താരിഫുകൾ 'ആയുധം' ആക്കുന്നത് അമേരിക്കയുടെ അഭിവൃദ്ധിക്ക് നല്ലതല്ലെന്ന് വാറൻ ബഫറ്റ്

താരിഫുകൾ  'ആയുധം' ആക്കുന്നത് അമേരിക്കയുടെ അഭിവൃദ്ധിക്ക് നല്ലതല്ലെന്ന് വാറൻ ബഫറ്റ്


വാഷിംഗ്ടൺ : വിദേശ രാജ്യങ്ങഴുമായി താരിഫ് യുദ്ധത്തിൽ ഏർപ്പെട്ടിരിക്കുന്ന യുഎസ് പ്രസിഡന്റ് ട്രംപിനെതിരെ പരോക്ഷ വിമർശമുന്നയിച്ച്  പ്രമുഖ അമേരിക്കൻ നിക്ഷേപകനും ഹോൾഡിങ് കമ്പനിയായ 'ബെർക്ക്‌ഷെയർ ഹാത്ത്‌വേ'യുടെ ചെയർമാനുമായ വാറൻ ബഫറ്റ്.
താരിഫുകളെ   'ആയുധമാക്കി ഉപയോഗിക്കരുതെന്നും മറ്റ് രാജ്യങ്ങൾ അവയുടെ അഭിവൃദ്ധി പങ്കിട്ടാൽ അമേരിക്കക്ക് അത് നല്ലതായിരിക്കുമെന്നും വാറൻ ബഫറ്റ് അഭിപ്രായപ്പെട്ടു.
കമ്പനിയുടെ വാർഷിക യോഗത്തിൽ സംസാരിക്കുകയായിരുന്നു ബഫറ്റ്. വർഷാവസാനം ബെർക്ക്‌ഷെയർ ഹാത്ത്‌വേ ചീഫ് എക്‌സിക്യൂട്ടിവ് സ്ഥാനത്തുനിന്ന് സ്ഥാനമൊഴിയാനുള്ള തന്റെ തീരുമാനം പ്രഖ്യാപിക്കുന്നതിന് മുമ്പായിരുന്നു യു.എസിന്റെ വ്യാപാര നയത്തെ ശക്തമായി പ്രതിരോധിച്ചുകൊണ്ട് വാറൻ ബഫറ്റിന്റെ വാക്കുകൾ.

'സന്തുലിതമായ വ്യാപാരം ലോകത്തിന് നല്ലതാണ്. എന്നാൽ, വ്യാപാരം ഒരു ആയുധമാകരുത്' 60 വർഷമായി ബെർക്ക്‌ഷെയറിനെ നയിക്കുന്ന 94 കാരൻ പറഞ്ഞു. ലോകത്തിലെ ഏറ്റവും ആദരണീയനായ നിക്ഷേപകനായാണ് ബഫറ്റിനെ വിശേഷിപ്പിക്കുന്നത്.

ചില രാജ്യങ്ങൾ, ഞങ്ങൾ വിജയിച്ചു എന്ന് പറയുന്ന ഒരു ലോകം രൂപകൽപന ചെയ്യുന്നത് നല്ല ആശയമാണെന്ന് താൻ കരുതുന്നില്ലെന്നും ബഫറ്റ് കൂട്ടിച്ചേർത്തു. ലോകത്തിന്റെ ബാക്കി ഭാഗങ്ങൾ കൂടുതൽ സമ്പന്നമാകുന്തോറും നമ്മളും കൂടുതൽ സമ്പന്നരാകുമെന്ന് കരുതുന്നുവെന്നും അദ്ദേഹം പറഞ്ഞു.