ന്യൂയോര്‍ക്ക് : ന്യൂയോര്‍ക്കിലെ ആല്‍ബനിയില്‍ ഉണ്ടായ വീടുതീപ്പിടിത്തത്തില്‍ ഗുരുതരമായി പൊള്ളലേറ്റു ചികിത്സയില്‍ കഴിഞ്ഞിരുന്ന രണ്ടു ഇന്ത്യന്‍ വിദ്യാര്‍ത്ഥികള്‍ മരിച്ചു.
ആല്‍ബനിയിലെ ഒരു സര്‍വകലാശാലയില്‍ മാസ്‌റ്റേഴ്‌സ് പഠനം നടത്തുന്ന തെലങ്കാന സ്വദേശിനി സഹജ റെഡ്ഡി ഉദുമലയും (Sahaja Reddy Udumala) മറ്റൊരു ഇന്ത്യന്‍ വിദ്യാര്‍ത്ഥിയായ അന്‍വേഷ് സാരപെള്ളി (Anvesh Sarapelli)യുമാണ് മരിച്ചത്. സമീപത്തെ കെട്ടിടത്തില്‍ തുടങ്ങിയ തീ വേഗത്തില്‍ സഹജ താമസിച്ചിരുന്ന വീട്ടിലേക്ക് പടര്‍ന്നതോടെയാണ് അപകടമുണ്ടായത്.
ഉറക്കത്തിലായിരുന്ന സഹജക്ക് രക്ഷപ്പെടാനായില്ലെന്നാണ് റിപ്പോര്‍ട്ട്. വീടിനകത്ത് കണ്ടെത്തിയ നാലുപേരില്‍ ഗുരുതരമായി പരിക്കേറ്റ ഇവരെ രക്ഷപ്പെടുത്തി ആശുപത്രിയിലെത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല.
സംഭവത്തില്‍ അനുശോചനം രേഖപ്പെടുത്തിയ ന്യൂയോര്‍ക്കിലെ ഇന്ത്യന്‍ കോണ്‍സുലേറ്റ്, ഇരുവ കുടുംബങ്ങളുമായി നിരന്തര ബന്ധത്തിലാണെന്നും മൃതദേഹങ്ങള്‍ ഇന്ത്യയിലെത്തിക്കുന്നതടക്കം എല്ലാ സഹായവും നല്‍കുമെന്നും അറിയിച്ചു. ദുരന്തത്തെ തുടര്‍ന്ന് ബന്ധുക്കള്‍ കേന്ദ്രസര്‍ക്കാരിന്റെ സഹായം തേടിയിട്ടുണ്ട്.
ന്യൂയോര്‍ക്കില്‍ വീടിന് തീപ്പിടിച്ച് രണ്ടു ഇന്ത്യന്‍ വിദ്യാര്‍ത്ഥികള്‍ മരിച്ചു; മൃതദേഹം നാട്ടിലെത്തിക്കാന്‍ കേന്ദ്രസഹായം തേടി കുടുംബം
