റോം: കത്തോലിക്കാ സഭയില്‍ ചില ഘട്ടങ്ങളില്‍ ലൈംഗിക ദുരുപയോഗവും പീഡനവും നടന്നിട്ടുണ്ടെങ്കിലും ലൈംഗിക പീഡനം സഭയില്‍ 'വ്യവസ്ഥാപിതമായിരുന്നു' എന്ന് വിശേഷിപ്പിക്കാനാകില്ലെന്ന് പോപ്പ് ലിയോ പതിനാലാമന്‍. ഫ്രാന്‍സിലെ നാലുദിവസത്തെ സന്ദര്‍ശനം പൂര്‍ത്തിയാക്കി മടങ്ങുന്നതിനിടെ വിമാനത്തില്‍ മാധ്യമ പ്രവര്‍ത്തകരോട് സംസാരിക്കുകയായിരുന്നു മാര്‍പാപ്പ.
നിര്‍മിത ബുദ്ധി (എ ഐ) ഉയര്‍ത്തുന്ന ആശങ്കകള്‍ ഗൗരവമായി കാണേണ്ടതുണ്ടെന്ന് അദ്ദേഹം പറഞ്ഞു. എന്നാല്‍ എ ഐയുടെ അതിവേഗ വളര്‍ച്ചയില്‍ താന്‍ പരിഭ്രാന്തനല്ലെന്നും അദ്ദേഹം വ്യക്തമാക്കി.
എ ഐ മുന്നറിയിപ്പുകള്‍ തള്ളിക്കളയരുത്. നിര്‍മിത ബുദ്ധിയുമായി ബന്ധപ്പെട്ട അപകട സാധ്യതകളെക്കുറിച്ചുള്ള ചോദ്യത്തിന് മറുപടിയായി, വിഷയം ഗൗരവമായി കാണുന്നുണ്ടെങ്കിലും തനിക്ക് പരിഭ്രാന്തിയില്ലെന്ന് പോപ്പ് പറഞ്ഞു. എ ഐ സംബന്ധിച്ച മുന്നറിയിപ്പുകളെ അതിശയോക്തിയെന്നോ 'ഫേക്ക് ന്യൂസ്' എന്നോ പറഞ്ഞ് തള്ളിക്കളയുന്നത് ശരിയല്ലെന്നും അദ്ദേഹം വ്യക്തമാക്കി.
എ ഐയുടെ വളര്‍ച്ചയും അതിന്റെ പ്രത്യാഘാതങ്ങളും സംബന്ധിച്ച് ഗൗരവമായ ചര്‍ച്ച ആവശ്യമാണെന്ന് അദ്ദേഹം പറഞ്ഞു. എ ഐ മനുഷ്യജീവിതത്തിന്റെ വിവിധ മേഖലകളിലേക്ക് കൂടുതല്‍ കടന്നുവരുന്ന സാഹചര്യത്തില്‍ മനുഷ്യരാശിയെ സംരക്ഷിക്കേണ്ടതിന്റെ ആവശ്യകതയും ഫ്രാന്‍സ് സന്ദര്‍ശനത്തിനിടെ പോപ്പ് പലതവണ ചൂണ്ടിക്കാട്ടിയിരുന്നു.
യന്ത്രങ്ങളുടെ സ്വാധീനം ദൈനംദിന ജീവിതത്തില്‍ വര്‍ധിക്കുന്ന സാഹചര്യത്തില്‍ മനുഷ്യസത്ത നഷ്ടപ്പെടാതിരിക്കാന്‍ നൈതിക വിവേചനശേഷി വളര്‍ത്തുന്ന വിദ്യാഭ്യാസത്തിന് അടിയന്തര പ്രാധാന്യം നല്‍കണം എന്നായിരുന്നു അദ്ദേഹത്തിന്റെ നിലപാട്.
ആണവ സാങ്കേതികവിദ്യ, സംസ്‌കാരം, കലാസൃഷ്ടി തുടങ്ങിയ മേഖലകളില്‍ എ ഐയുടെ സ്വാധീനം ഉള്‍പ്പെടെ ആഗോള എ ഐ ഭരണവുമായി ബന്ധപ്പെട്ട ചര്‍ച്ചകളില്‍ വത്തിക്കാന്‍ അടുത്തകാലത്ത് കൂടുതല്‍ സജീവമായി ഇടപെടുന്നുണ്ട്.
ഫ്രാന്‍സ് സന്ദര്‍ശനത്തിനിടെ ലൈംഗിക പീഡനത്തിനിരയായവരുമായി കൂടിക്കാഴ്ച നടത്തിയതിന് പിന്നാലെ സഭയിലെ ദീര്‍ഘകാല ലൈംഗിക പീഡന പ്രതിസന്ധിയെക്കുറിച്ചും പോപ്പിനോട് മാധ്യമ പ്രവര്‍ത്തകര്‍ ചോദിച്ചു.
ചില അതിജീവിതര്‍ സഭയിലെ 'വ്യവസ്ഥാപിത പീഡനം' സംബന്ധിച്ച് തന്നോട് സംസാരിച്ചിട്ടുണ്ടെന്ന് പോപ്പ് പറഞ്ഞു. എന്നാല്‍ വിഷയത്തെ മറ്റൊരു രീതിയില്‍ വിശേഷിപ്പിക്കാനാണ് താന്‍ ആഗ്രഹിക്കുന്നതെന്നും അദ്ദേഹം വ്യക്തമാക്കി.
സഭയിലെ ചില സംഘടനകള്‍ ചില ഘട്ടങ്ങളില്‍ ഒരു സംവിധാനമെന്ന നിലയില്‍ തന്നെ ദുരുപയോഗപരമായ രീതിയില്‍ പ്രവര്‍ത്തിച്ചിട്ടുണ്ടെന്ന് സമ്മതിച്ച പോപ്പ്, പീഡനം അതിജീവിച്ചവരുടെ ജീവിതത്തിലും വിശ്വാസത്തിലും ആഴത്തിലുള്ള മുറിവുകളാണ് സൃഷ്ടിച്ചതെന്നും പറഞ്ഞു.
അവരുടെ വിശ്വാസജീവിതം ഗുരുതരമായി മുറിവേല്‍ക്കുകയും ചിലപ്പോള്‍ തകര്‍ന്നുപോകുകയും ചെയ്തിട്ടുണ്ടെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി. അവര്‍ക്കൊപ്പം സഞ്ചരിക്കുകയും രോഗശാന്തി തേടാന്‍ സഹായിക്കുകയും ചെയ്യുന്നത് സഭയുടെ പ്രത്യേക ഉത്തരവാദിത്തമാണെന്നും പോപ്പ് വ്യക്തമാക്കി.
സഹായത്തോടെ മരണത്തിന് (അസിസ്റ്റഡ് ഡയിംഗ്) എതിരായ തന്റെ നിലപാടും പോപ്പ് ലിയോ പതിനാലാമന്‍ ആവര്‍ത്തിച്ചു. ഫ്രാന്‍സ് സന്ദര്‍ശനത്തിനിടെ വിഷയത്തില്‍ നടത്തിയ പരാമര്‍ശങ്ങള്‍ ഫ്രഞ്ച് രാഷ്ട്രീയത്തില്‍ ഇടപെടാനുള്ള ശ്രമമല്ലെന്നും മറിച്ച് ധാര്‍മിക പരിഗണനകളുടെ അടിസ്ഥാനത്തിലായിരുന്നുവെന്നും അദ്ദേഹം പറഞ്ഞു.
നിശ്ചിത സാഹചര്യങ്ങളില്‍ സഹായത്തോടെ മരണത്തിന് അനുമതി നല്‍കുന്ന നിയമനിര്‍മാണം ഫ്രഞ്ച് പാര്‍ലമെന്റ് ഈ വര്‍ഷം പാസാക്കിയിരുന്നു.
സഭയും ഭരണകൂടവും തമ്മിലുള്ള പരിധി ലംഘിച്ചുകൊണ്ടാണോ വിഷയത്തില്‍ പ്രതികരിച്ചതെന്ന ചോദ്യത്തിന് താന്‍ ആ പരിധി ലംഘിച്ചിട്ടില്ല എന്നായിരുന്നു പോപ്പിന്റെ മറുപടി.
രോഗം, വൈകല്യം, വേദന എന്നിവ നേരിടുന്നവര്‍ക്കൊപ്പം നില്‍ക്കുകയും മനുഷ്യജീവിതത്തിന്റെ മൂല്യം ഉയര്‍ത്തിപ്പിടിക്കുകയും ചെയ്യുന്നതിലാണ് സഭയുടെ നിലപാട് കേന്ദ്രീകരിക്കുന്നതെന്നും അദ്ദേഹം വ്യക്തമാക്കി. ഫ്രഞ്ച് രാഷ്ട്രീയത്തില്‍ ഇടപെടുക എന്നതായിരുന്നില്ല തന്റെ ലക്ഷ്യമെന്നും പോപ്പ് പറഞ്ഞു.
