അമേരിക്കന്‍ പ്രസിഡന്റ് തെരഞ്ഞെടുപ്പിന് അഞ്ച് ദിവസം; ഇഞ്ചോടിഞ്ച് പോരാട്ടം

അമേരിക്കന്‍ പ്രസിഡന്റ് തെരഞ്ഞെടുപ്പിന് അഞ്ച് ദിവസം; ഇഞ്ചോടിഞ്ച് പോരാട്ടം


വാഷിംഗ്ടണ്‍: ലോകം ഉറ്റുനോക്കുന്ന അമേരിക്കന്‍ പ്രസിഡന്റ് തെരഞ്ഞെടുപ്പിന് അഞ്ച് ദിവസം മാത്രം ശേഷിക്കെ സ്ഥാനാര്‍ത്ഥികളുടെ പ്രചാരണം മൂര്‍ദ്ധന്യത്തിലെത്തി. റിപ്പബ്ലിക്കന്‍ സ്ഥാനാര്‍ഥി ഡോണള്‍ഡ് ട്രംപും ഡെമോക്രാറ്റ് സ്ഥാനാര്‍ഥി കമല ഹാരിസും തമ്മില്‍ ഒപ്പത്തിനൊപ്പമുള്ള പോരാട്ടമാണ് നടക്കുന്നതെന്ന് സര്‍വേകള്‍ വ്യക്തമാക്കുന്നു. നവംബര്‍ അഞ്ചിന് നടക്കുന്ന തെരഞ്ഞെടുപ്പില്‍ ചാഞ്ചാടി നില്‍ക്കുന്ന സംസ്ഥാനങ്ങളായിരിക്കും അന്തിമ വിജയിയെ നിശ്ചയിക്കുകയെന്നതാണ് സ്ഥിതി.

വിസ്‌കോണ്‍സന്‍, മിനിസോട, മിഷിഗന്‍, നോര്‍ത് കരോലൈന എന്നിവിടങ്ങളില്‍ സ്ഥിതി പ്രവചനാതീതമായതാണ് സ്ഥാനാര്‍ഥികളെ സമ്മര്‍ദത്തിലാക്കുന്നത്. ന്യൂയോര്‍ക്ക് ടൈംസ് നടത്തിയ സര്‍വേയില്‍ ദേശീയതലത്തില്‍ കമല ഹാരിസിന് നേരിയ മുന്‍തൂക്കമുണ്ട്. കമലക്ക് 49 ശതമാനം പേരുടെ പിന്തുണയുള്ളപ്പോള്‍ 48 ശതമാനം പേരുടെ പിന്തുണയോടെ ട്രംപ് ഒപ്പത്തിനൊപ്പമുണ്ട്.

ഫലം പ്രവചനാതീതമായ ഏഴ് സംസ്ഥാനങ്ങളില്‍ നാലെണ്ണത്തില്‍ ട്രംപ് മുന്നിലാണെന്ന് ബി.ബി.സി റിപ്പോര്‍ട്ട് ചെയ്യുന്നു. പെന്‍സല്‍വേനിയയില്‍ ഒരു പോയന്റില്‍ താഴെയാണ് ട്രംപിന്റെ ലീഡ്. നോര്‍ത് കരോലൈനയില്‍ ഒരു പോയന്റിന്റെയും ജോര്‍ജിയയിലും അരിസോണയിലും രണ്ട് പോയന്റിന്റെയും ലീഡ് ട്രംപിനുണ്ട്. അതേസമയം, നെവാഡ, വിസ്‌കോണ്‍സന്‍, മിഷിഗന്‍ എന്നിവിടങ്ങളില്‍ കമലയുടെ ലീഡ് ഒരു പോയന്റില്‍ താഴെയാണ്. പ്രസിഡന്റ് ജോ ബൈഡന്‍ മത്സരത്തില്‍നിന്ന് പിന്മാറുകയും വൈസ് പ്രസിഡന്റ് കമല ഹാരിസ് എത്തുകയും ചെയ്തതോടെയാണ് തെരഞ്ഞെടുപ്പിന് ചൂടുപിടിച്ചത്. അതേസമയം, തുടക്കത്തില്‍ കമല നേടിയ മികച്ച ലീഡ് പ്രചാരണത്തിന്റെ അവസാനഘട്ടമെത്തിയപ്പോള്‍ ഇടിഞ്ഞത് ഡെമോക്രാറ്റ് ക്യാമ്പില്‍ ആശങ്ക പരത്തുന്നുണ്ട്.

കഴിഞ്ഞ ദിവസം ന്യൂയോര്‍ക്കില്‍ നടന്ന തെരഞ്ഞെടുപ്പ് പ്രചാരണ പരിപാടിയില്‍ കൊമേഡിയനായ ടോണി ഹിഞ്ച്ക്ലിഫ് പ്യൂര്‍ട്ടോറിക്കോയെ ഒഴുകുന്ന മാലിന്യ ദ്വീപ് എന്ന് വിശേഷിപ്പിച്ചത് ട്രംപ് ക്യാമ്പിന് തിരിച്ചടിയായിട്ടുണ്ട്. ലാറ്റിനമേരിക്കന്‍ കുടിയേറ്റക്കാരുടെ വോട്ട് നഷ്ടമാകുമോയെന്ന ആശങ്കയിലാണ് റിപ്പബ്ലിക്കന്‍ പാര്‍ട്ടി.
കുടിയേറ്റം, ഗര്‍ഭച്ഛിദ്രനിയമം, സാമ്പത്തിക അസ്ഥിരത തുടങ്ങിയ വിഷയങ്ങളില്‍ റിപ്പബ്ലിക്കന്‍ പാര്‍ട്ടി ഉയര്‍ത്തിയ ചോദ്യങ്ങളാണ് വോട്ടര്‍മാരെ സ്വാധീനിച്ചിട്ടുള്ളത്. ബൈഡന്‍ ഭരണകൂടത്തില്‍ വൈസ് പ്രസിഡന്റ് ആയ കമല ഹാരിസിന് ഇപ്പോള്‍ നടത്താന്‍ കഴിയാത്ത വാഗ്ദാനങ്ങള്‍ അവര്‍ പ്രസിഡന്റായാല്‍ നടത്താന്‍ കഴിയുമോ എന്ന ചോദ്യവും ട്രംപ് ക്യാംപ് ഉയര്‍ത്തുന്നു.