ഇന്ത്യയുമായി 1.17 ബില്ല്യണ്‍ ഡോളറിന്റെ പ്രതിരോധ ഇടപാടിന് അംഗീകാരം നല്‍കി ബൈഡന്‍ ഭരണകൂടം

ഇന്ത്യയുമായി 1.17 ബില്ല്യണ്‍ ഡോളറിന്റെ പ്രതിരോധ ഇടപാടിന് അംഗീകാരം നല്‍കി ബൈഡന്‍ ഭരണകൂടം


വാഷിംഗ്ടണ്‍: ഇന്ത്യയുമായി 1.17 ബില്ല്യണ്‍ ഡോളറിന്റെ പ്രതിരോധ ഇടപാടിന് അംഗീകാരം നല്‍കി ബൈഡന്‍ ഭരണകൂടം. എംഎച്ച്60ആര്‍ മള്‍ട്ടി മിഷന്‍ ഹെലികോപ്റ്റര്‍ ഉപകരണങ്ങളും, അനുബന്ധ ഉപകരണങ്ങളുമാണ് അമേരിക്ക ഇന്ത്യക്ക് വില്‍ക്കുക.

ആയുധ ഇടപാടിലൂടെ ഇന്ത്യയുടെ അന്തര്‍വാഹിനികളെ കണ്ടെത്തി നശിപ്പിക്കാനുള്ള യുദ്ധശേഷി വര്‍ധിപ്പിക്കുമെന്ന് അമേരിക്കന്‍ ഡിഫന്‍സ് സെക്യൂരിറ്റി കോഓപ്പറേഷന്‍ ഏജന്‍സി അമേരിക്കന്‍ കോണ്‍ഗ്രസിനെ അറിയിച്ചു. സര്‍ക്കാരിന്റെ നാല് വര്‍ഷത്തെ കാലാവധി പൂര്‍ത്തിയാകുന്നതിന് ആഴ്ചകള്‍ക്ക് മുമ്പാണ് ബൈഡന്‍ ഭരണകൂടം ഇന്ത്യയ്ക്ക് പ്രധാന പ്രതിരോധ ഉപകരണങ്ങള്‍ വില്‍ക്കാന്‍ അനുമതി നല്‍കിയത്.

എംഎച്ച്60ആര്‍ മള്‍ട്ടി മിഷന്‍ ഹെലികോപ്റ്ററുകളിലേക്കുള്ള അത്യാധുനിക ഉപകരണങ്ങളാണ് ഇന്ത്യ വാങ്ങുന്നത്. 30 മള്‍ട്ടി ഫങ്ഷണല്‍ ഇന്‍ഫൊര്‍മേഷന്‍ ഡിസ്ട്രിബ്യൂഷന്‍ സിസ്റ്റം ജോയിന്റ് ടാക്റ്റിക്കല്‍ റേഡിയോ സിസ്റ്റം, എക്ടേണല്‍ ഫ്യൂവല്‍ ടാങ്ക്, ഫോര്‍വേര്‍ഡ് ലുക്കിങ് ഇന്‍ഫ്രാറെഡ് സിസ്റ്റം, അഡ്വാന്‍സ്ഡ് ഡാറ്റാ ട്രാന്‍സ്ഫര്‍ സിസ്റ്റം, ഓപ്പറേറ്റര്‍ മെഷിന്‍ ഇന്റര്‍ഫേസ് അസിസ്റ്റന്റ് തുടങ്ങി നിരവധി ഉപകരണങ്ങളാണ് നാവികസേനയ്ക്ക് വേണ്ടി ഇന്ത്യ വാങ്ങുന്നത്.

ലോഖീദ് മാര്‍ട്ടിനുമായാണ് ഇടപാട് നടക്കുക.വില്‍പ്പന കരാറിന്റെ ഭാഗമായി 20 അമേരിക്കന്‍ ഉദ്യോഗസ്ഥരോ അല്ലെങ്കില്‍ 25 കോണ്‍ട്രാക്ടര്‍ പ്രതിനിധികളോ ഇന്ത്യയില്‍ എത്തും. പ്രോഗ്രാം സാങ്കേതിക പിന്തുണയ്ക്കും മേല്‍നോട്ടത്തിനുമായി താല്‍ക്കാലികാടിസ്ഥാനത്തില്‍ ആയിരിക്കും അമേരിക്കന്‍ ഉദ്യോഗസ്ഥര്‍ എത്തുക.