ടെല്‍ അവിവ്: ഇസ്രായേലിലെ ബെന്‍ ഗുരിയോണ്‍ വിമാനത്താവളത്തിനുനേര ഹൂത്തികളുടെ മിസൈല്‍ ആക്രമണം. യെമനിലെ ഹൂത്തികള്‍ തൊടുത്തുവിട്ട ബാലിസ്റ്റിക് മിസൈല്‍ പതിച്ച് എട്ട്‌പേര്‍ക്ക് പരുക്കേറ്റതായാണ് റിപ്പോര്‍ട്ട്. ഇസ്രായേലിലെ ഏറ്റവും തിരക്കേറിയ വിമാനത്താവളങ്ങളില്‍ ഒന്നാണിത്. ആക്രമണത്തിന്റെ പൂര്‍ണ്ണ ഉത്തരവാദിത്വം യെമനിലെ ഹൂതി വിമതര്‍ ഏറ്റെടുത്തിട്ടുണ്ട്. 18 മാസത്തിലേറെയായി ഗാസയില്‍ ഇസ്രായേല്‍ നടത്തിയ ആക്രമണങ്ങളില്‍ കുറഞ്ഞത് 52,495 പേര്‍ കൊല്ലപ്പെട്ടിട്ടുണ്ട്, ഇതില്‍ മാര്‍ച്ച് 2 മുതല്‍ ഇസ്രായേല്‍ നടത്തിയ സമ്പൂര്‍ണ ഉപരോധം കാരണം പട്ടിണി കിടന്ന് മരിച്ച 57 പേരുണ്ടെന്ന് പലസ്തീന്‍ ഉേദ്യാഗസ്ഥര്‍ പറഞ്ഞു.
ടെലിവിഷന്‍ പ്രസ്താവനയില്‍, ഹൂതി സൈനിക വക്താവ് യഹ്യ സാരി വിമാനക്കമ്പനികള്‍ക്ക് മുന്നറിയിപ്പ് നല്‍കി. ബെന്‍ ഗുരിയോണ്‍ വിമാനത്താവളം 'ഇനി വിമാന യാത്രയ്ക്ക് സുരക്ഷിതമല്ല ' എന്ന് അവര്‍ പറഞ്ഞു. ആക്രമണത്തെത്തുടര്‍ന്ന് മധ്യ ഇസ്രായേലിലെ വിമാനത്താവളത്തിലെ വിമാന സര്‍വീസുകള്‍ താല്‍ക്കാലികമായി നിര്‍ത്തിവച്ചു, ചില വിമാനങ്ങള്‍ വഴിതിരിച്ചുവിടേണ്ടിവന്നു. വിമാനത്താവളത്തിലേക്കുള്ള എല്ലാ പ്രവേശന കവാടങ്ങളും താല്‍ക്കാലികമായി അടച്ചിരിക്കുകയാണ്, സ്ഥലത്തേക്കുള്ള ട്രെയിന്‍ യാത്രകളും നിര്‍ത്തിവെച്ചിട്ടുണ്ട്.
മേഖലയില്‍ ഇനിയും ആക്രമണങ്ങള്‍ ഉണ്ടാകാനുള്ള സാധ്യതകള്‍ ഏറെയാണ്. കടുത്ത പ്രതികാരം ചെയ്യുമെന്നും, ഇപ്പോള്‍ നടന്ന ആക്രമണത്തിനേക്കാള്‍ ഏഴ് മടങ്ങ് തങ്ങള്‍ തിരിച്ചടിക്കുമെന്ന് ഇസ്രായേല്‍ പ്രതിരോധ മന്ത്രി ഇസ്രായേല്‍ കാറ്റ്‌സ് വ്യക്തമാക്കി.
ഇറാന്‍ അനുകൂല ഗ്രൂപ്പിന്റെ മിസൈല്‍ ആക്രമണത്തിന്റെ ഉത്തരവാദിത്തം ടെഹ്‌റാനില്‍ ചുമത്തണമെന്ന് ഇസ്രായേല്‍ റെസിലിയന്‍സ് പാര്‍ട്ടിയുടെ നേതാവും മുന്‍ യുദ്ധ കാബിനറ്റ് അംഗവുമായ ബെന്നി ഗാന്റ്‌സ് പറഞ്ഞു.
'ഇസ്രായേല്‍ രാജ്യത്തിന് നേരെ ബാലിസ്റ്റിക് മിസൈലുകള്‍ തൊടുത്തുവിടുന്നത് ഇറാനാണ്, അവര്‍ ഉത്തരവാദിത്തം വഹിക്കണം,' 'ഇസ്രായേല്‍ രാജ്യത്തിന് നേരെയുള്ള വെടിവയ്പ്പ് ടെഹ്‌റാനില്‍ കടുത്ത പ്രതികരണത്തിന് കാരണമാകുമെന്ന് ഉറപ്പാണ് ' ഗാന്റ്‌സ് കൂട്ടിച്ചേര്‍ത്തു.
ഇസ്രയേല്‍ വിമാന താവളത്തില്‍ ഹൂത്തികളുടെ മിസൈല്‍ ആക്രമണം; എട്ടുപേര്‍ക്ക് പരിക്ക്; വിമാന സര്‍വീസുകള്‍ നിര്‍ത്തിവെച്ചു
