ഗര്‍ഭച്ഛിദ്ര നയത്തെ ചൊല്ലി പരസ്പരം കൊമ്പുകോര്‍ത്ത് ട്രംപും കമലയും

ഗര്‍ഭച്ഛിദ്ര നയത്തെ ചൊല്ലി പരസ്പരം കൊമ്പുകോര്‍ത്ത് ട്രംപും കമലയും


പെന്‍സില്‍വേനിയ: ചൊവ്വാഴ്ച ആദ്യ ടെലിവിഷന്‍ സംവാദത്തില്‍ ഏറ്റുമുട്ടിയ പ്രസിഡന്റു സ്ഥാനാര്‍ത്ഥികളായ ഡോണള്‍ഡ് ട്രംപും കമല ഹാരിസും ഗര്‍ഭച്ഛിദ്രനയത്തിലെ നിലപാടുകളെ ചൊല്ലി പരസ്പരം ഏറ്റുമുട്ടി. സംവാദത്തിന്റെ തുടക്കത്തില്‍ ട്രംപാണ് കമലയ്‌ക്കെതിരെ മേല്‍ക്കൈ നേടുന്നതിന് അമേരിക്കയില്‍ ഏറ്റവും കൂടുതല്‍ ചര്‍ച്ചചെയ്യപ്പെടുന്ന ഗര്‍ഭച്ഛിദ്രവിഷയം ഉന്നയിച്ചത്. എട്ടാം മാസത്തിലും ഒമ്പതാം മാസത്തിലും മാത്രമല്ല, ജനിച്ച ശേഷവും കുഞ്ഞിനെ ഇല്ലാതാക്കുന്നതാണ് കമലഹാരിസിന്റെ നയമെന്ന് ട്രംപ് കുറ്റപ്പെടുത്തി. ഗര്‍ഭഛിദ്ര നയത്തില്‍ റിപ്പബ്ലിക്കന്മാരുടെ നിലപാടുകള്‍ക്കെതിരെ ഡെമോക്രാറ്റുകള്‍ കള്ളപ്രചാരവേല സംഘടിപ്പിക്കുകയാണെന്നും ട്രംപ് പറഞ്ഞു.

ട്രംപ് പതിവുപോലെ നുണപറയുകയാണെന്ന് കമലഹാരിസ് തിരിച്ചടിച്ചു. ഗര്‍ഭഛിദ്ര നയത്തിലെ ട്രംപിന്റെ നിലപാട് ഏറ്റവും വലിയ മനുഷ്യാവകാശ ലംഘനമാണെന്ന്‌ന കമല ചൂണ്ടിക്കാട്ടി. നിയമക്കുരുക്കുകള്‍ ഭയന്ന് ഒരു സ്ത്രീ ചോരയൊലിപ്പിച്ച് കിടക്കുമ്പോഴും, ജീവനു വേണ്ടി പൊരുതുമ്പോഴും ജീവന്‍ രക്ഷിക്കാനുള്ള നടപടികളിലേക്ക് പോകാന്‍ ഡോക്ടര്‍മാരും നഴ്‌സുമാരും ഭയപ്പെടുകയാണെന്ന് അവര്‍ പറഞ്ഞു. ഒരു സ്ത്രീക്ക് അവരുടെ ശരീരത്തിലുള്ള അവകാശവും സ്വാതന്ത്ര്യവും അംഗീകരിക്കപ്പെടണം. അതിനുവേണ്ടിയാണ് താന്‍ വാദിക്കുന്നതെന്നും കമല ഹാരിസ് പറഞ്ഞു.

ജനനത്തിനു ശേഷവും ചില സംസ്ഥാനങ്ങള്‍  ഗര്‍ഭച്ഛിദ്രം അനുവദിക്കുന്നതായി ട്രംപ് ആവര്‍ത്തിച്ച് പറഞ്ഞിട്ടുള്ളത് ചൂണ്ടിക്കാട്ടി അദ്ദേഹം പച്ചക്കള്ളം ആവര്‍ത്തിക്കുകയാണെന്ന് കമല പറഞ്ഞു. ശിശുഹത്യ എല്ലാ സംസ്ഥാനങ്ങളിലും ക്രിമിനല്‍ കുറ്റമാണെന്നിരിക്കെ, ജനനശേഷം കുഞ്ഞിനെ കൊല്ലാന്‍ അനുവദിക്കുന്ന നിയമം ഒരു സംസ്ഥാനവും പാസാക്കിയിട്ടില്ലെന്നും ഈ വസ്തുത അതേ പടി നിലനില്‍ക്കെയാണ് ട്രംപ്  ഇക്കാര്യങ്ങള്‍ ആവര്‍ത്തിക്കുന്നതെന്നും റിപ്പബ്ലിക്കന്‍ സ്ഥാനാര്‍ത്ഥി പറഞ്ഞു.

താനാണ് ഗര്‍ഭച്ഛിദ്രാവകാശം തിരികെ കൊണ്ടുവന്നതെന്ന് ട്രംപ് പറഞ്ഞു. ഗര്‍ഭച്ഛിദ്രത്തെക്കുറിച്ചുള്ള ട്രംപിന്റെ നിലപാടുകള്‍ മാറ്റുന്നതിനെക്കുറിച്ച് സംവാദത്തില്‍ ചോദ്യങ്ങള്‍ ഉയര്‍ന്നു. പ്രത്യേകിച്ചും ഫ്‌ലോറിഡയുടെ ഗര്‍ഭച്ഛിദ്ര അവകാശ ബാലറ്റ് സംരംഭത്തിനുള്ള പിന്തുണ പിന്‍വലിക്കാനുള്ള അദ്ദേഹത്തിന്റെ തീരുമാനത്തെക്കുറിച്ച്.  ഗര്‍ഭച്ഛിദ്രത്തിന്റെ കാര്യത്തില്‍ ഡെമോക്രാറ്റുകളെ 'വളരെ ലിബറല്‍' എന്ന് വിശേഷിപ്പിച്ച ട്രംപ്, പ്രസവശേഷം നടത്തുന്ന ഗര്‍ഭഛിദ്രങ്ങള്‍ക്ക് ഡെമോക്രാറ്റുകള്‍ അനുകൂലമാണെന്ന നുണ ആവര്‍ത്തിക്കുകയായിരുന്നു.