എസ് സി ഒ യോഗത്തില്‍ പങ്കെടുക്കാന്‍ ഇന്ത്യന്‍ പ്രതിനിധി സംഘം പാകിസ്ഥാനില്‍

എസ് സി ഒ യോഗത്തില്‍ പങ്കെടുക്കാന്‍ ഇന്ത്യന്‍ പ്രതിനിധി സംഘം പാകിസ്ഥാനില്‍


ഇസ്ലാമാബാദ്: ഷാങ്ഹായ് കോഓപറേഷന്‍ ഓര്‍ഗനൈസേഷന്റെ (എസ് സി ഒ) അടുത്ത വര്‍ഷം നടക്കുന്ന രാഷ്ട്രത്തലവന്മാരുടെ ഉച്ചകോടിക്കുള്ള ഒരുക്കങ്ങളുടെ ഭാഗമായി പാകിസ്ഥാനിലെ ഇസ്ലാമാബാദില്‍ ദേശീയ കോഓര്‍ഡിനേറ്റര്‍മാരുടെ യോഗം ആരംഭിച്ചു. ഇന്ത്യയുടെ ദേശീയ കോഓര്‍ഡിനേറ്റര്‍ അലോക് ദിംരിയുടെ നേതൃത്വത്തിലുള്ള ഇന്ത്യന്‍ പ്രതിനിധി സംഘം മൂന്ന് ദിവസത്തെ യോഗത്തില്‍ പങ്കെടുക്കുന്നുണ്ട്..

പാകിസ്ഥാന്റെ ദേശീയ കോഓര്‍ഡിനേറ്റര്‍ മുഹമ്മദ് ഫൈസല്‍ ആണ് യോഗത്തിന് അധ്യക്ഷത വഹിക്കുന്നത്. എസ് സി ഒയിലെ അംഗരാജ്യങ്ങളായ റഷ്യ, ഇന്ത്യ, ഇറാന്‍, കസാഖിസ്ഥാന്‍, കിര്‍ഗിസ്ഥാന്‍, പാകിസ്ഥാന്‍, താജിക്കിസ്ഥാന്‍, ഉസ്‌ബെക്കിസ്ഥാന്‍, ബെലാറസ്, ചൈന എന്നീ രാജ്യങ്ങളുടെ പ്രതിനിധികള്‍ യോഗത്തില്‍ പങ്കെടുക്കുന്നുണ്ട്.

എസ് സിനഒ രാഷ്ട്രത്തലവന്മാരുടെ ഉച്ചകോടി 2027 ഓഗസ്റ്റില്‍ ഇസ്ലാമാബാദില്‍ നടക്കാനിരിക്കെയാണ് നിലവിലെ യോഗം. സംഘടനയ്ക്കുള്ളിലെ സഹകരണവും ഏകോപനവും ശക്തിപ്പെടുത്തുന്നതും വരാനിരിക്കുന്ന ഉച്ചകോടിയുടെയും മറ്റ് പരിപാടികളുടെയും ഒരുക്കങ്ങള്‍ വിലയിരുത്തുന്നതുമാണ് യോഗത്തിന്റെ പ്രധാന ലക്ഷ്യങ്ങള്‍.

പാകിസ്ഥാന്റെ അധ്യക്ഷതയില്‍ 2026- 27 കാലയളവില്‍ നടക്കുന്ന എസ് സി ഒ പ്രവര്‍ത്തനങ്ങളുടെ ഭാഗമായി സംഘടനയുടെ സഹകരണവും ഏകോപനവുമായി ബന്ധപ്പെട്ട വിവിധ വിഷയങ്ങള്‍ യോഗത്തില്‍ ചര്‍ച്ച ചെയ്യും. പാകിസ്ഥാന്‍ വിദേശകാര്യ മന്ത്രാലയത്തിന്റെ കണക്കനുസരിച്ച്, പാകിസ്ഥാന്റെ അധ്യക്ഷതയ്ക്ക് കീഴിലുള്ള പ്രവര്‍ത്തന പരിപാടി, വരാനിരിക്കുന്ന എസ് സി ഒ യോഗങ്ങളുടെയും പരിപാടികളുടെയും ഒരുക്കങ്ങള്‍, സംഘടനയുടെ അജന്‍ഡയിലെ മറ്റ് വിഷയങ്ങള്‍ എന്നിവയും ചര്‍ച്ചയാകും.

പാകിസ്ഥാനില്‍ എസ് സി ഒ തലത്തില്‍ ഇന്ത്യ- പാക് ഇടപെടല്‍

2026 ജൂലൈയില്‍ ഇസ്ലാമാബാദില്‍ നടന്ന എസ് സി ഒ അതിര്‍ത്തി സേവന മേധാവികളുടെ 12-ാമത് യോഗത്തിലും ഇന്ത്യ പങ്കെടുത്തിരുന്നു. 2025 മേയിലെ ഇന്ത്യ- പാക് സൈനിക സംഘര്‍ഷത്തിന് ശേഷമുള്ള രണ്ടാമത്തെ എസ് സി ഒതല ഇടപെടലാണിത്.

2024ല്‍ എസ് സി ഒ കൗണ്‍സില്‍ ഓഫ് ഹെഡ്‌സ് ഓഫ് ഗവണ്‍മെന്റ് യോഗത്തില്‍ പങ്കെടുക്കാന്‍ അന്നത്തെ വിദേശകാര്യ മന്ത്രി എസ് ജയശങ്കറിന്റെ നേതൃത്വത്തിലുള്ള ഇന്ത്യന്‍ പ്രതിനിധി സംഘം ഇസ്ലാമാബാദ് സന്ദര്‍ശിച്ചിരുന്നു.

ഇരുരാജ്യങ്ങളും തമ്മില്‍ ഉഭയകക്ഷി വിഷയങ്ങള്‍ നിലനില്‍ക്കുന്നുണ്ടെങ്കിലും എസ് സി ഒ പോലുള്ള ബഹുരാഷ്ട്ര സംവിധാനങ്ങളിലൂടെ ഇന്ത്യയും പാകിസ്ഥാനും ഔദ്യോഗികമായി ഇടപെടുന്നുണ്ട്. സംഘടനയുടെ ചാര്‍ട്ടര്‍ പ്രകാരം അംഗരാജ്യങ്ങള്‍ തമ്മിലുള്ള ഉഭയകക്ഷി തര്‍ക്കങ്ങള്‍ എസ് സി ഒയുടെ പൊതുമേഖലയിലെ സഹകരണത്തില്‍ നിന്ന് വേര്‍തിരിച്ചുനിര്‍ത്തേണ്ടതുണ്ട്.

ബിഷ്‌കെക് എസ് സി ഒ ഉച്ചകോടി

2026 ഓഗസ്റ്റ് 31 മുതല്‍ സെപ്റ്റംബര്‍ 1 വരെ കിര്‍ഗിസ്ഥാന്റെ തലസ്ഥാനമായ ബിഷ്‌കെക്കില്‍ നടന്ന 26-ാമത് എസ് സി ഒ ഉച്ചകോടിയില്‍ പ്രധാനമന്ത്രി നരേന്ദ്ര മോഡി പങ്കെടുത്തിരുന്നു.

ഉച്ചകോടിയില്‍ നടത്തിയ പ്രസംഗത്തില്‍ ഭീകരവാദത്തിനെതിരെ അംഗരാജ്യങ്ങള്‍ ഏകകണ്ഠമായി പ്രവര്‍ത്തിക്കേണ്ടതിന്റെ ആവശ്യകത പ്രധാനമന്ത്രി മോഡി ചൂണ്ടിക്കാട്ടി. ഭീകരവാദത്തിന് ലഭിക്കുന്ന സാമ്പത്തിക സഹായം തടയുക, റിക്രൂട്ട്‌മെന്റ് അവസാനിപ്പിക്കുക, ഭീകരര്‍ക്ക് സുരക്ഷിത താവളങ്ങള്‍ ലഭ്യമാകുന്നത് തടയുക തുടങ്ങിയ നടപടികള്‍ക്ക് അദ്ദേഹം ഊന്നല്‍ നല്‍കി.

ഭീകരവാദ വിഷയത്തില്‍ 'ഇരട്ടത്താപ്പ്' അംഗീകരിക്കരുതെന്നും അദ്ദേഹം ആവശ്യപ്പെട്ടു. അംഗരാജ്യങ്ങള്‍ സമവായത്തോടെ ബിഷ്‌കെക് പ്രഖ്യാപനം അംഗീകരിക്കുകയും അതിര്‍ത്തി കടന്നുള്ള ഭീകരവാദത്തിനും തീവ്രവാദ പ്രോക്‌സികള്‍ക്കുമെതിരായ സംഘടനയുടെ നിലപാട് ഔദ്യോഗികമായി രേഖപ്പെടുത്തുകയും ചെയ്തു.