യുഎസിലെ ഏറ്റവും ഉയരം കൂടിയ വ്യക്തിയായിരുന്ന ജോര്‍ജ്ജ് ബെല്‍ അന്തരിച്ചു

യുഎസിലെ ഏറ്റവും ഉയരം കൂടിയ വ്യക്തിയായിരുന്ന ജോര്‍ജ്ജ് ബെല്‍ അന്തരിച്ചു


നോര്‍ഫോക്ക് (വിര്‍ജീനിയ) : അമേരിക്കയിലെ ഏറ്റവും ഉയരം കൂടിയ മനുഷ്യനെന്ന റെക്കോര്‍ഡ് കൈവശം വച്ചിരുന്ന, മുന്‍ ഹാര്‍ലെം ഗ്ലോബ്‌ട്രോട്ടറും (ബാസ്‌കറ്റ് ബോള്‍ ടീം) നടനും നിയമ നിര്‍വ്വഹണ ഉദ്യോഗസ്ഥനുമായ ജോര്‍ജ്ജ് ബെല്‍ 67 വയസ്സില്‍ അന്തരിച്ചു.

'സൗമ്യനായ ഭീമന്‍' എന്ന് വിളിക്കപ്പെടുന്ന ബെല്ലിന്, 7 അടി 8 ഇഞ്ച് ഉയരമുണ്ടായിരുന്നു. 2007 ല്‍ അമേരിക്കയിലെ ഏറ്റവും ഉയരം കൂടിയ മനുഷ്യനായി ഗിന്നസ് ബുക്ക് ഓഫ് വേള്‍ഡ് റെക്കോര്‍ഡില്‍ ഇടം നേടി. പിന്നീട് ഒരു ഇഞ്ചുകൂടി ഉയരമുണ്ടായിരുന്ന ഇഗോര്‍ വോവ്‌കോവിന്‍സ്‌കിക്ക് ശ്രദ്ധേയനായതോടെ ബെല്ലിന് ആ പദവി നഷ്ടപ്പെട്ടു,  2021 ല്‍ വോവ്‌കോവിന്‍സ്‌കി മരിച്ചപ്പോള്‍ അദ്ദേഹം അത് തിരിച്ചുപിടിച്ചുവെന്ന് ടിവി ഇന്‍സൈഡര്‍ റിപ്പോര്‍ട്ട് ചെയ്യുന്നു.

താരതമ്യത്തിന്, നിലവിലെ ഏറ്റവും ഉയരം കൂടിയ നാഷണല്‍ ബാസ്‌കറ്റ് ബോള്‍ അസോസിയേഷന്‍ ലീഗിലെ  കളിക്കാരന്‍ 7 അടി 4 ഇഞ്ച് ഉയരമുള്ള സാക്ക് എഡിയാണ്.

നോര്‍ത്ത് കരോലിനയിലെ കുടുംബ വീട്ടില്‍ ബെല്‍ മരിച്ചതായി ന്യൂയോര്‍ക്ക് പോസ്റ്റ് റിപ്പോര്‍ട്ട് ചെയ്തു.

മുമ്പ്, ജോര്‍ജിയയിലെ മോറിസ് ബ്രൗണ്‍ കോളേജിനു വേണ്ടിയും പിന്നീട് ഹാര്‍ലെം ഗ്ലോബ്‌ട്രോട്ടേഴ്‌സിനൊപ്പവും ബെല്‍ കോളേജ് ബാസ്‌കറ്റ്‌ബോള്‍ കളിച്ചിരുന്നു.

ടിവി ഇന്‍സൈഡര്‍ പറയുന്നതനുസരിച്ച്, ബെല്‍ എഫ്എക്‌സിന്റെ 'അമേരിക്കന്‍ ഹൊറര്‍ സ്‌റ്റോറി'യില്‍ ടാള്‍ ഗോസ്റ്റ് മാന്‍ ആയി അഭിനയിച്ചു. എഎംസിയുടെ 'ഫ്രീക്‌ഷോ', 'ബാങ്ക് റോബര്‍' എന്ന ഷോര്‍ട്ട് ഫിലിം, പിറ്റിയൂട്ടറി ജയന്റ് എന്ന കഥാപാത്രത്തെ അവതരിപ്പിച്ച 'എക്‌സ്ട്രീം ബോഡീസ്' എന്നീ പരമ്പരകളിലും അദ്ദേഹം അഭിനയിച്ചു.

നോര്‍ഫോക്ക് ഷെരീഫ് ഡിപ്പാര്‍ട്ട്‌മെന്റിന്റെ മുന്‍ ഡെപ്യൂട്ടി ആയിരുന്ന ബെല്‍ 2000ല്‍ ആണ് ഡിപ്പാര്‍ട്ട്‌മെന്റില്‍ ചേര്‍ന്നത്. ദയയും ആകര്‍ഷകമായ വ്യക്തിത്വവും കൊണ്ട് അദ്ദേഹം എന്നും ഓര്‍മ്മിക്കപ്പെടുമെന്ന് അദ്ദേഹത്തോടൊപ്പം പ്രവര്‍ത്തിച്ചവര്‍ പറഞ്ഞു.