മിസൈൽ ആക്രമണം കുറഞ്ഞെങ്കിലും യുദ്ധം വ്യാപിപ്പിച്ച് ഇറാൻ; ആറുദിവസത്തിൽ 11 രാജ്യങ്ങളെ ലക്ഷ്യമാക്കി ഡ്രോൺ ആക്രമണം

മിസൈൽ ആക്രമണം കുറഞ്ഞെങ്കിലും യുദ്ധം വ്യാപിപ്പിച്ച് ഇറാൻ; ആറുദിവസത്തിൽ 11 രാജ്യങ്ങളെ ലക്ഷ്യമാക്കി ഡ്രോൺ ആക്രമണം


വാഷിംഗ്ടൺ/ടെഹ്‌റാൻ: അമേരിക്കയും ഇസ്രയേലും നടത്തിയ ആക്രമണങ്ങൾ ഇറാന്റെ മിസൈൽ ശേഖരത്തെയും വിക്ഷേപണ സംവിധാനങ്ങളെയും ഗുരുതരമായി ബാധിച്ചതായി റിപ്പോർട്ട്. ഇതോടെ യുദ്ധത്തിന്റെ ആദ്യദിവസവുമായി താരതമ്യം ചെയ്യുമ്പോൾ ഇറാന്റെ മിസൈൽ ആക്രമണങ്ങൾ 90 ശതമാനം കുറഞ്ഞതായി അമേരിക്കൻ പ്രതിരോധ വകുപ്പായ പെന്റഗൺ അറിയിച്ചു. ഡ്രോൺ ആക്രമണങ്ങളും 83 ശതമാനം വരെ കുറഞ്ഞതായും അവർ വ്യക്തമാക്കി.

എന്നാൽ മിസൈൽ ശേഷി കുറയുന്ന സാഹചര്യത്തിൽ ഇറാൻ മധ്യപൂർവ്വേഷ്യയിലെ വിവിധ രാജ്യങ്ങളെ ലക്ഷ്യമാക്കി ആക്രമണം വ്യാപിപ്പിക്കുകയാണ്. കഴിഞ്ഞ ആറുദിവസത്തിനിടെ കുറഞ്ഞത് 11 രാജ്യങ്ങളെയെങ്കിലും ഇറാൻ ആക്രമിച്ചതായി റിപ്പോർട്ടുകളുണ്ട്. ഇതോടെ ആഗോള സമ്പദ്‌വ്യവസ്ഥയിലും വിപണികളിലും വലിയ ആശങ്ക ഉയർന്നിട്ടുണ്ട്.

യുദ്ധത്തിന്റെ ആദ്യ ദിവസങ്ങളിൽ ഇറാൻ ഇസ്രയേലിനെയും അറബ് രാജ്യങ്ങളെയും ലക്ഷ്യമാക്കി മിസൈലുകളും ഡ്രോണുകളും ഉപയോഗിച്ച് വൻതോതിൽ ആക്രമണം നടത്തിയിരുന്നു. അമേരിക്കൻ സൈനിക താവളങ്ങൾ, എംബസികൾ, വിമാനത്താവളങ്ങൾ, എണ്ണവാതക അടിസ്ഥാന സൗകര്യങ്ങൾ എന്നിവയും ആക്രമണ ലക്ഷ്യങ്ങളായിരുന്നു. ഇതുവരെ ഇറാൻ 500ലധികം ബാലിസ്റ്റിക് മിസൈലുകളും ഏകദേശം 2000 ഡ്രോണുകളും വിക്ഷേപിച്ചതായി പെന്റഗൺ കണക്കുകൾ സൂചിപ്പിക്കുന്നു. ഇവയിൽ പലതും അമേരിക്കയും ഇസ്രയേലും തടഞ്ഞുവീഴ്ത്തിയതായും അധികൃതർ പറയുന്നു.

 'ഇസ്രയേലിനെതിരായ മിസൈൽ വിക്ഷേപണങ്ങളുടെ എണ്ണം ദിവസേന കുറയുന്നുണ്ട്. എന്നിരുന്നാലും ഇറാന് ഇപ്പോഴും ആക്രമണം നടത്താനുള്ള ശേഷിയുണ്ട്.' ഇസ്രയേൽ സൈന്യത്തിന്റെ വക്താവ് എഫി ഡെഫ്രിൻ പറഞ്ഞു. ചില സമയങ്ങളിൽ ഒരേസമയം ഒരു മിസൈൽ മാത്രം വിക്ഷേപിക്കുന്ന നിലയിലേക്കാണ് ആക്രമണം കുറഞ്ഞതെന്നും ഇസ്രയേൽ സൈന്യം അറിയിച്ചു.

അമേരിക്കയും ഇസ്രയേലും ചേർന്ന് ഇറാന്റെ 'മിസൈൽ നഗരങ്ങൾ' എന്നറിയപ്പെടുന്ന ഭൂഗർഭ മിസൈൽ സംഭരണ കേന്ദ്രങ്ങൾ ഉൾപ്പെടെ നൂറുകണക്കിന് മിസൈലുകളും വിക്ഷേപണ സംവിധാനങ്ങളും നശിപ്പിച്ചതായി പറയുന്നു.

എന്നാൽ ഇറാൻ ഇപ്പോൾ കുറഞ്ഞ ചെലവുള്ള ഡ്രോണുകൾ വ്യാപകമായി ഉപയോഗിക്കുന്ന തന്ത്രത്തിലേക്കാണ് മാറിയിരിക്കുന്നത്. പെർഷ്യൻ ഉൾക്കടൽ മേഖലയിലെ അറബ് രാജ്യങ്ങളെ ലക്ഷ്യമിട്ട് ദിവസേന നൂറുകണക്കിന് ഡ്രോണുകൾ വിക്ഷേപിക്കുന്നതായി റിപ്പോർട്ടുകളുണ്ട്. ഇത് പ്രദേശത്ത് ഭീതിയും വിപണികളിൽ അസ്ഥിരതയും സൃഷ്ടിക്കുകയും എണ്ണയും മറ്റ് ചരക്കുകളും കയറ്റുമതി ചെയ്യുന്ന ഗതാഗതത്തെ ബാധിക്കുകയും ചെയ്യുന്നു.

 'ഇറാന്റെ പുതിയ തന്ത്രം ആക്രമണത്തിന്റെ അളവല്ല, തുടർച്ചയാണ്.' എന്ന് ഇന്റർനാഷണൽ ഇൻസ്റ്റിറ്റിയൂട്ട് ഫോർ സ്ട്രാറ്റജിക് സ്റ്റഡീസിലെ ഗവേഷകനായ ഹസൻ അൽഹസൻ പറഞ്ഞു.

യുണൈറ്റഡ് അറബ് എമിറേറ്റ്‌സിൽ ആദ്യ ദിവസങ്ങളിൽ ഉണ്ടായ 165 ബാലിസ്റ്റിക് മിസൈൽ ആക്രമണങ്ങൾ പിന്നീട് ഒറ്റ അക്കത്തിലേക്ക് കുറഞ്ഞതായി റിപ്പോർട്ട്. എന്നാൽ കഴിഞ്ഞ നാല് ദിവസമായി ദിവസേന 120 മുതൽ 150 വരെ ഡ്രോൺ ആക്രമണങ്ങൾ തുടരുന്നതായി യുഎഇ പ്രതിരോധ മന്ത്രാലയം അറിയിച്ചു.

 ഇറാൻ തന്റെ ഉയർന്ന ശേഷിയുള്ള മിസൈൽ സംവിധാനങ്ങളെ സംരക്ഷിക്കുന്നതിൽ ബുദ്ധിമുട്ട് നേരിടുന്നുണ്ടെങ്കിലും കുറഞ്ഞ ചെലവിലുള്ള ആക്രമണ ഡ്രോണുകൾ ആയിരക്കണക്കിന് നിർമ്മിക്കാൻ കഴിയുന്ന ശേഷിയാണ് ഇപ്പോൾ പ്രധാന ആയുധമായി മാറിയിരിക്കുന്നതെന്ന് ജനീവയിലെ ഗ്രാജുവേറ്റ് ഇൻസ്റ്റിറ്റിയൂട്ടിലെ ആയുധനിയന്ത്രണ ഗവേഷകനായ ഫർസാൻ സാബത്ത് പറഞ്ഞു.
ഇറാന്റെ ഹൃസ്വദൂര മിസൈലുകളും ഡ്രോണുകളും ഇസ്രയേലിനെക്കാൾ അടുത്തുള്ള ഗൾഫ് രാജ്യങ്ങൾക്ക് കൂടുതൽ ഭീഷണിയാകുന്നുവെന്നാണ് വിലയിരുത്തൽ. ഒരു ഷാഹിദ് ഡ്രോണിന്റെ വില ഏകദേശം പതിനായിരക്കണക്കിന് ഡോളർ മാത്രമാണെങ്കിലും മിസൈലുകളും അവയെ തടയുന്ന സംവിധാനങ്ങളും കോടികൾ ചെലവാകുന്നതാണ്.

ഇതിനിടെ ലോകത്തിലെ ഏറ്റവും പ്രധാനപ്പെട്ട എണ്ണ ഗതാഗത പാതയായ ഹോർമൂസ് കടലിടുക്ക് ഇറാന്റെ ഭീഷണികൾ കാരണം ഏകദേശം അടഞ്ഞ നിലയിലാണെന്ന് റിപ്പോർട്ട്. ഇതോടെ ലോകം ഉപയോഗിക്കുന്ന എണ്ണയും ദ്രവീകൃത പ്രകൃതി വാതകവും ഏകദേശം അഞ്ചിലൊന്ന് വരെ തടസ്സപ്പെടുന്ന സാഹചര്യമുണ്ടായി. ആയിരക്കണക്കിന് കപ്പലുകൾ കടലിടുക്കിന്റെ ഇരുവശങ്ങളിലും കുടുങ്ങിയിരിക്കുകയാണ്.

സൗദി അറേബ്യയിലെ പ്രധാന എണ്ണ ശുദ്ധീകരണ കേന്ദ്രത്തിനും ഡ്രോൺ ആക്രമണം ഉണ്ടായതായി റിപ്പോർട്ടുകളുണ്ട്. ഖത്തർ ഗ്യാസ് കയറ്റുമതിയും താൽക്കാലികമായി നിർത്തിവെച്ചിട്ടുണ്ട്. ഇതോടെ ഓഹരി വിപണികൾ ഇടിഞ്ഞതോടൊപ്പം അമേരിക്കൻ എണ്ണവില ഒരു ബാരലിന് 80 ഡോളറിന് മുകളിലേക്ക് ഉയർന്നു.

കുവൈത്തിൽ കഴിഞ്ഞ വാരാന്ത്യത്തിൽ നടന്ന ഡ്രോൺ ആക്രമണത്തിൽ ആറ്  അമേരിക്കൻ സൈനികർ കൊല്ലപ്പെട്ടിരുന്നു. ദുബായ്, ബഹ്രൈൻ എന്നിവിടങ്ങളിലെ ഹോട്ടലുകളിലും ഉയരംകൂടിയ കെട്ടിടങ്ങളിലും ഡ്രോണുകൾ ഇടിച്ചിറങ്ങിയതായും റിപ്പോർട്ടുകളുണ്ട്.

അതേസമയം ഇറാന് ഇനിയും എത്ര ദീർഘദൂര ബാലിസ്റ്റിക് മിസൈലുകൾ ശേഷിക്കുന്നുവെന്നത് വ്യക്തമല്ല. യുദ്ധത്തിന്റെ അവസാനഘട്ടങ്ങളിൽ കൂടുതൽ ശക്തമായ ആയുധങ്ങൾ ഉപയോഗിക്കാൻ ഇറാൻ അവ സംരക്ഷിച്ച് വയ്ക്കാൻ സാധ്യതയുണ്ടെന്നാണ് വിദഗ്ധർ വിലയിരുത്തുന്നത്.