വാഷിംഗ്ടൺ: സംഘടിത കുറ്റകൃത്യങ്ങളെക്കുറിച്ചുള്ള പ്രധാന അന്വേഷണത്തിൽ ഇന്ത്യ ആസ്ഥാനമായി പ്രവർത്തിക്കുന്ന മൂന്ന് ഗ്രൂപ്പുകളിലെ 24 പേരെ യുഎസ് പ്രോസിക്യൂട്ടർമാർ അറസ്റ്റ് ചെയ്തു.
യുഎസ്, കാനഡ, യൂറോപ്പ് എന്നിവിടങ്ങളിൽ പ്രവർത്തിക്കുന്നതായി കണ്ടെത്തിയ 24 പേരെയാണ് ഇന്ത്യ ആസ്ഥാനമായുള്ള മൂന്ന് സംഘടിത കുറ്റകൃത്യ ഗ്രൂപ്പുകളുമായി ബന്ധമുണ്ടെന്ന് കണ്ടെത്തിയതിനെ തുടർന്ന് അറസ്റ്റ് ചെയ്തതെന്ന് യുഎസ് പ്രോസിക്യൂട്ടർമാർ അറിയിച്ചു. ബിഷ്‌ണോയി സംഘം ഉൾപ്പെടെയുള്ളവരാണ് പിടിയിലായത്. 2023-ൽ കാനഡയിൽ ബ്രിട്ടീഷ് കൊളംബിയയിലെ ഒരു ക്ഷേത്രത്തിന് പുറത്ത് സിഖ് നേതാവ് ഹർദീപ് സിംഗ് നിജ്ജാറിനെ കൊലപ്പെടുത്തിയത് ഉൾപ്പെടെയുള്ള നിരവധി കുറ്റകൃത്യങ്ങളാണ് ഇവർക്കെതിരെ ചുമത്തിയിരിക്കുന്നത്.
വധശ്രമങ്ങള്‍, മയക്കുമരുന്ന് കടത്ത്, ഭീഷണിപ്പെടുത്തി പണം തട്ടല്‍, അതിര്‍ത്തി കടന്നുള്ള അക്രമങ്ങള്‍ എന്നിവയില്‍ ഏര്‍പ്പെട്ടിരുന്ന മൂന്ന് വന്‍കിട അന്താരാഷ്ട്ര ക്രിമിനല്‍ സംഘങ്ങളെ ലക്ഷ്യമിട്ടാണ് അമേരിക്കന്‍ നീതിന്യായ വകുപ്പ്, എഫ്.ബി.ഐ., കനേഡിയന്‍ പോലീസ്, സ്പാനിഷ് ഗാര്‍ഡിയ സിവില്‍ എന്നിവ സംയുക്തമായി ഈ വമ്പന്‍ ഓപ്പറേഷന്‍ നടപ്പാക്കിയത്. ഒരു വർഷക്കാലത്തെ ഫെഡറൽ അന്വേഷണത്തിന്റെ ഫലമായാണ് അറസ്റ്റ് നടന്നതെന്ന് ലോസ് ഏഞ്ചൽസിലെ ഫെഡറൽ പ്രോസിക്യൂട്ടർമാർ പറഞ്ഞു. ആകെ 37 പേര്‍ക്കെതിരെ അമേരിക്കന്‍ ഫെഡറല്‍ പ്രോസിക്യൂട്ടര്‍മാര്‍ കുറ്റപത്രം സമര്‍പ്പിച്ചു.
"മയക്കുമരുന്ന്, അക്രമം എന്നിവ പ്രചരിപ്പിക്കുന്ന രാജ്യാന്തര ക്രിമിനൽ സംഘങ്ങൾ നീതിയുടെയും ഫെഡറൽ സർക്കാരിന്റെയും പൂർണ്ണ ശക്തിയെ നേരിടേണ്ടിവരും," ഫസ്റ്റ് അസിസ്റ്റന്റ് യുണൈറ്റഡ് സ്റ്റേറ്റ്സ് അറ്റോർണി ബിൽ എസ്സെലി പ്രസ്താവനയിൽ പറഞ്ഞു. വാൻകൂവറിൽ നിന്ന് ഏകദേശം 30 കിലോമീറ്റർ (18 മൈൽ) കിഴക്കുള്ള സറേയിലെ ഗുരു നാനാക്ക് സിഖ് ഗുരുദ്വാരയിലെ തിരക്കേറിയ കാർ പാർക്കിൽ വെച്ചാണ് മൂന്ന് വർഷം മുമ്പ് മുഖംമൂടി ധരിച്ച രണ്ട് തോക്കുധാരികൾ നിജ്ജാറിനെ (45) തന്റെ വാഹനത്തിൽവെച്ച് വെടിവച്ചു കൊന്നത്.
ഇന്ത്യയിലെ ജയിലില്‍ കഴിയുന്ന 33-കാരനായ ലോറന്‍സ് ബിഷ്ണോയി, ഫോണുകളും എന്‍ക്രിപ്റ്റഡ് ഇന്റര്‍നെറ്റ് സംവിധാനങ്ങളും ഉപയോഗിച്ച് ജയിലിനുള്ളില്‍ നിന്ന് അന്താരാഷ്ട്ര ക്രിമിനല്‍ ശൃംഖലയെ നിയന്ത്രിക്കുകയായിരുന്നുവെന്ന് അമേരിക്കന്‍ ഫെഡറല്‍ പ്രോസിക്യൂട്ടര്‍മാര്‍ വ്യക്തമാക്കുന്നു.
ലോറൻസ് ബിഷ്ണോയി അടക്കമുള്ള ഇന്ത്യൻ സംഘടിത ഗ്രൂപ്പുകളുടെ കുറ്റകൃത്യം: 24 പേരെ അറസ്റ്റ് ചെയ്ത് യുഎസ് പ്രോസിക്യൂട്ടർമാർ
