രാഹുല്‍ യുഎസില്‍ ഇല്‍ഹാന്‍ ഒമറുമായി കൂടിക്കാഴ്ച നടത്തിയതിനെ വിമര്‍ശിച്ച് ബി ജെ പി

രാഹുല്‍ യുഎസില്‍ ഇല്‍ഹാന്‍ ഒമറുമായി കൂടിക്കാഴ്ച നടത്തിയതിനെ വിമര്‍ശിച്ച് ബി ജെ പി


വാഷിംഗ്ടണ്‍ : അമേരിക്ക സന്ദര്‍ശനത്തിനിടെ രാഹുല്‍ ഗാന്ധി ഇല്‍ഹാന്‍ ഒമറുമായി കൂടിക്കാഴ്ച നടത്തിയതിനെ വിമര്‍ശിച്ച് ബിജെപി. കശ്മീര്‍ വിഷയത്തിലടക്കം നിലപാട് പരസ്യമായി പ്രകടിപ്പിച്ച ഇല്‍ഹാന്‍ ഒമറുമായി എന്തിനാണ് രാഹുല്‍ കൂടിക്കാഴ്ച നടത്തിയതെന്ന് ബിജെപി വൃത്തങ്ങള്‍ ചോദിച്ചു.

വാഷിംഗ്ടണ്‍ ഡിസിയില്‍ സന്ദര്‍ശനം നടത്തുന്നതിനിടെ റെയ്ബണ്‍ ഹൗസ് ഓഫീസ് ബില്‍ഡിംഗില്‍വെച്ച് ബ്രാഡ്ലി ജെയിംസ് ഷെര്‍മാന്‍ ആതിഥേയത്വം വഹിച്ച യോഗത്തില്‍ രാഹുല്‍ പങ്കെടുക്കുന്നതിനിടെയാണ് യുഎസ് കോണ്‍ഗ്രസ് അംഗങ്ങളായ ജൊനാഥന്‍ ജാക്സണ്‍, രാജ കൃഷ്ണമൂര്‍ത്തി, ബാര്‍ബറ ലീ, ശ്രീ താനേഡര്‍, ഇല്‍ഹാന്‍ ഒമര്‍, ഹാങ്ക് ജോണ്‍സണ്‍ എന്നിവരുമായിരാഹുല്‍ കൂടിക്കാഴ്ച നടത്തിയത്. പിന്നാലെ ഇല്‍ഹാന്‍ ഒമറിനൊപ്പമുള്ള രാഹുല്‍ ഗാന്ധിയുടെ ചിത്രം പങ്കുവെച്ച് ബിജെപി നേതാക്കള്‍ വിമര്‍ശനവുമായി രംഗത്തെത്തുകയും ചെയ്തു.

'സ്വതന്ത്ര കശ്മീര്‍ വാദത്തെ അനുകൂലിക്കുന്ന ഇന്ത്യാവിരുദ്ധ നേതാവായ ഇല്‍ഹാന്‍ ഒമറുമായി ലോക്സഭാ പ്രതിപക്ഷ നേതാവ് രാഹുല്‍ ഗാന്ധി കൂടിക്കാഴ്ച നടത്തിയിരിക്കുന്നു. കോണ്‍ഗ്രസ് പരസ്യമായി ഇന്ത്യയ്ക്കെതിരെ പ്രവര്‍ത്തിക്കുകയാണ്,'' എന്നാണ് ബിജെപി ഐടി സെല്‍ മേധാവി അമിത് മാളവ്യ എക്സില്‍ കുറിച്ചത്.

സിഖുകാര്‍ക്കെതിരെ വിഷം ചീറ്റുകയും വിദേശ മണ്ണില്‍ ഇന്ത്യയെ അപമാനിക്കുകയും ചെയ്ത രാഹുല്‍ ഗാന്ധി ഇപ്പോള്‍ ഇന്ത്യ വിരുദ്ധയായ ഇല്‍ഹാന്‍ ഒമറുമായി കൂടിക്കാഴ്ച നടത്തിയിരിക്കുന്നു എന്ന് ചിത്രം പങ്കുവെച്ച് ബിജെപി വക്താവ് ഷെഹ്സാദ് പൂനാവാല പറഞ്ഞു.

യുഎസ് കോണ്‍ഗ്രസില്‍ ഇന്ത്യ വിരുദ്ധ പ്രമേയം അവതരിപ്പിച്ചയാളാണ് ഇല്‍ഹാന്‍. ആര്‍ട്ടിക്കിള്‍ 370 പിന്‍വലിച്ചതിനെ അവര്‍ രൂക്ഷമായി വിമര്‍ശിച്ചിട്ടുണ്ട്. ഇന്ത്യയുടെ പരമാധികാരത്തെ വെല്ലുവിളിച്ച അവര്‍ പാക് അധിനിവേശ കശ്മീര്‍ സന്ദര്‍ശിച്ചിട്ടുണ്ട്. ഇന്ത്യയിലെ ഇസ്ലാമോഫോബിയയെപ്പറ്റിയും മറ്റും ചര്‍ച്ച ചെയ്യുന്നതിനായി അവര്‍ ഇമ്രാന്‍ ഖാനുമായി കൂടിക്കാഴ്ച നടത്തി. ഹിന്ദുക്കള്‍ക്കെതിരെ വിദ്വേഷം വളര്‍ത്തുന്നതില്‍ പ്രധാന പങ്കുവഹിച്ച വ്യക്തിയാണ് ഇല്‍ഹാന്‍,: എന്നും അദ്ദേഹം എക്സില്‍ കുറിച്ചു.

എന്തിനാണ് രാഹുല്‍ ഗാന്ധി അവരുമായി കൂടിക്കാഴ്ച നടത്തിയത്? എന്തുകൊണ്ടാണ് എല്ലാ വിദേശയാത്രയിലും ഇത്തരം ഇന്ത്യാവിരുദ്ധ നയങ്ങള്‍ അദ്ദേഹം സ്വീകരിക്കുന്നത് ? അദ്ദേഹം ചോദിച്ചു.