ഇന്ത്യ- പാകിസ്താന്‍ സംഘര്‍ഷം ആണവ യുദ്ധത്തിലേക്ക് എത്തുമായിരുന്നെന്ന് ട്രംപ്

ഇന്ത്യ- പാകിസ്താന്‍ സംഘര്‍ഷം ആണവ യുദ്ധത്തിലേക്ക് എത്തുമായിരുന്നെന്ന് ട്രംപ്


വാഷിംഗ്ടണ്‍: ഇന്ത്യ- പാക് സംഘര്‍ഷം ആണവ യുദ്ധത്തിലേക്ക് എത്തുമായിരുന്നെന്നും അത് ഒഴിവാക്കുകയായിരുന്നുവെന്നും യു എസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ്. ഇതുമായി ബന്ധപ്പെട്ട് ട്രംപ്  വൈസ് പ്രസിഡന്റ് ജെഡി വാന്‍സിനെയും മാര്‍ക്ക് റൂബിയോയേയും അഭിനന്ദിക്കുകയും ചെയ്തു.

ഓപ്പറേഷന്‍ സിന്ദൂറിനെ തുടര്‍ന്നുണ്ടായ സംഘര്‍ഷത്തില്‍ വെടിനിര്‍ത്തല്‍ തീരുമാനത്തില്‍ കക്ഷിചേര്‍ന്നതായി ട്രംപ് നേരത്തെയും ട്രൂത്ത് സോഷ്യലില്‍ കുറിച്ചിരുന്നു. എന്നാല്‍ ഇന്ത്യന്‍ സര്‍ക്കാര്‍ ഇതിന് കൃത്യമായ വിശദീകരണം നല്‍കിയിട്ടില്ല. ഈ സാഹചര്യത്തിലാണ് പുതിയ വാദവുമായി ട്രംപ് രംഗത്തെത്തിയത്.

ഇന്ത്യയും പാകിസ്ഥാനും തമ്മിലുള്ള വെടിനിര്‍ത്തല്‍ തീരുമാനത്തെ അഭിനന്ദിച്ച് ട്രൂത്ത് സോഷ്യലില്‍ ട്രംപ് കുറിപ്പ് പങ്കുവെച്ചിരുന്നു. അമേരിക്ക ഇടപെട്ടാണ് ഇന്ത്യ- പാക് സംഘര്‍ഷത്തില്‍ വെടിനിര്‍ത്തല്‍ ഉണ്ടായത് എന്ന രീതിയിലാണ് ട്രംപിന്റെ പ്രതികരണം വന്നത്. കശ്മീര്‍ പ്രശ്‌നത്തില്‍ ഇടപെടാനും തയ്യാറാണെന്നും ട്രംപ് ആവര്‍ത്തിച്ച് പറഞ്ഞിട്ടുണ്ട്. 

ഇന്ത്യ- പാകിസ്താന്‍ വെടിനിര്‍ത്തല്‍ ധാരണയിലെത്താന്‍ അമേരിക്ക പങ്കുവഹിച്ചുവെന്ന വാദം ട്രംപ് തുടര്‍ച്ചയായി ആവര്‍ത്തിക്കുന്നുണ്ട്. വെടിനിര്‍ത്തല്‍ അമേരിക്കയുടെ മധ്യസ്ഥതയില്‍ നടന്ന ചര്‍ച്ചയിലാണെന്ന് യു എസ് സ്റ്റേറ്റ് സെക്രട്ടറി നേരത്തെ വാര്‍ത്താ കുറിപ്പില്‍ പറഞ്ഞിരുന്നു. മാത്രമല്ല ഇന്ത്യയും പാകിസ്ഥാനും വെടി നിര്‍ത്തല്‍ പ്രഖ്യാപിക്കുന്നതിന് മണിക്കൂറുകള്‍ക്ക് മുമ്പേ ട്രംപാണ് ഇക്കാര്യം ലോകത്തെ അറിയിച്ചത്. 

സമാധാനം പുലരാന്‍ പ്രയത്‌നിച്ച രണ്ട് രാഷ്ട്രത്തലവന്മാര്‍ക്കും അഭിനന്ദനം അറിയിച്ചാണ് ട്രംപിന്റെ കുറിപ്പ് തുടങ്ങിയത്. 

ഇന്ത്യ എക്കാലവും പറഞ്ഞിരുന്നത് കശ്മീര്‍ പ്രശ്‌നത്തില്‍ രണ്ട് രാജ്യങ്ങള്‍ തമ്മിലുള്ള ചര്‍ച്ചയല്ലാതെ മൂന്നാമതൊരു കക്ഷിയെ പങ്കാളിയാക്കാന്‍ ആഗ്രഹിക്കുന്നില്ല എന്നാണ്. എന്നാല്‍ ട്രംപ് ഇപ്പോള്‍ പറഞ്ഞിരിക്കുന്നത് ആയിരം വര്‍ഷം കഴിഞ്ഞാലും കശ്മീര്‍ പ്രശ്‌നത്തില്‍ എന്തെങ്കിലും പരിഹാരം ഉണ്ടാക്കുമെങ്കില്‍ അതില്‍ ഇടപെടാന്‍ അമേരിക്ക തയ്യാറാണ് എന്നാണ്. ഇരു രാജ്യങ്ങളുമായുള്ള വ്യാപാര ബന്ധം കൂട്ടാനുള്ള  നീക്കങ്ങള്‍ നടക്കുകയാണ് എന്നും ട്രംപ് കുറിപ്പില്‍ പറയുന്നു.