ഇറാനിലെ ഭരണ നേത്യത്വം മാറ്റണമെന്ന് സൂചിപ്പിച്ച് ട്രംപ്; 'തുടച്ചുനീക്കി പുതിയ നേതാവിനെ കൊണ്ടുവരണ'മെന്ന് പ്രസ്താവന

ഇറാനിലെ ഭരണ നേത്യത്വം മാറ്റണമെന്ന് സൂചിപ്പിച്ച് ട്രംപ്; 'തുടച്ചുനീക്കി പുതിയ നേതാവിനെ കൊണ്ടുവരണ'മെന്ന് പ്രസ്താവന


വാഷിംഗ്ടൺ: ഇറാനിലെ നിലവിലെ നേത്യത്വം പൂർണമായി മാറ്റണമെന്ന് സൂചിപ്പിച്ച് അമേരിക്കൻ പ്രസിഡന്റ് ഡോണാൾഡ് ട്രംപ്. രാജ്യത്തെ നിലവിലെ ഭരണകൂടത്തെ 'പൂർണ്ണമായി ശുചീകരിക്കണം' എന്നാണ് അദ്ദേഹം പറഞ്ഞത്. ഭാവിയിൽ ഇറാനെ നയിക്കാൻ യോഗ്യനായ ഒരാളിനെക്കുറിച്ച് തനിക്ക് ചില പേരുകൾ മനസ്സിലുണ്ടെന്നും ട്രംപ് വ്യക്തമാക്കി.

അമേരിക്കൻ വാർത്താ ചാനലായ എൻബിസി ന്യൂസിന് നൽകിയ ടെലിഫോൺ അഭിമുഖത്തിലാണ് ട്രംപ് ഈ നിലപാട് വ്യക്തമാക്കിയത്. 'നാം അവിടെ ചെന്നു എല്ലാം ശുചീകരിക്കണം. പത്ത് വർഷം കൊണ്ടു വീണ്ടും പുനർനിർമ്മാണം നടത്തേണ്ട സാഹചര്യം വരാത്തവിധം കാര്യങ്ങൾ തീർക്കണം,' എന്നാണ് ട്രംപ് പറഞ്ഞത്.

ഇറാനെ നയിക്കാൻ കഴിവുള്ള നല്ല നേതാക്കൾ തന്റെ മനസ്സിലുണ്ടെന്നും അദ്ദേഹം പറഞ്ഞു. എന്നാൽ ആരുടെ പേരാണെന്ന് അദ്ദേഹം വ്യക്തമാക്കിയില്ല. ഇപ്പോൾ അമേരിക്ക-ഇസ്രായേൽ-ഇറാൻ യുദ്ധം തുടരുന്ന സാഹചര്യത്തിൽ തന്റെ  മനസ്സിലിരിക്കുന്ന ആ വ്യക്തികൾ സുരക്ഷിതരാണോ എന്നത്  നോക്കിക്കൊണ്ടിരിക്കുകയാണെന്നും ട്രംപ് കൂട്ടിച്ചേർത്തു.

ഇതിനുമുമ്പ് എൻബിസി ന്യൂസിനോട് സംസാരിക്കുമ്പോഴും, ഇറാന്റെ അടുത്ത നേതാവ് ആരായിരിക്കുമെന്നത് തനിക്ക് വ്യക്തമല്ലെങ്കിലും ഒരിക്കൽ അവരോടു തന്നെ തനിക്കു വിളിച്ചു ചോദിക്കേണ്ടി വരുമെന്നായിരുന്നു ട്രംപിന്റെ പരാമർശം.

ഇതിനിടെ ഇറാന്റെ പരമോന്നത നേതാവായ ആയത്തൊള്ള അലി ഖാമനെയിയുടെ മരണത്തെ തുടർന്ന് രാജ്യത്ത് നേത്യത്വ ശൂന്യത നിലനിൽക്കുകയാണ്. അമേരിക്കയും ഇസ്രായേലും ചേർന്ന് നടത്തിയ വ്യോമാക്രമണത്തിലാണ് ഖാമനെയി കൊല്ലപ്പെട്ടത്. ഇസ്രായേൽ ഈ സൈനിക നടപടിയെ 'ഓപ്പറേഷൻ ലയൺസ് റോർ' എന്നും അമേരിക്ക 'ഓപ്പറേഷൻ എപ്പിക് ഫ്യൂറി' എന്നുമാണ് വിശേഷിപ്പിച്ചിട്ടുള്ളത്. മാർച്ച് ഒന്നിനാണ് ഖാമനെയിയുടെ മരണം സ്ഥിരീകരിച്ചത്. ഈ ആക്രമണത്തിൽ ഇറാനിലെ നിരവധി ഉന്നത ഉദ്യോഗസ്ഥരും കൊല്ലപ്പെട്ടു.

ഖാമനെയിയുടെ മകൻ മൊജ്തബ ഖാമനെയിയെ ഇറാന്റെ അടുത്ത പരമോന്നത നേതാവായി തിരഞ്ഞെടുക്കപ്പെട്ടുവെന്ന വാർത്തകൾ കഴിഞ്ഞ ദിവസങ്ങളിൽ പുറത്ത് വന്നിരുന്നു. എന്നാൽ ഈ റിപ്പോർട്ടുകൾക്ക് ഔദ്യോഗിക അടിസ്ഥാനമില്ലെന്നും അവ ശരിയല്ലെന്നും ഇറാൻ പിന്നീട് വ്യക്തമാക്കി. മുംബൈയിലെ ഇറാൻ കോൺസുലേറ്റ് ജനറലിന്റെ സാമൂഹിക മാധ്യമ അക്കൗണ്ടിലൂടെയാണ് ഈ വിവരം അറിയിച്ചത്.