വാഷിംഗ്ടണ്‍: അമേരിക്കന്‍ വൈസ് പ്രസിഡന്റ് കമല ഹാരിസ് പ്രസിഡന്റ് മത്സരത്തിലേയ്ക്ക് ഡെമോക്രാറ്റ് നാമനിര്‍ദ്ദേശം ഏറ്റെടുത്തതിനുശേഷം തന്റെ റിപ്പബ്ലിക്കന്‍ എതിരാളിയും മുന്‍ പ്രസിഡന്റുമായ ഡോണള്‍ഡ് ട്രംപുമായി നടത്തിയ ആദ്യത്തെ പൊതു സംവാദം 90 മിനിറ്റ് നീണ്ടുനിന്ന തീപാറിയ വാക്ക് പോരുകള്‍ക്കൊടുവില്‍ അവസാനിച്ചു. തന്റെ മുന്‍ സംവാദത്തില്‍ അന്നത്തെ എതിരായിയായിരുന്ന പ്രസിഡന്റ് ജോ ബൈഡനെ നിര്‍ത്തിപ്പൊരിച്ച ട്രംപിന് കമലയ്ക്കുമുമ്പില്‍ പഴയ പ്രകടനം അതേ നിയില്‍ തുടരാന്‍ കഴിഞ്ഞില്ല. എതിരാളിയെ വ്യക്തഹത്യ നടത്തിയും വംശീയാധിക്ഷേപം നടത്തിയും പോലും ദുര്‍ബലമാക്കുന്ന ട്രംപ് തന്ത്രം കമലയ്ക്കുമുന്നില്‍ അത്രകണ്ട് ഫലപ്രദമായില്ല എന്നതാണ് യാഥാര്‍ത്ഥ്യം. ട്രംപിനെക്കുറിച്ചും അദ്ദേഹത്തിന്റെ ആക്രമണശൈലിയെക്കുറിച്ചും നന്നായി പഠിച്ചറിഞ്ഞ് ഗൃഹപാഠം ചെയ്തുകൊണ്ടാണ് കമല സംവാദത്തിനെത്തിയത് എന്ന് അവരുടെ മികച്ച പ്രകടനം തെളിയിച്ചു. പക്ഷെ ഇരുവരും തങ്ങളുടെ വാദങ്ങളും നിലപാടുകളും ആരോപണങ്ങളും നിരത്തുന്നതില്‍ ചടുലമായ നീക്കങ്ങളാണ് നടത്തിയതെന്ന് വ്യക്തമാണ്.
വ്യക്തിപരമായ അധിക്ഷേപങ്ങള്‍ ട്രംപിന്റെ ദൗര്‍ബല്യമാണ് എന്ന് തിരിച്ചറിഞ്ഞ അദ്ദേഹത്തിന്റെ പ്രചാരണം അക്കാര്യത്തില്‍ മിതത്വ പാലിക്കണമെന്ന് അറിയിച്ചിരുന്നു. പക്ഷെ അപ്രതീക്ഷിതമായി കമല തന്നെ ട്രംപിനെ ചിലഘട്ടങ്ങളില്‍ വ്യക്തിരമായി ആക്രമിച്ചതോടെ ട്രംപും പഴയ പാതയിലേക്ക് തിരിഞ്ഞു.
അമേരിക്ക ഏറ്റവും ചൂടോടെ ചര്‍ച്ച ചെയ്തുകൊണ്ടിരിക്കുന്ന ഗര്‍ഭച്ഛിദ്ര നിയമത്തെ ചൊല്ലിയായിരുന്നു ഇരുവരും ആദ്യം കൊമ്പുകോര്‍ത്തത്.
എട്ടാം മാസത്തിലും ഒമ്പതാം മാസത്തിലും മാത്രമല്ല, ജനിച്ച ശേഷവും കുഞ്ഞിനെ ഇല്ലാതാക്കുന്നതാണ് കമലഹാരിസിന്റെ നയമെന്ന് ട്രംപ് കുറ്റപ്പെടുത്തി. ഗര്‍ഭഛിദ്ര നയത്തില്‍ റിപ്പബ്ലിക്കന്മാരുടെ നിലപാടുകള്‍ക്കെതിരെ ഡെമോക്രാറ്റുകള്‍ കള്ളപ്രചാരവേല സംഘടിപ്പിക്കുകയാണെന്നും ട്രംപ് പറഞ്ഞു.
ട്രംപ് പതിവുപോലെ നുണപറയുകയാണെന്ന് കമലഹാരിസ് തിരിച്ചടിച്ചു. ഗര്‍ഭഛിദ്ര നയത്തിലെ ട്രംപിന്റെ നിലപാട് ഏറ്റവും വലിയ മനുഷ്യാവകാശ ലംഘനമാണെന്ന്ന കമല ചൂണ്ടിക്കാട്ടി. നിയമക്കുരുക്കുകള്‍ ഭയന്ന് ഒരു സ്ത്രീ ചോരയൊലിപ്പിച്ച് കിടക്കുമ്പോഴും, ജീവനു വേണ്ടി പൊരുതുമ്പോഴും ജീവന്‍ രക്ഷിക്കാനുള്ള നടപടികളിലേക്ക് പോകാന്‍ ഡോക്ടര്‍മാരും നഴ്സുമാരും ഭയപ്പെടുകയാണെന്ന് അവര്‍ പറഞ്ഞു. ഒരു സ്ത്രീക്ക് അവരുടെ ശരീരത്തിലുള്ള അവകാശവും സ്വാതന്ത്ര്യവും അംഗീകരിക്കപ്പെടണം. അതിനുവേണ്ടിയാണ് താന്‍ വാദിക്കുന്നതെന്നും കമല ഹാരിസ് പറഞ്ഞു.
ജനനത്തിനു ശേഷവും ചില സംസ്ഥാനങ്ങള്‍ ഗര്‍ഭച്ഛിദ്രം അനുവദിക്കുന്നതായി ട്രംപ് ആവര്‍ത്തിച്ച് പറഞ്ഞിട്ടുള്ളത് ചൂണ്ടിക്കാട്ടി അദ്ദേഹം പച്ചക്കള്ളം ആവര്‍ത്തിക്കുകയാണെന്ന് കമല പറഞ്ഞു. ശിശുഹത്യ എല്ലാ സംസ്ഥാനങ്ങളിലും ക്രിമിനല്‍ കുറ്റമാണെന്നിരിക്കെ, ജനനശേഷം കുഞ്ഞിനെ കൊല്ലാന്‍ അനുവദിക്കുന്ന നിയമം ഒരു സംസ്ഥാനവും പാസാക്കിയിട്ടില്ലെന്നും ഈ വസ്തുത അതേ പടി നിലനില്‍ക്കെയാണ് ട്രംപ് ഇക്കാര്യങ്ങള്‍ ആവര്‍ത്തിക്കുന്നതെന്നും റിപ്പബ്ലിക്കന്‍ സ്ഥാനാര്‍ത്ഥി പറഞ്ഞു.
താനാണ് ഗര്‍ഭച്ഛിദ്രാവകാശം തിരികെ കൊണ്ടുവന്നതെന്ന് ട്രംപ് പറഞ്ഞു. ഗര്‍ഭച്ഛിദ്രത്തെക്കുറിച്ചുള്ള ട്രംപിന്റെ നിലപാടുകള്‍ മാറ്റുന്നതിനെക്കുറിച്ച് സംവാദത്തില്‍ ചോദ്യങ്ങള്‍ ഉയര്‍ന്നു. പ്രത്യേകിച്ചും ഫ്ലോറിഡയുടെ ഗര്‍ഭച്ഛിദ്ര അവകാശ ബാലറ്റ് സംരംഭത്തിനുള്ള പിന്തുണ പിന്‍വലിക്കാനുള്ള അദ്ദേഹത്തിന്റെ തീരുമാനത്തെക്കുറിച്ച്. ഗര്‍ഭച്ഛിദ്രത്തിന്റെ കാര്യത്തില്‍ ഡെമോക്രാറ്റുകളെ 'വളരെ ലിബറല്‍' എന്ന് വിശേഷിപ്പിച്ച ട്രംപ്, പ്രസവശേഷം നടത്തുന്ന ഗര്‍ഭഛിദ്രങ്ങള്‍ക്ക് ഡെമോക്രാറ്റുകള്‍ അനുകൂലമാണെന്ന നുണ ആവര്‍ത്തിക്കുകയായിരുന്നു.
ദേശീയ അബോര്‍ഷന്‍ നിരോധനം കൊണ്ടുവരുമോ എന്ന ചോദ്യത്തിന് ട്രംപിന് മറുപടി പറയാന്‍ കഴിഞ്ഞതുമില്ല.
ഗര്‍ഭച്ഛിദ്ര നിയമത്തെക്കുറിച്ചു സംസാരിക്കവെ, സര്‍ക്കാരോ ട്രംപോ അല്ല രാജ്യത്തെ സ്ത്രീകളുടെ ശരീരത്തെക്കുറിച്ച് തീരുമാനമെടുക്കേണ്ടതെന്ന് കമല ഹാരിസ് ആഞ്ഞടിച്ചു. പ്രത്യുല്‍പാദന അവകാശങ്ങളില്‍ വോട്ടര്‍മാര്‍ തന്നെ വിശ്വസിക്കുന്നത് എന്തിനെന്ന ചോദ്യത്തിന് മറുപടിയായി, വാള്‍സ് ഉള്‍പ്പെടെയുള്ള ഡെമോക്രാറ്റുകള്‍ ഗര്‍ഭച്ഛിദ്രത്തിന് അനുകൂലരാണെന്ന കെട്ടിച്ചമച്ച വാദമായിരുന്നു ട്രംപ് മുന്നോട്ടുവച്ചത്.
പലസ്തീന്‍-ഗാസ യുദ്ധം, യുക്രൈന്‍-റ,്‌യന്‍ യുദ്ധം എന്നീ വിഷയങ്ങളും സംവാദത്തില്‍ നിറഞ്ഞു.
താന്‍ പ്രസിഡന്റ് ആയിരുന്നെങ്കില്‍ യുക്രെയ്ന്‍ യുദ്ധമുണ്ടാവില്ലായിരുന്നു എന്നാണ് ട്രംപ് ഇതെക്കുറിച്ച് പറഞ്ഞത്.
പലസ്തീന്‍, ഇസ്രായേല്‍ സംഘര്‍ഷത്തില്‍ ദ്വിരാഷ്ട്ര പരിഹാരത്തിന് കമല ഹാരിസ് പിന്തുണ പ്രഖ്യാപിച്ചപ്പോള്‍, അതേക്കുറിച്ചുള്ള ചോദ്യത്തില്‍ നിന്ന് ട്രംപ് ഒഴിഞ്ഞുമാറി. കമല ഹാരിസും ഡെമോക്രാറ്റുകളും ഇസ്രായേലിനെ വെറുക്കുന്നുവെന്നും തന്റെ ഭരണത്തിന് കീഴില്‍ സംഘര്‍ഷങ്ങള്‍ നടക്കില്ലെന്നും ട്രംപ് അവകാശവാദം ആവര്‍ത്തിച്ചു. അതേസമയം താന്‍ പ്രസിഡന്റ് ആയാല്‍ യുക്രെയ്ന്‍-റഷ്യ യുദ്ധം 24 മണിക്കൂറിനുള്ളി അവസാനിപ്പിക്കുമെന്ന് ട്രംപ് പറഞ്ഞു. എന്നാല്‍ എങ്ങനെ എന്ന് വ്യക്തമാക്കാന്‍ അദ്ദേഹം തയ്യാറായില്ല.
കമല ജയിച്ചാല്‍ രണ്ടു വര്‍ഷത്തിനകം ഇസ്രയേല്‍ ഇല്ലാതാകുമെന്ന് മുന്‍ പ്രസിഡന്റ് പരിഹസിച്ചപ്പോള്‍ ട്രംപ് വരുത്തിയ വിനകള്‍ നീക്കുകയാണ് ജോ ബൈഡനെന്ന് കമല തിരിച്ചടിച്ചു. അതേ സമയം മൂന്നരവര്‍ഷമായി അധികാരത്തിലിരിക്കുന്ന ബൈഡന്‍-കമല കൂട്ടുകെട്ടിന്റെ ഭരണകൂടത്തിന് ചെയ്യാന്‍ കഴിയാത്ത കാര്യങ്ങളാണ് ഇപ്പോള്‍ വാഗ്ദാനം ചെയ്യുന്നതെന്ന് റിപ്പബലിക്കന്മാര്‍ ആരോപിക്കുന്നു.
ലോകരാഷ്ട്രങ്ങള്‍ക്കു മുന്നില്‍ അമേരിക്കയുടെ വിലയിടിഞ്ഞു എന്ന ട്രംപിന്റെ ആരോപണത്തിന് മറുപടിയായി ട്രംപ് ലോകനേതാക്കള്‍ക്കുമുന്നില്‍ പരിഹാസ പാത്രമാണെന്ന് കമല തിരിച്ചടിച്ചു. ട്രംപ് ലോകനേതാക്കള്‍ക്കുമുന്നില്‍ പരിഹസിക്കപ്പെടുന്നതിന് താന്‍ സാക്ഷിയാണെന്ന് കമല ഹാരിസ് പറഞ്ഞു. ലോകത്തിലെ ഏറ്റവും മോശം നേതാക്കള്‍ക്കുപോലും ട്രംപിനെ പറഞ്ഞ് പറ്റിക്കാന്‍ കഴിയുമെന്ന് കമല പറഞ്ഞു. കാരണം ട്രംപിന് അത്രയുമേ ബുദ്ധിയുള്ളൂ. അദ്ദേഹത്തോടൊപ്പം ജോലിചെയ്തവരെല്ലാം അദ്ദേഹം ഒരുനാണക്കേടാണെന്ന് സാക്ഷ്യപ്പെടുത്തിയിട്ടണ്ടെന്നും കമല പറഞ്ഞു.
''സ്വേച്ഛാധിപതികളായവര്‍ നിങ്ങള്‍ വീണ്ടും പ്രസിഡന്റാകാന്‍ പിന്തുണ നല്‍കുന്നുണ്ടെന്ന് എല്ലാവര്‍ക്കും അറിയാം. കാരണം നിങ്ങളെ മുഖസ്തുതിയും ആനുകൂല്യങ്ങളും ഉപയോഗിച്ച് കൈകാര്യം ചെയ്യാന്‍ കഴിയുമെന്ന് അവര്‍ക്കറിയാം. അതുകൊണ്ടാണ് നിങ്ങളുടെ കൂടെ പ്രവര്‍ത്തിച്ച നിരവധി സൈനിക നേതാക്കള്‍ നിങ്ങള്‍ ഒരു നാണക്കേടാണെന്ന് എന്നോട് പറഞ്ഞത്.''
റഷ്യന്‍ പ്രസിഡന്റ് വ്‌ളാഡിമിര്‍ പുടിനുമായുള്ള ട്രംപിന്റെ കൂട്ടുകെട്ടിനെയും കമല ഹാരിസ് വിമര്‍ശിച്ചു. വേണ്ടിവന്നാല്‍ ഉച്ചയൂണിന് ട്രംപിനെ തന്നെ തിന്നാന്‍ മടിയില്ലാത്തയാളാണ് പുടിന്‍ എന്ന് കമല ആരോപിച്ചു.
കമല മാര്‍ക്‌സിസ്‌റ്റെന്ന് ട്രംപ്
'അവള്‍ ഒരു മാര്‍ക്‌സിസ്റ്റാണ്, അവള്‍ ഒരു മാര്‍ക്‌സിസ്റ്റാണെന്ന് എല്ലാവര്‍ക്കും അറിയാം. അവളുടെ പിതാവും ഒരു മാര്‍ക്‌സിസ്റ്റ് പ്രൊഫസറായിരുന്നു. അദ്ദേഹത്തില്‍ നിന്ന് അവള്‍ നന്നായി പഠിച്ചിട്ടുണ്ട്,'' ട്രംപ് പറഞ്ഞു.
സ്ത്രീകളെയും കുട്ടികളെയും യുദ്ധ കുറ്റകൃത്യങ്ങളില്‍ നിന്ന് രക്ഷിക്കുക. എന്നത് തന്റെ ലക്ഷ്യമായിരിക്കുമെന്ന് തന്റെ നിലപാട് വ്യക്തമാക്കിയപ്പോഴും കമലയെ കമ്മ്യൂണിസ്റ്റ് എന്നാണ് ട്രംപ് വിശേഷിപ്പിച്ചത്.
അമേരിക്കന്‍ ജനതക്ക് വേണ്ടിയും അമേരിക്ക എന്ന രാജ്യത്തിന്റെ ശക്തമായ നിലനില്പിനും ജനങ്ങളുടെ ക്ഷേമത്തിനും വേണ്ടിയായിരിക്കും തന്റെ നിലപാടുകളെന്നും കമല പറഞ്ഞു. മൂല്യങ്ങളില്‍ വിശ്വസിക്കുന്ന ആളാണ് താനെന്നും കമല ഹാരിസ് വ്യക്തമാക്കി.
ക്രിമിനലുകളെ പിന്തുണക്കാനാണ് കമലഹാരിസ് ആഗ്രഹിക്കുന്നതെന്ന് ട്രംപ് പറഞ്ഞു.
അതിര്‍ത്തി മലര്‍ക്കെ തുറന്നിട്ടത് മേക്‌സിക്കോ വഴി ക്രിമിനലുകള്‍ക്ക് അമേരിക്കയിലെത്താന്‍ വഴിയൊരുക്കി. ഇത് റാഡിക്കല്‍ ഇടതുപക്ഷ നിലപാടാണ്. കമ്മ്യൂണിസ്റ്റ് ആശയങ്ങളാണ് കമല പിന്തുടരുന്നത്. അവിടെ മനുഷ്യാവകാശങ്ങളില്ല. ക്രിമിനലുകള്‍ക്കുള്ള പിന്തുണയായിരിക്കുംകമല ഹാരിസ് നേതൃത്വമെന്നും ട്രംപ് ആരോപിച്ചു. ബൈഡന്‍ ഭരണകൂടത്തിന്റെ ക്രിമിനല്‍ റെക്കോര്‍ഡിനെ ട്രംപ് ആക്രമിച്ചു. ഇതിന് മറുപടിയായാണ് ഹാരിസ് ട്രംപിന്റെ നിയമപ്രശ്നങ്ങള്‍ എടുത്തു.
''ദേശീയ സുരക്ഷാ കുറ്റകൃത്യങ്ങള്‍, സാമ്പത്തിക കുറ്റകൃത്യങ്ങള്‍, തിരഞ്ഞെടുപ്പ് ഇടപെടല്‍ എന്നിവയ്ക്ക് ശിക്ഷിക്കപ്പെട്ട ഒരാളില്‍ നിന്ന് ഇതെല്ലാം കേള്‍ക്കുന്നത് വളരെ വലുതാണെന്ന് ഞാന്‍ കരുതുന്നു. ലൈംഗികാതിക്രമത്തിന് ഉത്തരവാദിയാണ് ഇദ്ദേഹമെന്ന് കണ്ടെത്തിയിട്ടുണ്ട്. അടുത്ത തവണ കോടതിയില്‍ ഹാജരാകുന്നത് നവംബറില്‍ സ്വന്തം ക്രിമിനല്‍ ശിക്ഷാവിധി അറിയാന്‍ വേണ്ടിയാണ്,'' കമല ട്രംപിനെ പരിഹസിച്ചു. എന്നാല്‍ തനിക്കെതിരായ കേസുകളും പീഡനാരോപണവും കെട്ടിച്ചമച്ചതാണെന്നായിരുന്നു ട്രംപിന്റെ മറുപടി.
ബൈഡനെയും ആക്രമിച്ച് ട്രംപ്
സംവാദത്തിലുടനീളം പ്രസിഡന്റ് ജോ ബൈഡനെതിരായ ട്രംപ് നിരവധി വിമര്‍ശനങ്ങള്‍ ഉന്നയിച്ചു. ബൈഡന്‍ അമേരിക്കയുടെ ചരിത്രത്തിലെ ഏറ്റവും മോശം പ്രസിഡന്റ് ആണെന്ന് ട്രംപ് വിമര്‍ശിച്ചു. എന്നാല്‍ ബൈഡനെതിരെയല്ല തനിക്കെതിരെയാണ് ട്രംപ് മത്സിക്കുന്നതെന്ന് കമല ഓര്‍മ്മിപ്പിച്ചു.
അതിനു മറുപടിയായി കമല ഹാരിസ്, ജോ ബൈഡന്‍ തന്നെയാണെന്ന് ട്രംപ് പരിഹസിച്ചു. എന്നാല്‍ താന്‍ ജോ ബൈഡന്‍ അല്ല, തീര്‍ച്ചയായും ഞാന്‍ ഡോണള്‍ഡ് ട്രംപുമല്ല എന്ന് കമല ഹാരിസ് തിരിച്ചടിച്ചു. തനിക്ക് തന്റേതായ പദ്ധതികള്‍ ഉണ്ടെന്നും കമല വ്യക്തമായി.
ട്രംപിനെ പ്രകോപിപ്പിക്കുന്നതില്‍ വിജയിച്ച് കമല; ബൈഡന്‍ ഭരണം അമേരിക്കയെ ദുര്‍ബലമാക്കിയെന്ന് ട്രംപ്