ജെറുസലേം: ഇറാന്റെ പരമോന്നത നേതാവ് അലി ഖംനേയിയെ വധിക്കാന്‍ ഇസ്രയേല്‍ നവംബറില്‍ തന്നെ തീരുമാനമെടുത്തിരുന്നുവെന്ന് ഇസ്രയേല്‍ പ്രതിരോധമന്ത്രി ഇസ്രായേല്‍ കാറ്റ്‌സ് അറിയിച്ചു.
ഖംനേയി കൊല്ലപ്പെട്ടത് അമേരിക്ക- ഇസ്രയേല്‍ സംയുക്ത വ്യോമാക്രമണം ആരംഭിച്ച ശനിയാഴ്ച പുലര്‍ച്ചെയാണെന്നും ഒരു രാജ്യത്തിന്റെ പരമോന്നത ഭരണാധികാരിയെ വിമാനാക്രമണത്തിലൂടെ വധിച്ച ആദ്യ സംഭവങ്ങളിലൊന്നാണിതെന്നും റിപ്പോര്‍ട്ടുകള്‍ പറയുന്നു.
നവംബറില്‍ പ്രധാനമന്ത്രി ബെഞ്ചമിന്‍ നെതന്യാഹുവിന്റെ നേതൃത്വത്തില്‍ നടന്ന ഉന്നതതല യോഗത്തിലാണ് ഖംനേയിയെ ഇല്ലാതാക്കുക എന്ന ലക്ഷ്യം നിശ്ചയിച്ചതെന്ന് കാറ്റ്‌സ് ഇസ്രയേലിലെ എന്‍12 ടിവി ചാനലിനോട് പറഞ്ഞു. ആദ്യം ഈ നടപടി 2026 മധ്യത്തോടെ നടപ്പാക്കാനായിരുന്നു പദ്ധതിയെന്നും അദ്ദേഹം വ്യക്തമാക്കി.
പിന്നീട് പദ്ധതി അമേരിക്കയുമായി പങ്കുവെച്ചതായും ഇറാനില്‍ പ്രതിഷേധങ്ങള്‍ പൊട്ടിപ്പുറപ്പെട്ടതിനെ തുടര്‍ന്ന് ഭരണകൂടം സമ്മര്‍ദ്ദത്തില്‍പ്പെടുകയും അതിന്റെ ഫലമായി ഇസ്രയേലിനെയും മിഡില്‍ ഈസ്റ്റിലെ അമേരിക്കന്‍ താത്പര്യങ്ങളെയും ലക്ഷ്യമിട്ട് ആക്രമണം നടത്താന്‍ സാധ്യതയുണ്ടെന്ന ആശങ്ക ഉയര്‍ന്നതിനെ തുടര്‍ന്ന് ജനുവരി മാസത്തോടെ പദ്ധതി മുന്നോട്ട് കൊണ്ടുവന്നതായും കാറ്റ്‌സ് പറഞ്ഞു.
ഇറാന്റെ ആണവ പദ്ധതിയും ബാലിസ്റ്റിക് മിസൈല്‍ പദ്ധതിയും നിലനില്‍പ്പിന് തന്നെ ഭീഷണിയാണെന്നാണ് ഇസ്രയേല്‍ നിലപാട്. അതിനാല്‍ ആ ഭീഷണി ഇല്ലാതാക്കുകയും ഇറാനില്‍ ഭരണ മാറ്റം ഉണ്ടാകുകയും ചെയ്യുക എന്നതാണ് ലക്ഷ്യമെന്ന് ഇസ്രയേല്‍ വ്യക്തമാക്കുന്നു. അതേസമയം, ഇറാനിലെ ഭരണകൂടം അധികാരം ഒഴിയാനുള്ള ലക്ഷണങ്ങള്‍ ഇതുവരെ കാണിച്ചിട്ടില്ലെന്നും റിപ്പോര്‍ട്ടുകള്‍ പറയുന്നു.
