിഡന്റ് ഡൊണള്‍ഡ് ട്രംപിനെ വധിക്കാന്‍ ശ്രമിച്ചെന്നാരോപിക്കപ്പെടുന്ന ഒരു ഇറാനിയന്‍ യൂണിറ്റിന്റെ നേതാവിനെ അമേരിക്കന്‍ സേന കൊലപ്പെടുത്തിയതായി പെന്റഗണ്‍ അറിയിച്ചു.
അമേരിക്കന്‍ പ്രതിരോധമന്ത്രി പീറ്റ് ഹെഗ്‌സെത്താണ് ഇക്കാര്യം അറിയിച്ചത്.
ഇറാന്‍ പ്രസിഡന്റ് ട്രംപിനെ കൊല്ലാന്‍ ശ്രമിച്ചു. എന്നാല്‍ അവസാനം ജയിച്ചത് ട്രംപാണ് എന്ന് ഹെഗ്സത്ത് പറഞ്ഞു.
ഇറാന്‍ ട്രംപിനെയും മറ്റ് അമേരിക്കന്‍ ഉദ്യോഗസ്ഥരെയും കൊല്ലാന്‍ ശ്രമിച്ചിരുന്നുവെന്ന വിവരം അമേരിക്കയ്ക്ക് വളരെ നാളുകളായി അറിയാമായിരുന്നുവെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
ട്രംപിനെ വധിക്കാന്‍ ശ്രമിച്ചവരെ ലക്ഷ്യമിടുന്നത് അമേരിക്കന്‍ സൈനിക നടപടികളുടെ പ്രധാന ലക്ഷ്യമല്ലായിരുന്നുവെന്നും ഈ വിഷയത്തെ കുറിച്ച് ട്രംപ് വ്യക്തിപരമായി ഉയര്‍ത്തിയിട്ടില്ലെന്നും ഹെഗ്സത്ത് വ്യക്തമാക്കി.
എന്നാല്‍ ഈ ശ്രമത്തിന് ഉത്തരവാദികളായിരുന്നവരെ പിന്നീട് ലക്ഷ്യ പട്ടികയില്‍ ഉള്‍പ്പെടുത്തിയതായി അദ്ദേഹം പറഞ്ഞു. അതേസമയം ഇതുമായി ബന്ധപ്പെട്ട കൂടുതല്‍ വിവരങ്ങള്‍ വെളിപ്പെടുത്തിയില്ല.
ഇതിന് മുമ്പ് തന്നെ അമേരിക്കന്‍ ഉദ്യോഗസ്ഥര്‍, 2020-ല്‍ ഇറാഖില്‍ നടന്ന ഡ്രോണ്‍ ആക്രമണത്തില്‍ കൊല്ലപ്പെട്ട ഇറാനിയന്‍ ജനറല്‍ ഖാസിം സുലൈമാനിയുടെ മരണത്തിന് പ്രതികാരമായി ട്രംപിനെ വധിക്കാന്‍ ഇറാന്‍ ശ്രമിച്ചുവെന്ന് ആരോപിച്ചിരുന്നു.
