ചൈനയ്ക്ക് അമേരിക്കന്‍ ആയുധങ്ങള്‍ വില്‍ക്കുന്നതിനെക്കുറിച്ച് ചര്‍ച്ച നടന്നിട്ടില്ലെന്ന് ട്രംപ്

ചൈനയ്ക്ക് അമേരിക്കന്‍ ആയുധങ്ങള്‍ വില്‍ക്കുന്നതിനെക്കുറിച്ച് ചര്‍ച്ച നടന്നിട്ടില്ലെന്ന് ട്രംപ്


വാഷിംഗ്്ടണ്‍: ചൈനീസ് പ്രസിഡന്റ് ഷി ജിന്‍പിങ്ങുമായി അടുത്തിടെ നടത്തിയ കൂടിക്കാഴ്ചയില്‍ അമേരിക്കന്‍ ആയുധങ്ങള്‍ ചൈനയ്ക്ക് വില്‍ക്കുന്നതിനെക്കുറിച്ച് ചര്‍ച്ച ചെയ്തിട്ടില്ലെന്ന് യു എസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ്. ചൈനയിലെ യു എസ് അംബാസഡര്‍ ഡേവിഡ് പെര്‍ഡ്യൂ, ഷിയുമായി കൂടിക്കാഴ്ചയ്ക്കിടെ അമേരിക്കന്‍ സൈനിക ഉപകരണങ്ങള്‍ ചൈനയ്ക്ക് വില്‍ക്കാനുള്ള സാധ്യത ട്രംപ് ഉന്നയിച്ചിരുന്നുവെന്ന് പറഞ്ഞതിന് പിന്നാലെയാണ് ട്രംപിന്റെ പ്രതികരണം.

പെര്‍ഡ്യൂവിന്റെ പരാമര്‍ശത്തെക്കുറിച്ച് മാധ്യമ പ്രവര്‍ത്തകര്‍ ചോദിച്ചപ്പോള്‍, അത്തരമൊരു കാര്യത്തെക്കുറിച്ച് തനിക്ക് അറിവില്ലെന്നായിരുന്നു ട്രംപിന്റെ മറുപടി. അമേരിക്കന്‍ സൈനിക ഉപകരണങ്ങള്‍ ചൈനയ്ക്ക് വില്‍ക്കുന്നതിനെക്കുറിച്ച് താനും ഷിയും ചര്‍ച്ച ചെയ്തിട്ടില്ലെന്നും അദ്ദേഹം വ്യക്തമാക്കി.

അമേരിക്കന്‍ ആയുധങ്ങള്‍ മികച്ചതായതിനാല്‍ ചൈനയ്ക്ക് അവ വാങ്ങാന്‍ താത്പര്യമുണ്ടാകാമെന്നും, എന്നാല്‍ വിഷയം കൂടിക്കാഴ്ചയില്‍ ചര്‍ച്ച ചെയ്തിട്ടില്ലെന്നും ട്രംപ് പറഞ്ഞു. പെര്‍ഡ്യൂ തായ്വാനെക്കുറിച്ചായിരിക്കാം പരാമര്‍ശിച്ചതെന്നും ട്രംപ് കൂട്ടിച്ചേര്‍ത്തു.

ഫോക്സ് ന്യൂസിന്റെ ഫോക്സ് ന്യൂസ് സണ്‍ഡേ പരിപാടിയില്‍ സംസാരിക്കവെയാണ് പെര്‍ഡ്യൂ ഇക്കാര്യം പറഞ്ഞത്. ലോകത്തെ മറ്റു രാജ്യങ്ങള്‍ക്ക് അമേരിക്ക ആയുധങ്ങള്‍ വില്‍ക്കുന്ന കാര്യം ചൂണ്ടിക്കാട്ടി, ചൈനയ്ക്കും ആയുധങ്ങള്‍ വില്‍ക്കാനുള്ള സാധ്യത ട്രംപ് ഷിയുമായി ചര്‍ച്ച ചെയ്തിരുന്നുവെന്നായിരുന്നു അദ്ദേഹത്തിന്റെ പരാമര്‍ശം.

അതേസമയം, തായ്വാനിലേക്കുള്ള അമേരിക്കന്‍ ആയുധ വിതരണത്തിന്റെ സമയക്രമത്തെക്കുറിച്ച് യു എസ് നിയമനിര്‍മാതാക്കള്‍ ആശങ്ക ഉയര്‍ത്തിയ സാഹചര്യത്തിലായിരുന്നു പെര്‍ഡ്യൂവിന്റെ പ്രസ്താവന. ചൈനയുടെ ആക്രമണ സാധ്യത നേരിടാന്‍ പ്രതിരോധശേഷി ശക്തിപ്പെടുത്തുന്നതിന്റെ ഭാഗമായി തായ്വാന്‍ അമേരിക്കന്‍ സൈനിക ഉപകരണങ്ങളെ ആശ്രയിക്കുന്നുണ്ട്.

ബെയ്ജിങ്ങുമായുള്ള ബന്ധം പരിഗണിച്ച് തായ്വാനിലേക്കുള്ള ആയുധ വിതരണം അമേരിക്ക വൈകിപ്പിച്ചോ എന്ന ചോദ്യത്തിന് പെര്‍ഡ്യൂ നിഷേധാത്മകമായ മറുപടിയാണ് നല്‍കിയത്. തായ്വാന്റെ കാര്യത്തില്‍ ട്രംപിന്റെ നിലപാട് താന്‍ കണ്ടതില്‍ ഏറ്റവും ശക്തമാണെന്നും തായ്വാനിലേക്കുള്ള അമേരിക്കന്‍ ആയുധ വില്‍പ്പന സംബന്ധിച്ച ചര്‍ച്ചകള്‍ തുടരുമെന്നും അദ്ദേഹം പറഞ്ഞു.

തുടര്‍ന്ന് ട്രംപ് ഭരണകൂടം ചൈനയ്ക്ക് ആയുധങ്ങള്‍ വില്‍ക്കാന്‍ പദ്ധതിയില്ലെന്ന് വ്യക്തമാക്കി. ചൈനയ്ക്ക് ആയുധങ്ങള്‍ വില്‍ക്കുന്നത് യു എസ് നിയമം വിലക്കുന്നുണ്ടെന്നും ബെയ്ജിങ്ങിന് ആയുധ വില്‍പ്പന നടത്താനുള്ള നിര്‍ദേശമോ പദ്ധതിയോ നിലവിലില്ലെന്നും യു എസ് സ്റ്റേറ്റ് ഡിപ്പാര്‍ട്ട്മെന്റ് അറിയിച്ചു.

അതേസമയം, ഷിയുമായുള്ള കൂടിക്കാഴ്ചയെ ട്രംപ് മികച്ച രീതിയില്‍ വിലയിരുത്തി. കൂടിക്കാഴ്ചയ്ക്ക് '12' എന്ന ഉയര്‍ന്ന റേറ്റിങ് നല്‍കിയാണ് അദ്ദേഹം വിശേഷിപ്പിച്ചത്. കൂടിക്കാഴ്ച വളരെ ബഹുമാനപൂര്‍വവും മികച്ചതും മഹത്തായതുമായിരുന്നുവെന്നും ട്രംപ് പറഞ്ഞു.

അടുത്ത അന്താരാഷ്ട്ര ഉച്ചകോടികളില്‍ ഇരുനേതാക്കളും വീണ്ടും കൂടിക്കാഴ്ച നടത്തുമെന്നാണ് പ്രതീക്ഷ.